Quantcast

ഉത്തർപ്രദേശിൽ ഫക്കീറുമാരെ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ചു; ഏത്തമിടീക്കലും മർദനവും

സന്ന്യാസിമാരുടെ വസ്ത്രം ധരിച്ച് ബിരിയാണി കഴിക്കുന്നവരാണ് ഇവരെന്ന് പുറത്തുവന്ന വിഡിയോയിൽ അക്രമികളിൽ ഒരാൾ പറയുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    9 Jun 2022 11:02 AM GMT

ഉത്തർപ്രദേശിൽ ഫക്കീറുമാരെ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ചു; ഏത്തമിടീക്കലും മർദനവും
X

ലഖ്‌നൗ: ഉത്തർപ്രദേശിൽ മുസ്‌ലിം അവധൂതന്മാരായ ഫക്കീറുമാർക്ക് മർദനവും ഭീഷണിയും. മൂന്നു ഫക്കീറുമാരെയാണ് ഉത്തർപ്രദേശിലെ ഗൊണ്ട ജില്ലയിൽ ഒരു സംഘം ചേർന്ന് ഭീഷണിപ്പെടുത്തി 'ജയ് ശ്രീറാം' വിളിപ്പിക്കുകയും മര്‍ദിക്കുകയും ഏത്തമിടീക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഗൊണ്ടയിലെ ദേഗൂർ എന്ന ഗ്രാമത്തിലാണ് മൂന്ന് ഫക്കീറുമാരെ വടികളടക്കമുള്ള ആയുധങ്ങളുമായി ഒരു സംഘം ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിക്കുകയും മർദിക്കുകയും ചെയ്തത്. ഇവരെ പിന്തുടർന്ന അക്രമികൾ ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഫക്കീറുമാർ ആധാർ എടുത്തിട്ടില്ലെന്നു പറഞ്ഞപ്പോൾ ഭീകരവാദികളെന്നും ജിഹാദികളെന്നും വിളിച്ച് മർദനവും വധഭീഷണിയും ആരംഭിക്കുകയായിരുന്നു.

സന്ന്യാസിമാരുടെ വസ്ത്രമാണ് ധരിച്ചതെങ്കിലും ഈ പണം ഉപയോഗിച്ച് ഇവർ ബിരിയാണി കഴിക്കുമെന്ന് ഒരാൾ പുറത്തുവന്ന വിഡിയോയിൽ പറയുന്നുണ്ട്. ജീവനു വേണ്ടി യാചിച്ച ഫക്കീറുമാരോട് ഏത്തമിടാൻ കൽപിക്കുകയും ജയ് ശ്രീറാം വിളിക്കാൻ കൽപിക്കുകയും ചെയ്യുന്നതും കാണാം. ഇതിനിടെ ഒരാൾ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും ഇയാളെ തട്ടിമാറ്റിയും സംഘം മർദനം തുടരുകയായിരുന്നു.

ബി.ജെ.പി നേതാവിന്റെ പ്രവാചകനിന്ദാ പരാമർശത്തിൽ അറബ് ലോകത്തുനിന്നടക്കം അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ വിഡിയോ പുറത്തുവരുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ ശക്തമാകുകയാണെന്ന തരത്തിൽ കഴിഞ്ഞയാഴ്ച യു.എസ് വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. രാജ്യത്തെ ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങൾ ചൂണ്ടിക്കാട്ടി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും വിമർശിച്ചിരുന്നു.

Summary: Muslim fakirs harassed, called 'jihadis' and 'terrorists' and forced to chant 'jai shree ram' in Uttar Pradesh

TAGS :

Next Story