മഹാരാഷ്ട്രയിൽ 125 സീറ്റുകളിൽ ധാരണയായി മഹാവികാസ് അഘാഡി സഖ്യം: തപ്പിത്തടഞ്ഞ് മഹായുതി സഖ്യം
ഏതൊക്കെ സീറ്റുകളിലാണ് ധാരണയായത് എന്ന് പുറത്തുവിട്ടിട്ടില്ല. 288 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ മഹാവികാസ് അഘാഡി (എംവിഎ) സഖ്യം 125 സീറ്റുകളിൽ ധാരണയായി. ബാക്കി 163 സീറ്റുകളിൽക്കൂടി ചർച്ചചെയ്ത് ധാരണയിലെത്തുമെന്ന് കോൺഗ്രസ് നേതാവും നിയമസഭാ പ്രതിപക്ഷ നേതാവുമായ വിജയ് വദെറ്റിവാര്‍ പറഞ്ഞു. ഏതൊക്കെ സീറ്റുകളിലാണ് ധാരണയായത് എന്ന് പുറത്തുവിട്ടിട്ടില്ല. 288 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.
അതേസമയം സീറ്റ് പങ്കിടല്‍ ഫോർമുല കണ്ടെത്താൻ പാടുപെടുകയാണ് ഭരണകക്ഷിയായ മഹായുതി സഖ്യം. ബിജെപി 150 സീറ്റുകളില്‍ കണ്ണുവെക്കുമ്പോള്‍ ശിവസേനയ്ക്ക് 90 സീറ്റുകളും എൻസിപിക്ക് 70 സീറ്റുകളുമാണ് വേണ്ടത്. ശിവസേന 100 എണ്ണം ആവശ്യപ്പെടുന്നുമുണ്ട്. ഒരാള്‍ വിട്ടുവീഴ്ച ചെയ്യാതെ ഇങ്ങനെയൊരു ഫോര്‍മുല സാധ്യമാകില്ല. വിട്ടുവീഴ്ചക്ക് ആരും തയ്യാറാകുന്നുമില്ല.
എംവിഎ സഖ്യം നല്ല ആത്മവിശ്വാസത്തിലാണെന്ന് വദെറ്റിവാര്‍ വ്യക്തമാക്കി. 'ആഭ്യന്തരമായും അല്ലാതെയും നടത്തിയ സർവേ ഫലം ''എംവിഎയുടെ മുന്നേറ്റമാണ് കാണിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം സഖ്യം ആവർത്തിക്കും. ചിലപ്പോൾ അതിനെക്കാൾ മെച്ചപ്പെട്ട ഫലമായിരിക്കും പുറത്തുവരുക. ജനവിരുദ്ധമായ മഹായുതി സർക്കാരിനെ പുറത്താക്കാൻ ജനങ്ങൾ ഒരവസരം കാത്തിരിക്കുകയാണ്. കർഷകർക്കും ജനങ്ങൾക്കുംവേണ്ടി പ്രവർത്തിക്കുന്ന സർക്കാരിനെ അധികാരത്തിലേറ്റാൻ കാത്തിരിക്കുകയാണവർ'' -വദെറ്റിവാര്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഞങ്ങൾ നേരിട്ട പ്രധാന പ്രശ്‌നങ്ങളിലൊന്ന് സീറ്റ് വിഭജനം നീണ്ടുനിന്നതാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കില്ലെന്നും ശിവസേന നേതാവ്( ഉദ്ധവ് വിഭാഗം) പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ 110 സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ലോക്‌സഭയിലേക്ക് മത്സരിച്ച 18 സീറ്റുകളിൽ 13 എണ്ണത്തിൽ കോൺഗ്രസ് വിജയിച്ചിരുന്നു. കോൺഗ്രസിനെപ്പോലെതന്നെ എൻ.സി.പി.യും 110 സീറ്റുകളാണ് ആവശ്യപ്പെടുന്നത്. 100 സീറ്റികളിലധികം ശിവസേന ഉദ്ധവ് പക്ഷവും ആവശ്യപ്പെടുന്നുണ്ട്. ഗണേശോത്സവത്തിന് ശേഷമാണ് സീറ്റു ചർച്ചകൾ പുനരാരംഭിക്കുക.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹരിയാനക്കൊപ്പം പ്രഖ്യാപിക്കേണ്ട തെരഞ്ഞെടുപ്പാണ് നീണ്ടുപോകുന്നത്. മഴയടക്കമുള്ള കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതെങ്കില്‍ 'ബിജെപിയുടെ കളിയാണ്' പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അതേസമയം ലോക്സഭാഫലം വച്ചു നോക്കിയാൽ 150ലേറെ മണ്ഡലങ്ങളിൽ ' ഇന്‍ഡ്യ' സഖ്യത്തിനാണ് മേല്‍ക്കൈ. കോണ്‍ഗ്രസ്, ഉദ്ധവ് വിഭാഗം ശിവസേന, ശരദ് പവാറിന്റെ എന്‍.സി.പി എന്നിവരാണ് മഹാവികാസ് അഘാഡി സഖ്യത്തിലെ പാര്‍ട്ടികള്‍. ബിജെപി, ശിവസേന( ഷിന്‍ഡെ വിഭാഗം) എന്‍സിപി ( അജിത് പവാര്‍ വിഭാഗം) എന്നിവരാണ് മഹായുതി സഖ്യത്തിലുള്ളത്.
Adjust Story Font
16