'യു.ഡി.എഫിന് അഞ്ച് ശതമാനം വോട്ട് കുറഞ്ഞു, ഞങ്ങൾക്ക് ഒരു ശതമാനത്തിന്റെ കുറവാണുണ്ടായത്'; അടിത്തറ ശക്തമെന്ന് എം.വി ഗോവിന്ദൻ
മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ചുള്ള ചോദ്യത്തിന് ആവശ്യമില്ലാത്ത വാക്കുകൾ പ്രയോഗിച്ച് വലിയ എന്തോ നടക്കാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിക്കേണ്ട എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടെങ്കിലും പാർട്ടിയുടെ അടിത്തറ ശക്തമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യു.ഡി.എഫിന്റെ വോട്ട് വിഹിതത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായി. എൽ.ഡി.എഫിന് ഒരു ശതമാനത്തിന്റെ കുറവാണുണ്ടായത്. തങ്ങളുടെ വോട്ട് അവിടെത്തന്നെയുണ്ട്. പാർട്ടിയുടെ അടിത്തറ ശക്തമായി തന്നെ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ 86,000 വോട്ട് കോൺഗ്രസിന് കുറഞ്ഞു. എൽ.ഡി.എഫിന് അവിടെ 6000 വോട്ട് കൂടുകയാണ് ചെയ്തത്. ആരുടെ വോട്ടാണ് ബി.ജെ.പിയെ വിജയിപ്പിച്ചതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. കോൺഗ്രസ് തൃശൂരിൽ പാലംവലിച്ചതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയുടെ മുഖത്തിന് ഒരു തകരാറുമില്ല. മുഖം നന്നായി മിനുങ്ങിത്തന്നെയാണുള്ളത്. മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ചുള്ള ചോദ്യത്തിന് ആവശ്യമില്ലാത്ത വാക്കുകൾ പ്രയോഗിച്ച് വലിയ എന്തോ നടക്കാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിക്കേണ്ട എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. വടകരയിൽ യു.ഡി.എഫ് അശ്ലീലവും വർഗീയതയും ഉപയോഗിച്ചു. ദേശീയതലത്തിൽ ഇൻഡ്യ സഖ്യത്തിൽ എല്ലാവരും ഒരുമിച്ചാണ് എന്നതും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16