''വിഷമ സാഹചര്യത്തിൽ കോൺഗ്രസിനുള്ള പിന്തുണ ലീഗ് ആവർത്തിച്ചു പ്രഖ്യാപിക്കുന്നു''- സോണിയ ഗാന്ധിക്ക് സാദിഖലി തങ്ങളുടെ കത്ത്
മുസ്‌ലിം ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ ചേർന്നാണ് സോണിയയ്ക്ക് കത്ത് കൈമാറിയത്
ന്യൂഡൽഹി: ജനാധിപത്യ സംരക്ഷണത്തിന്റെ പാതയിൽ കോൺഗ്രസിന് പാർട്ടി ശക്തമായി പിന്തുണ നൽകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഉപദേശക സമിതി ചെയർമാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങൾ നൽകിയ കത്ത് മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. അബ്ദുസ്സമദ് സമദാനി എം.പി, നവാസ് ഗനി എം.പി എന്നിവർ സോണിയയ്ക്കു കൈമാറി.
കോൺഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്ന ഏറെ പ്രയാസകരമായ സാഹചര്യങ്ങളെ നേരിടാൻ ലീഗിന്റെ സമ്പൂർണമായ പിന്തുണ തങ്ങൾ അറിയിച്ചു. ''വിഷമ സാഹചര്യത്തിൽ കോൺഗ്രസിന് കൃത്യമായ പിന്തുണയും സഹകരണവും ആവർത്തിച്ചു പ്രഖ്യാപിക്കുന്നതിൽ ലീഗിന് സന്തോഷമേയുള്ളൂ. ഇന്ന് തങ്ങളുടെ കൈയിലുള്ള അധികാരശക്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അടക്കം ഉപയോഗപ്പെടുത്തി വളരെ നീചമായ വിധത്തിൽ ബി.ജെ.പി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ പ്രവർത്തനങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.''-കത്തിൽ പറയുന്നു.
''ഔദ്യോഗിക സംവിധാനങ്ങളത്രയും ബി.ജെ.പിയുടെ രാഷ്ട്രീയചട്ടുകമായി അവർ മാറ്റിയിട്ടുണ്ട്. ഇന്ന് നടക്കുന്ന കാര്യങ്ങൾ അത്രയും ബി.ജെ.പിയുടെ കുടിലമായ രാഷ്ട്രീയ ഒളിയജണ്ടകൾ നടപ്പാക്കുന്നതിന് വേണ്ടിയുള്ളതാണെന്നത് സത്യമാണ്. ഇന്ത്യയിലെ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും ഞെരിച്ചമർത്താനുള്ള ജോലിയാണ് അവർ ഏറ്റെടുത്തിട്ടുള്ളത്. രാജ്യത്തെ സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാർട്ടികളും തോളോടുതോൾ ചേർന്ന് ഈ ഫാസിസ്റ്റ് ചിന്താഗതിക്ക് എതിരായി ശക്തമായ രാഷ്ട്രീയചേരി ഉരുത്തിരിച്ചുവരേണ്ട കാലം അനിവാര്യമായ കാര്യമാണ്.''
പ്രതിപക്ഷത്തെ പൂർണമായും നിശബ്ദമാക്കുക, പത്രമാധ്യമങ്ങളുടെ വായ മൂടിക്കെട്ടുക എന്നിവയെല്ലാം അവർ ക്രൂരവിനോദമായി മാറ്റിയിട്ടുണ്ട്. ഈ നാടിനെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് അവർ തള്ളിക്കൊണ്ടുപോവുകയാണ്. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് എക്കാലത്തെയും പോലെ തീർച്ചയായും കൂടെയുണ്ടാകും-തങ്ങൾ കത്തിൽ അറിയിച്ചു.
ലീഗ് ഏതുകാലത്തും എടുത്തുപോരുന്ന നിലപാടിൽ സോണിയ ഗാന്ധി പ്രത്യേകം സന്തോഷം രേഖപ്പെടുത്തിയതായി നേതാക്കൾ പറഞ്ഞു. ഇത്തരം പ്രതിസന്ധി മറികടക്കുന്നതിൽ ലീഗിനെ പോലുള്ള ജനാധിപത്യ സംഘടനകൾ എടുക്കുന്ന സമീപനം കൂടുതൽ ആർജ്ജവം നൽകുന്നതാണെന്നുകൂടി അവർ വ്യക്തമാക്കി.
Summary: "Muslim League reiterates its support to Congress in this critical situation"; Syed Sadiqali Shihab Thangal writes to Sonia Gandhi
Adjust Story Font
16