Quantcast

ട്വിസ്റ്റില്ല, ആർ.എസ്.എസ് ഫോർമുലയും സ്വീകരിച്ചില്ല; മണിപ്പൂരിൽ വീണ്ടും ബിരേൻ സിങ്

ബിരേൻ സിങ്ങിനും ബിശ്വജിത് സിങ്ങിനുമിടയിലുള്ള അധികാരത്തർക്കം പരിഹരിക്കാനായി യുംനം ഖേംചന്ദ് എന്ന മറ്റൊരു പേര് ആർ.എസ്.എസ് മുന്നോട്ടുവച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-03-20 15:39:06.0

Published:

20 March 2022 12:37 PM GMT

ട്വിസ്റ്റില്ല, ആർ.എസ്.എസ് ഫോർമുലയും സ്വീകരിച്ചില്ല; മണിപ്പൂരിൽ വീണ്ടും ബിരേൻ സിങ്
X

മണിപ്പൂരിൽ സസ്‌പെൻസുകൾക്ക് അന്ത്യം. മുഖ്യമന്ത്രിയായി എൻ. ബിരേൻ സിങ്ങിന് രണ്ടാമൂഴം. മുതിർന്ന നേതാവ് ബിശ്വജിത് സിങ്ങിന്റെ പേര് സജീവമായി ഉയർന്നുകേട്ടിരുന്നെങ്കിലും എല്ലാ പ്രചാരണങ്ങൾക്കും അറുതിവരുത്തിയാണ് ബി.ജെ.പി നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അതേസമയം, ബിരേൻ സിങ്ങിനും ബിശ്വജിത് സിങ്ങിനുമിടയിലുള്ള അധികാരത്തർക്കം പരിഹരിക്കാനായി യുംനം ഖേംചന്ദ് എന്ന ആർ.എസ്.എസ് നിർദേശം സ്വീകരിക്കാതെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം.

ബിശ്വജിത് സിങ്ങിനെയും ബിരേൻ സിങ്ങിനെയും യുംനം ഖേംചന്ദിനെയും കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇവരോട് വെവ്വേറെ ചർച്ച നടത്തിയ ശേഷം ഔദ്യോഗിക പ്രഖ്യാപനത്തിനായി കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനെയും കിരൺ റിജിജുവിനെയും ഇന്ന് മണിപ്പൂരിലേക്ക് അയക്കുകയായിരുന്നു. ഇരുനേതാക്കളും ചേർന്നാണ് ബിരേൻ സിങ്ങിന്റെ പേര് പുറത്തുവിട്ടത്.

ബിരേൻ സിങ്, ബിശ്വജിത് സിങ്, യുംനം ഖേംചന്ദ് എന്നിങ്ങനെ മുതിർന്ന നേതാക്കൾ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തെത്തിയതോടെയാണ് ആർ.എസ്.എസ് മറ്റൊരു പേര് മുന്നോട്ടുവച്ചത്. കാര്യമായി പ്രതീക്ഷിക്കപ്പെടാതിരുന്ന പേരായിരുന്നു യുംനം കേംചന്ദിന്റേത്. പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാൽ, ഈ ഫോർമുലയും സ്വീകരിക്കാതെ ബി.ജെ.പി നേതാക്കൾ ബിരേൻ സിങ്ങിനെ തന്നെ വിശ്വസിക്കുകയായിരുന്നു.

മുൻ ഫുട്‌ബോൾ താരം; കോൺഗ്രസിൽനിന്നുള്ള കൂടുമാറ്റത്തിന് വീണ്ടും അംഗീകാരം

ഇതാദ്യമായാണ് ബി.ജെ.പിക്ക് മണിപ്പൂരിൽ ഭരണത്തുടർച്ച ലഭിക്കുന്നത്. മുൻ ഫുട്‌ബോൾ താരവും മാധ്യമപ്രവർത്തകനുമായിരുന്ന ബിരേൻ സിങ്ങിന്റെ മുഖ്യമന്ത്രി പദവിയിലും രണ്ടാമൂഴം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ബിരേൻ സിങ് ആയിരുന്നു പ്രചാരണങ്ങൾ നയിച്ചത്.

ദീർഘകാലമായി മണിപ്പൂർ കോൺഗ്രസിന്റെ പ്രധാന മുഖങ്ങളിലൊരാളായിരുന്ന ബിരേൻ സിങ് 2016ലാണ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുന്നത്. 2017ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ മുതിർന്ന ബി.ജെ.പി നേതാവായിരുന്ന ബിശ്വജിത് സിങ്ങിന്റെ പേരായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായി ബിരേന് ബി.ജെ.പി ദേശീയ നേതൃത്വം മണിപ്പൂർ ഭരണം കൈമാറുകയായിരുന്നു. അന്നുതൊട്ട് ബിശ്വജിത് സിങ് പാർട്ടി നേതൃത്വത്തെ കടുത്ത അതൃപ്തിയുമയാി നിരന്തരം സമീപിക്കുന്നുണ്ട്. അതിനാൽ തന്നെ ഇത്തവണ ബിശ്വജിത്തിന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.

ഒറ്റയ്ക്ക് ഭരണം പിടിച്ചു; കോൺഗ്രസിനെ അപ്രസക്തമാക്കി മുന്നേറ്റം

60 അംഗ നിയമസഭയിൽ 32 സീറ്റ് നേടിയാണ് മണിപ്പൂരിൽ ബി.ജെ.പി ഭരണത്തുടർച്ച ഉറപ്പാക്കിയത്. കേവലഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടിയിരുന്നത്. കഴിഞ്ഞ തവണ പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ ഭരണം നേടിയെങ്കിലും ഇത്തവണ ആരുടെയും സഹായം വേണ്ടിവന്നില്ല.

2017ലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിനെ സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രസക്തമാക്കിയായിരുന്നു മണിപ്പൂരിലെ ബി.ജെ.പി വളർച്ച. കഴിഞ്ഞ തവണ 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറിയെങ്കിൽ ഇത്തവണ കേവല ഭൂരിപക്ഷത്തിനും അപ്പുറമാണ് ബി.ജെ.പിയുടെ വിജയം. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അടക്കം മിക്ക നേതാക്കളും വൻഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കോൺഗസിന് ഇത്തവണ രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. അഞ്ച് സീറ്റുമായി കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ ബി.ജെ.പി മുന്നേറ്റത്തിൽ അൽപമെങ്കിലും പിടിച്ചുനിന്നത് എൻ.പി.പി, എൻ.പി.എഫ്, ജനതാദൾ(യു) അടക്കമുള്ള ചെറുപാർട്ടികളാണ്. എൻ.പി.പി എട്ടും എൻ.പി.എഫ് അഞ്ചും സീറ്റ് നേടി.

Summary: N Biren Singh has been chosen as Manipur Chief Minister for a second time.

TAGS :

Next Story