മുസ്‍ലിം ലീഗ് ദേശീയ സമ്മേളനം നവംബര്‍ 16ന് ഡൽഹിയിൽ; 17ന് ദേശീയ കൗൺസിൽ
ഡൽഹിയിൽ സ്ഥാപിക്കുന്ന മുസ്‍ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്‍ററിന്‍റെ സോഫ്റ്റ് ലോഞ്ചിങ്ങും സമ്മേളനത്തിൽ നടക്കും
മലപ്പുറം: മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുള്ള ദേശീയ സമ്മേളനം നവംബര്‍ 16ന് ഡല്‍ഹിയില്‍ നടക്കും. ന്യൂഡൽഹി താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയമാണു സമ്മേളനത്തിനു വേദിയാകുക. ഡൽഹിയിൽ സ്ഥാപിക്കുന്ന മുസ്‍ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്‍ററിന്‍റെ സോഫ്റ്റ് ലോഞ്ചിങ്ങും സമ്മേളനത്തിൽ നടക്കും. 17നു ദേശീയ കൗൺസില്‍ ചേരാനും പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി(പി.എ.സി) അംഗങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തിൽ തീരുമാനമായി.
പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചായിരിക്കും ദേശീയ സമ്മേളനം സംഘടിപ്പിക്കുക. പരിപാടി ഉജ്ജ്വല വിജയമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പി.എ.സി യോഗം രൂപംനൽകി. രാവിലെ 10.30ന് ആരംഭിച്ച് വൈകീട്ട് ഏഴിനു സമാപിക്കുന്ന സമ്മേളനത്തിൽ ലീഗ് ദേശീയ നേതാക്കളെ കൂടാതെ മതേതര പ്രതിപക്ഷ ചേരിയിലെ മുതിർന്ന നേതാക്കളും പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ദേശീയതലത്തിൽ നടക്കുന്ന മെമ്പർഷിപ്പ് കാംപയിനിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടി നേടിയെടുത്ത സംഘടനാകരുത്ത് വിളിച്ചറിയിക്കുന്ന പ്രൗഢമായ സമ്മേളനമാണ് ഡൽഹിയിൽ നടക്കുക. രാജ്യവ്യാപകമായി പുരോഗമിക്കുന്ന മെമ്പർഷിപ്പ് പ്രവർത്തനത്തിൻ്റെ പുരോഗതി യോഗം വിലയിരുത്തി. കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ സംസ്ഥാനതല നേതൃയോഗങ്ങൾ പൂർത്തിയായി. ഒക്ടോബർ അവസാനത്തോടെ സംസ്ഥാന പ്രതിനിധി സമ്മേളനങ്ങൾ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഈ സമ്മേളനങ്ങൾ വഴി തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് നവംബര്‍ 16ന് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക. നേരത്തെ മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തീകരിച്ച കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും സംസ്ഥാന കമ്മിറ്റി വഴി തിരഞ്ഞെടുക്കപ്പെട്ട സംഘടനാ സാരഥികളാണ് ഡൽഹി സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുക.
നവംബര്‍ 17നു രാവിലെ 10.30ന് ദേശീയ കൗൺസിൽ ചേർന്നു വരുംകാലത്തേക്കുള്ള രാഷ്ട്രീയ പ്രമേയങ്ങൾക്ക് അംഗീകാരം നൽകും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയെ സജ്ജമാക്കാനുള്ള ചർച്ചകൾക്ക് ദ്വിദിന സമ്മേളനം വേദിയാകും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ തന്നെ ഭാവി നിർണയിക്കുന്നതാകുമെന്ന് യോഗം വിലയിരുത്തി.
പി.എ.സി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്‍റ് പ്രൊഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയ വിശകലനവും സംഘടനാ റിപ്പോർട്ടിങ്ങും നിർവഹിച്ചു. ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്‍റര്‍ ബിൽഡിങ് കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് കൺവീനർ കൂടിയായ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി അവതരിപ്പിച്ചു. ട്രഷറർ പി.വി അബ്ദുൾ വഹാബ് എം.പി, സീനിയർ വൈസ് പ്രസിഡന്‍റ് അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, അസി. സെക്രട്ടറിമാരായ സി.കെ സുബൈർ, എം.പി മുഹമ്മദ് കോയ, യൂത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു, ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്റഫലി, എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് പി.വി അഹമ്മദ് സാജു, ജനറൽ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് ഹർഷദ് എന്നിവർ സംസാരിച്ചു.
Summary: The national conference marking the conclusion of the Muslim League Platinum Jubilee celebrations will be held in Delhi on November 16.
Adjust Story Font
16