ഉത്തരാഖണ്ഡിൽ റമദാനിലെ തറാവീഹ് നിസ്കാരം തടസപ്പെടുത്തി ഇമാമടക്കമുള്ളവരെ ആക്രമിച്ച് ബജ്രംഗ്ദൾ; സ്വകാര്യസ്ഥലം സീൽ ചെയ്ത് മജിസ്ട്രേറ്റ്
ആക്രമണ സമയത്ത് പൊലീസ് നിശബ്ദത പാലിച്ചെന്നും മുകേഷ് ഭട്ട് എന്നയാളുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വവാദികളാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡെറാഡൂൺ: റമദാനിലെ തറാവീഹ് നിസ്കാരം തടസപ്പെടുത്തി വിശ്വാസികൾക്ക് നേരെ ആക്രമണമഴിച്ചുവിട്ട് ഹിന്ദുത്വവാദികൾ. ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിലെ സർന കോതിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംഘ്പരിവാർ സംഘടനയായ ബജ്ര്ഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. ഇമാമടക്കമുള്ളവർക്കാണ് മർദനമേറ്റത്.
അഭിഭാഷകനായ സഫർ സിദ്ദീഖിന്റെ വീട്ടിലാണ് തറാവീഹ് നിസ്കാരം നടന്നുവന്നിരുന്നത്. തിങ്കളാഴ്ച രാത്രി നിസ്കാരം നടന്നുകൊണ്ടിരിക്കവെ ഒരു കൂട്ടം ബജ്രംഗ്ദൾ പ്രവർത്തകരെത്തി ആക്രമിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 'അവർ 50-60 പേരുണ്ടായിരുന്നു. ഇമാമിനെ പോലും അവർ വെറുതെവിട്ടില്ല. എന്നെ മർദിക്കാൻ വന്നപ്പോൾ, ഞാനൊരു അഭിഭാഷകനാണെന്ന് അവരുടെ സംഘത്തിൽ നിന്നാരോ വിളിച്ചുപറഞ്ഞു. അതോടെ അവർ പിന്മാറി'- സിദ്ദീഖ് പറഞ്ഞു.
ആക്രമണ സമയത്ത് പൊലീസ് നിശബ്ദത പാലിച്ചെന്നും മുകേഷ് ഭട്ട് എന്നയാളുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വവാദികളാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആക്രമണത്തിൽ പ്രതിഷേധിച്ചും നീതി തേടിയും ഇമാമിന്റെയും അഭിഭാഷകനായ സിദ്ദീഖിന്റേയും നേതൃത്വത്തിലുള്ള വിശ്വാസി സംഘം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കേസെടുക്കാൻ തയാറായത്.
ഐപിസി 147 (കലാപമുണ്ടാക്കുക), 323 (മനഃപൂർവം മുറിവേൽപ്പിക്കുക), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് നനിതൽ സീനിയർ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് പറഞ്ഞു. എന്നാൽ, നമസ്‌കാരവുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ലോക്കൽ പൊലീസ് തന്നെ അറിയിച്ചതായി സിദ്ദിഖ് പറഞ്ഞു.
'സംഭവത്തിന് ഒരു ദിവസം മുമ്പ് (ഞായറാഴ്ച) എനിക്ക് പൊലീസിൽ നിന്ന് ഒരു കോൾ വന്നു. അവർ എന്നോട് പൊലീസ് സൂപ്രണ്ടിനെ കാണാൻ ആവശ്യപ്പെട്ടു'- സിദ്ദീഖ് വ്യക്തമാക്കി. അതേസമയം, പഞ്ചായത്ത് ഭൂമിയിലാണ് കെട്ടിടം നിർമിച്ചതെന്ന് ആരോപിച്ച് പ്രാർഥന നടത്തിയിരുന്ന കെട്ടിടത്തിന്റെ മൂന്ന് മുറികൾ സിറ്റി മജിസ്‌ട്രേറ്റ് സീൽ ചെയ്തതായി എസ്പി അറിയിച്ചു.
എന്നാൽ ഇത് തന്റെ സ്വകാര്യ സ്വത്താണെന്ന് ഊന്നിപ്പറഞ്ഞ സിദ്ദീഖ്, കഴിഞ്ഞ 20 വർഷമായി പ്രദേശത്ത് പ്രാർഥനകൾ നടക്കുന്നുണ്ടെന്നും വ്യക്തമാക്കി. 'ഞങ്ങൾ പതിവായി നമസ്‌കരിക്കുന്ന ഇടമാണ് വീടിന്റെ താഴത്തെ നില. അഞ്ച് വർഷം മുമ്പ് ഞങ്ങൾ നിസ്‌കരിക്കുന്നതിനോട് ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ആ സമയത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കി. ശല്യമൊന്നുമില്ലാതെ പ്രാർഥന തുടർന്നു'- സിദ്ദിഖ് പറഞ്ഞു.
റമദാൻ ആരംഭിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ സംഭവമാണിത്. മാർച്ച് 25ന് ഉത്തർപ്രദേശിലെ മൊറാദാബാദിലെ കാഠ്ഘർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലജ്പുത് നഗറിലും ബജ്രംഗ്ദൾ സംഘം തറാവീഹ് നിസ്കാരം തടസപ്പെടുത്തിയിരുന്നു.
പ്രദേശത്തെ സാകിർ ഹുസൈൻ എന്നയാൾ തന്റെ വീട്ടിൽ മറ്റ് ചില മുസ്‌ലിംകൾക്കൊപ്പം തറാവീഹ് നിസ്കരിക്കുകയായിരുന്നു. ഈ സമയം, വിവരമറിഞ്ഞ് ഇവിടേക്ക് പാഞ്ഞെത്തിയ ബജ്രംഗ്ദൾ സംസ്ഥാന അധ്യക്ഷൻ രോഹൻ സക്സേനയും സംഘവും നിസ്കാരം തടയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. നഗരത്തിൽ പുതിയ രീതികൾ ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സക്‌സേന പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, സംഭവത്തിൽ ഹിന്ദുത്വവാദികളെ പിന്തുണയ്ക്കുന്ന സമീപനവും പ്രതികരണവുമാണ് പൊലീസിൽ നിന്നുണ്ടായത്. അവരോട് വീട്ടിൽ നിന്നും മാറി പള്ളികളിൽ പോയി നിസ്കരിക്കാൻ തങ്ങൾ ആവശ്യപ്പെട്ടതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. എന്നാൽ, എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥൻ നിഷേധാത്മക മറുപടിയാണ് നൽകിയത്.
Adjust Story Font
16