"എല്ലാം ഭാര്യയുടെ മഹത്വം"; ഋഷി സുനകിനെ പ്രധാനമന്ത്രിയാക്കിയത് തന്റെ മകളെന്ന് സുധാ മൂർത്തി
ഋഷിയുടെ ഭക്ഷണക്രമത്തിൽ പോലും സ്വാധീനം ചെലുത്താൻ അക്ഷതക്ക് സാധിച്ചുവെന്നും സുധാ മൂർത്തി
ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഏഷ്യൻ വംശജൻ, ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി... യുകെയുടെ പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേൽക്കുമ്പോൾ നിരവധി വിശേഷങ്ങളാണ് ഉണ്ടായിരുന്നത്. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ഋഷി സുനക് തന്റെ 42ആം വയസിലാണ് ബ്രിട്ടന്റെ 57ആം പ്രധാനമന്ത്രിയായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴാണ് ഋഷി സുനക് ബ്രിട്ടന്റെ തലപ്പത്തേക്ക് എത്തുന്നത്. അധികാരമേറ്റത് മുതൽ നിരന്തരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയായി ഋഷി സുനകിനെ തിരഞ്ഞെടുത്തത് മുതൽ അദ്ദേഹത്തിന്റെ ഭാര്യ അക്ഷത മൂർത്തിയും മാധ്യമശ്രദ്ധ നേടിയിരുന്നു. ബഹുരാഷ്ട്രകമ്പനിയായ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളായ അക്ഷതയുടെ സമ്പത്തും ഓഹരികളും ഇടയ്ക്ക് മാധ്യമചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, മറ്റൊരു ചർച്ചക്ക് ഇടംനൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അക്ഷതയുടെ അമ്മ സുധാ മൂർത്തി.
ഋഷി സുനകിനെ യുകെയുടെ പ്രധാനമന്ത്രിയാക്കിയത് തന്റെ മകളാണെന്നാണ് സുധാ മൂർത്തിയുടെ പ്രസ്താവന. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ സുധാ മൂർത്തി പറഞ്ഞ വാക്കുകൾ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ മകൾ കാരണം ഋഷി സുനക് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മാറിയെന്നാണ് സുധാ മൂർത്തിയുടെ അവകാശവാദം.
"ഭാര്യയുടെ മഹത്വമാണ് കാരണം. ഒരു ഭാര്യക്ക് ഭർത്താവിനെ എങ്ങനെയൊക്കെ മാറ്റാൻ കഴിയുമെന്ന് നോക്കൂ. ഞാൻ എന്റെ ഭർത്താവിനെ ബിസിനസുകാരനാക്കി, എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി" സുധ പറഞ്ഞു. ഋഷിയുടെ ഭക്ഷണക്രമത്തിൽ പോലും സ്വാധീനം ചെലുത്താൻ അക്ഷതക്ക് സാധിച്ചുവെന്നും സുധാ മൂർത്തി വീഡിയോയിൽ പറയുന്നു. എല്ലാ വ്യാഴാഴ്ചയും വ്രതം അനുഷ്ഠിക്കുന്ന ഒരു പാരമ്പര്യം തങ്ങളുടെ കുടുംബം പിന്തുടരുന്നുണ്ടെന്ന് സുധാ മൂർത്തി പറഞ്ഞു.
"ഇൻഫോസിസ് തുടങ്ങിയത് വ്യാഴാഴ്ചയാണ്. ഞങ്ങളുടെ മരുമകൻ അവരുടെ പൂർവ്വികരുടെ കാലം മുതൽ 150 വർഷമായി ഇംഗ്ലണ്ടിലാണ്, പക്ഷേ അവർ വളരെ മതവിശ്വാസികളാണ്.വിവാഹം കഴിഞ്ഞിട്ട് എന്തിനാണ് നിങ്ങൾ വ്യാഴാഴ്ച ഉപവസിക്കുന്നതെന്ന് ഋഷി ചോദിച്ചിരുന്നു. കാര്യം അറിഞ്ഞത് മുതൽ ഋഷിയും വ്യാഴാഴ്ച വ്രതമെടുക്കാൻ തുടങ്ങി"; സുധാ മൂർത്തി പറഞ്ഞു.
2009ലാണ് അക്ഷതയെ ഋഷി സുനക് വിവാഹം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരിൽ ഒരാളുടെ മകളും ഏകദേശം 730 മില്യൺ പൗണ്ട് ആസ്തിയുമുള്ള വ്യക്തിയാണ് അക്ഷത. അക്ഷത മൂർത്തിയുടെ പിതാവ് നാരായണ മൂർത്തി ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിലൊരാളാണ്. അതിസമ്പന്നയായ അക്ഷതക്ക് അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനെക്കാൾ സമ്പത്തുണ്ടെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇൻഫോസിസ് അക്ഷിതക്ക് 2022ൽ ലാഭവിഹിതമായി നൽകിയത് 126.61 കൂടിയാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
അതേസമയം, ഋഷി സുനകും ഭാര്യയും കഴിഞ്ഞ നാല് വർഷമായി ആവർത്തിച്ചുള്ള നികുതി പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിയുടെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഋഷി സുനക്കിനെതിരെ ബ്രിട്ടീഷ് പാർലമെന്‍റ് സമിതി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ബജറ്റിലുണ്ടായ നയപരമായ മാറ്റങ്ങള്‍ ശിശുസംരക്ഷണ ഏജൻസിക്ക് പ്രയോജനം നല്‍കുന്നതാണെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ പാർട്ടിയടക്കം അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടർന്നാണ് പാർലമെന്‍റ് സമിതി അന്വേഷണം നടത്താൻ തീരുമാനിച്ചത്.
അക്ഷത ഇപ്പോഴും ഇന്ത്യൻ പൗരയാണ്. പൗരന്മാരല്ലാത്തവർക്ക് വിദേശത്ത് നിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ലെന്നാണ് ബ്രിട്ടനിലെ നിയമം. ഋഷി സുനക് ബ്രിട്ടനില്‍ ധനമന്ത്രിയായിരിക്കെ ഇക്കാര്യം വിവാദമായിരുന്നു. എന്നാല്‍ എല്ലാ വരുമാനങ്ങൾക്കും ബ്രിട്ടണിൽ നികുതിയടക്കുമെന്ന് അക്ഷത പറഞ്ഞതായി നേരത്തെ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തിരുന്നു.
Adjust Story Font
16