ബിജെപി അധിക്ഷേപം; ഡാനിഷ് അലി എം.പിക്ക് പിന്തുണയുമായി മുസ്‌ലിം ലീഗ്
ഇത് കേവലം വ്യക്തിക്കെതിരായ പരാമർശമല്ലെന്നും ഒരു സമുദായത്തെ മൊത്തം അപഹസിക്കുന്നതാണെന്നും നേതാക്കൾ പറഞ്ഞു.
ന്യൂഡൽഹി: പാർലമെന്റിൽ ബിജെപി എം.പി രമേശ് ബിധുരിയുടെ അധിക്ഷേപ പരാമർശത്തിനിരയായ ഡാനിഷ് അലിക്ക് പിന്തുണയുമായി മുസ്‌ലിം ലീഗ് പ്രധിനിധി സംഘം. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഒമറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡാനിഷ് അലിയെ സന്ദർശിച്ച് പിന്തുണ അറിയിച്ചത്.
മുസ്‌ലിം ലീഗ് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവർ ഫോണിലൂടെയും ഡാനിഷ് അലിക്ക് പിന്തുണ അറിയിച്ചു.
ഇത് കേവലം വ്യക്തിക്കെതിരായ പരാമർശമല്ലെന്നും ഒരു സമുദായത്തെ മൊത്തം അപഹസിക്കുന്നതാണെന്നും മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ. ഖാദർ മൊയ്‌തീൻ, ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എന്നിവർ അഭിപ്രായപ്പെട്ടു.
വിദ്വേഷ പരാമർശം ജനാതിപത്യഹത്യയാണ്. പരാമർശം നടത്തിയ ബിജെപി എം.പിക്കെതിരെ ലോക്സഭ സ്പീക്കർ നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പാർലമെന്റ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങൾ നടത്താൻ ബിജെപി നേതാക്കൾ മത്സരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
മുസ്‌ലിം ലീഗ് ഡൽഹി ജനറൽ സെക്രട്ടറി ഫൈസൽ ഷെയ്ഖ്, കെ.എം.സി.സി ജനറൽ സെക്രട്ടറി കെ കെ മുഹമ്മദ് ഹലീം, എം.എസ്.എഫ് ദേശീയ അധ്യക്ഷൻ പി.വി അഹമ്മദ് സാജു, പി അസ്ഹറുദ്ദീൻ എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ചന്ദ്രയാൻ വിക്ഷേപണവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് സൗത്ത് ഡൽഹി എം.പി രമേശ് ബിധുരി ബിഎസ്പി എം.പിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയത്.
Adjust Story Font
16