Quantcast

മുസ്‌ലിം സംവരണം ഭരണഘടനാ വിരുദ്ധം; കർണാടക സർക്കാർ സുപ്രിംകോടതിയിൽ

മുസ്‌ലിം സംവരണം പൂർണമായി ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    26 April 2023 9:58 AM GMT

Muslim reservation unconstitutional: Karnataka govt to SC
X

ന്യൂഡൽഹി: മതത്തിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിംകൾക്ക് മാത്രം സംവരണം ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് കർണാടക സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. മുസ്‌ലിം സംവരണം ഭരണഘടനയുടെ 14,15,16 ആർട്ടിക്കിളുകൾക്കും സാമൂഹിക നീതിയുടെയും മതേതരത്വത്തിന്റെയും അടിസ്ഥാന തത്വങ്ങൾക്കും എതിരാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. മുസ്‌ലിംകളെ ഒ.ബി.സി വിഭാഗത്തിൽനിന്ന് ഒഴിവാക്കിയതിനെതിരെ സമർപ്പിക്കപ്പെട്ട ഹരജികൾ കോടതി പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

കർണാടകയിൽ മുസ്‌ലിം സമുദായത്തിന് നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയ ബി.ജെ.പി സർക്കാർ രണ്ട് ശതമാനം വീതം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ചുനൽകുകയായിരുന്നു.

''പ്രത്യേക ജാതി വിഭാഗങ്ങളെയാണ് ബി.ആർ അംബേദ്കർ പിന്നാക്ക വിഭാഗമെന്ന് വിശേഷിപ്പിച്ചത്. ചരിത്രപരമായ കാരണങ്ങളാൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുകയും വിവേചനം നേരിടേണ്ടി വരികയും ചെയ്ത വിഭാഗങ്ങളെയാണ് പിന്നാക്ക വിഭാഗമായി കണക്കാക്കുന്നത്. ഒരു മതവിഭാഗത്തെ മുഴുവൻ അത്തരത്തിൽ കാണാനാവില്ല''-സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥ മാറ്റിയെടുക്കാൻ സംസ്ഥാന സർക്കാർ കൃത്യമായ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

മുസ്‌ലിം സംവരണം പൂർണമായി ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഉണ്ടാവരുതെന്നാണ് തങ്ങൾ വിശ്വസിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ വീഴാതെ മുസ്‌ലിം സംവരണം ഇല്ലാതാക്കിയ ബി.ജെ.പി സർക്കാർ എസ്.സി, എസ്.ടി, വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങളുടെ സംവരണ ക്വാട്ട വർധിപ്പിച്ചെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.

TAGS :

Next Story