16 വയസിനു മുകളിൽ പ്രായമുള്ള മുസ്‌ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം- പഞ്ചാബ് ഹൈക്കോടതി
ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടേതാണ് ഉത്തരവ്
ചണ്ഡിഗഢ്: 16 വയസിനു മുകളിൽ പ്രായമുള്ള മുസ്‌ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടേതാണ് ഉത്തരവ്.
കുടുംബത്തിൽനിന്ന് ഭീഷണി നേരിടുന്നതിനാൽ തങ്ങളുടെ ജീവനു സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സ്വദേശിയായ 21കാരനും 16കാരിയായ ഭാര്യയും ചേർന്നുനൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും ഈ മാസം എട്ടിനാണ് വിവാഹിതരായത്. ഇസ്‌ലാമിക മതാചാരപ്രകാരമായിരുന്നു വിവാഹമെങ്കിലും ഇവരുടെ കുടുംബങ്ങൾ എതിർപ്പുമായി രംഗത്തെത്തി. തുടർന്നാണ് കുടുംബത്തിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചത്.
മുസ്‌ലിം നിയമപ്രകാരം 15 വയസിൽ തന്നെ പ്രായപൂർത്തിയാകാമെന്ന് ദമ്പതികൾ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനുള്ള അവകാശമുണ്ട്. അതിൽ ഇടപെടാൻ രക്ഷിതാക്കൾക്ക് അവകാശമില്ലെന്നും ഇവർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
മുസ്‌ലിം പെൺകുട്ടിയുടെ വിവാഹം മുസ്‌ലിം വ്യക്തിനിയമം അനുസരിച്ചാണ് നടക്കുന്നതെന്ന് ജസ്റ്റിസ് ജസ്ജിത് സിങ് ചൂണ്ടിക്കാട്ടി. മുഹമ്മദൻ ലോ തത്വങ്ങളിലെ 195-ാമത് അനുച്ഛേദം പ്രകാരം 16 വയസുള്ള പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള അവകാശമുണ്ട്. യുവാവിന് 21ഉം വയസ് പ്രായമുണ്ട്. ഇതിനാൽ രണ്ടുപേരും വിവാഹപ്രായം എത്തിയവരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Summary: The bench of Justice Jasjit Singh Bedi of the Punjab and Haryana High Court has held that a Muslim girl over 16 years of age is competent to enter into a contract of marriage with a person of her choice
Adjust Story Font
16