മൈസൂരു കൂട്ടബലാത്സംഗക്കേസ്; പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കും
കേസിൽ ഇരയുടെ മൊഴി ഇതുവരെ ലഭിച്ചിട്ടിട്ടില്ലാത്തതിനാൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമാവധി ശാസ്ത്രീയ തെളിവ് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം
മൈസൂരു കൂട്ടബലാത്സംഗക്കേസ് പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കും. കേസിൽ ഇരയുടെ മൊഴി ഇതുവരെ ലഭിച്ചിട്ടിട്ടില്ലാത്തതിനാൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമാവധി ശാസ്ത്രീയ തെളിവ് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പായി ബ്രെയിൻ മാപ്പിങ്, ശബ്ദ വിശകലനം എന്നിവയടക്കമുള്ള പരമാവധി സാധ്യതകൾ ഇതിനായി പ്രയോജനപ്പെടുത്തും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മൈസൂരുവിലെ ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാന്‍ സുഹൃത്തിനൊപ്പം പോയ എം.ബി.എ വിദ്യാര്‍ഥിനിയെ ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്. സഹപാഠിയെ മര്‍ദിച്ച് അവശനാക്കിയ ശേഷം സംഘം പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന് ആറുമണിക്കൂറിന് ശേഷം ഇരുവരും പ്രധാന റോഡിലേക്ക് പ്രയാസപ്പെട്ട് നടന്നെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് വിദ്യാര്‍ഥികളെ അവശനിലയില്‍ കണ്ട ചില യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നാണ് പ്രതികള്‍ അറസ്റ്റിലായത്. ഇവര്‍ സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. സംഘത്തിലെ ആറാമനു വേണ്ടി തെരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹപാഠി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Adjust Story Font
16