മീററ്റ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് ജയം
പതിറ്റാണ്ടുകൾക്ക് ശേഷമാണ് മീററ്റ് കോർപ്പറേഷനിലേക്ക് മുസ്‌ലിം ലീഗ് പ്രതിനിധി വിജയിക്കുന്നത്.
മീററ്റ്: ഉത്തർപ്രദേശ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മീററ്റിൽ മുസ്‌ലിം ലീഗിന് ജയം. പതിനായിരത്തോളം വോട്ടർമാരുള്ള വാർഡ് 83ൽ ലീഗ് സ്ഥാനാർഥിയായി മത്സരിച്ച റിസ് വാൻ അൻസാരി 400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബി.ജെ പി, സമാജ്‌വാദി പാർട്ടി, ബി.എസ്.പി അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെയൊക്കെ അട്ടിമറിച്ചാണ് കോണി ചിഹ്നത്തിൽ മത്സരിച്ച റിസ് വാന്റെ വിജയം. മീററ്റിൽ ഏഴ് വാർഡുകളിലാണ് മുസ്‌ലിം ലീഗ് മത്സരിച്ചത്.
പതിറ്റാണ്ടുകൾക്ക് ശേഷമാണ് മീററ്റ് കോർപ്പറേഷനിലേക്ക് മുസ്‌ലിം ലീഗ് പ്രതിനിധി വിജയിക്കുന്നത്. സജീവമായ രാഷ്ട്രീയ പ്രചാരണം നടത്തി പാർട്ടിചിഹ്നത്തിൽ നേടിയെടുത്ത വിജയം ഉത്തരേന്ത്യയിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ദേശീയ നേതൃത്വം. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ നേതാക്കളായ ഖുറം അനീസ് ഉമർ, ആസിഫ് അൻസാരി, ഷിബു മീരാൻ, സി.കെ ഷാക്കിർ, ഫൈസൽ ഗൂഡല്ലൂർ എന്നിവർ മീററ്റിൽ ക്യാമ്പ് ചെയ്താണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്, മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എന്നിവരും റിസ്‌വാൻ അൻസാരിയെയും പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാക്കളെയും അഭിനന്ദിച്ചു.
Adjust Story Font
16