Quantcast

മുസ്‌ലിം സമുദായത്തിന്റെ മുന്നേറ്റത്തിന് വിദ്യാഭ്യാസം അനിവാര്യം; ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരോടും വിവേചനം കാണിക്കരുത്: നിതിൻ ഗഡ്കരി

ഒരാൾ തന്റെ ജാതിക്കും മതത്തിനും ഭാഷക്കും പുറത്തേക്ക് വളരുമ്പോഴാണ് അവർ മഹാൻമാരാകുന്നത് എന്ന എപിജെ അബ്ദുൽ കലാമിന്റെ വാക്കുകൾ എല്ലാവരും ഉൾക്കൊള്ളണമെന്നും ഗഡ്കരി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    21 March 2025 11:13 AM

Muslims need education the most, says Union Minister Nitin Gadkari
X

നാഗ്പൂർ: മുസ്‌ലിം സമുദായത്തിന്റെ മുന്നേറ്റത്തിനും ഉയർച്ചക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ആണിക്കല്ല് വിദ്യാഭ്യാസമാണ്. മുസ്‌ലിം സമുദായം വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി പറഞ്ഞു. നാഗ്പൂരിൽ സെൻട്രൽ ഇന്ത്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി.

''ദൗർഭാഗ്യവശാൽ ചായക്കട, പാൻ ഷോപ്പ്, സ്‌ക്രാപ്പ് ബിസിനസ്, ട്രക്ക് ഡ്രൈവിങ്, ക്ലീനിങ് തുടങ്ങിയ ജോലികൾ ചെയ്യുന്നതിനാണ് മുസ്‌ലിംകൾ പ്രാധാന്യം നൽകുന്നത്. സമുദായത്തിൽ നിന്ന് എൻജിനീയർമാരും ഡോക്ടർമാരും ഐഎഎസ്, ഐപിഎസ് ഓഫീസർമാരും ഉണ്ടായാൽ മാത്രമേ സമൂഹത്തിൽ പുരോഗതി ഉണ്ടാവുകയുള്ളൂ. നൂറുതവണ പള്ളിയിൽ പോയി പ്രാർഥിച്ചാലും ശാസ്ത്രവും സാങ്കേതിക വിദ്യയും സ്വീകരിക്കുന്നില്ലെങ്കിൽ നമ്മുടെ ഭാവി എന്താകും?''-മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ നേട്ടങ്ങൾ ഉദ്ധരിച്ച് ഗഡ്കരി ചോദിച്ചു.

മതം, ജാതി, ഭാഷ, ലിംഗം തുടങ്ങി ഒന്നിന്റെയും പേരിൽ ആരോടും വിവേചനം കാണിക്കരുതെന്നും ഗഡ്കരി പറഞ്ഞു. ജാതി പറയുന്നത് ആരായാലും താൻ ശക്തമായി എതിർക്കും. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ വംശത്തിന്റെയോ പേരിൽ ആരും വലുതാവുന്നില്ല. അവരുടെ അറിവിനും യോഗ്യതക്കുമാണ് പ്രാധാന്യമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.

''ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ ഭാഷയുടെയോ പേരിൽ നമ്മൾ ആരോടും വിവേചനം കാണിക്കരുത്. രാഷ്ട്രീയത്തിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്, പക്ഷേ ഞാൻ എന്റെ വഴിക്ക് പോകുന്നു. ആരെങ്കിലും എനിക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചെയ്യാം, ആർക്കെങ്കിലും അതിന് താത്പര്യമില്ലെൽ അങ്ങനെ ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ നിലപാട് സ്വീകരിക്കുന്നതെന്ന് എന്റെ സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. ഒരു തെരഞ്ഞെടുപ്പിൽ തോൽക്കുന്നതുകൊണ്ട് ആരും അവസാനിക്കാൻ പോകുന്നില്ല എന്നാണ് ഞാൻ അവരോട് പറയാറുള്ളത്. എന്റെ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഞാൻ തയ്യാറല്ല. വ്യക്തിപരമായ ജീവിതത്തിൽ അത് പിന്തുടരും''-ഗഡ്കരി പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് നിയമസഭാംഗമായിരുന്ന കാലത്ത് മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനത്തിൽ എൻജിനീയറിങ് കോളജ് തുടങ്ങാൻ സഹായിച്ചിരുന്നുവെന്നും തന്റെ ഈ തീരുമാനം ചോദ്യം ചെയ്യപ്പെട്ടിരുന്നുവെന്നും ഗഡ്കരി ഓർമിച്ചു. ഒരാൾ തന്റെ ജാതിക്കും മതത്തിനും ഭാഷക്കും പുറത്തേക്ക് വളരുമ്പോഴാണ് അവർ മഹാൻമാരാകുന്നത് എന്ന എപിജെ അബ്ദുൽ കലാമിന്റെ വാക്കുകൾ ലോകത്ത് എല്ലാവരിലേക്കും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story