ഓരോരുത്തർക്കും രണ്ടു കിലോ പോത്തിറച്ചി വീതം; കളിച്ചുല്ലസിച്ച് ചീറ്റകൾ
ശനിയാഴ്ചയാണ് നമീബയില്‍ നിന്ന് എട്ടുചീറ്റകളെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്കെത്തിച്ചത്
ഡൽഹി: നമീബയിൽ നിന്ന് ഇന്ത്യയിലേക്കെത്തിച്ച ചീറ്റകൾ ഇണങ്ങിത്തുടങ്ങിയെന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാന പരിപാലകർ. നരേന്ദ്രമോദിയുടെ ജന്മദിവസമായിരുന്നു എട്ടുചീറ്റകളെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്കെത്തിച്ചത്. ഇവർക്ക് ഞായറാഴ്ചയാണ് ആദ്യമായി ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങിയത്. ഇന്നലെ വൈകിട്ട് രണ്ടുകിലോ പോത്തിറച്ചി വീതമാണ് ചീറ്റകൾക്ക് നൽകിയത്. ഇതിൽ ഒരാളൊഴികെ ബാക്കി എല്ലാവരും ഭക്ഷണം കഴിച്ചതായി പരിപാലകർ അറിയിച്ചു. കഴിക്കാത്തതിൽ അസ്വാഭാവിക ഇല്ലെന്നും അധികൃതർ അറിയിച്ചു. സാധാരണ മൂന്നുദിവസത്തിലൊരിക്കലാണ് ചീറ്റകൾ ഭക്ഷണം കഴിക്കാറ്.
നമീബിയയിൽ നിന്നുള്ള 12 മണിക്കൂർ യാത്രയിൽ ചീറ്റകൾ നന്നായി ഉറങ്ങിയിരുന്നു. അതിനാൽ ശനിയാഴ്ച രാത്രി അവർ വളരെ കുറച്ച് മാത്രമേ ഉറങ്ങിയതെന്നും അധികൃതർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പുതിയ വനാന്തര അന്തരീക്ഷം അവർ ആസ്വദിക്കുന്നുണ്ട്. ഓരോ ശബ്ദവും അവർ ശ്രദ്ധയോടെ കേൾക്കുന്നുണ്ട്. അവർ പൊതുവെ ശാന്ത സ്വഭാവക്കാരാണെന്നും ഇവർ പറയുന്നു. അഞ്ച് ആൺ ചീറ്റകളേയും മൂന്ന് പെൺ ചീറ്റകളേയുമാണ് ഇന്ത്യയിലേക്കെത്തിച്ചത്. ഫ്രെഡി, ആൾട്ടൺ,വന്ന, സാഹ,ബാൻ, ആശ, സിബിലി, സൈസ എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ.
1952ൽ രാജ്യത്തുനിന്ന് അപ്രത്യക്ഷമായ ചീറ്റകൾ ഏഴു പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ മണ്ണു തൊടുന്നത്. ഗ്വാളിയോർ വിമാനത്താവളത്തിൽ എത്തിച്ച ഇവയെ കുനോയിലേക്ക് ഹെലികോപ്ടർ വഴിയാണ് കൊണ്ടുവന്നത്. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചീറ്റകളെ ദേശീയോദ്യാനത്തിൽ തുറന്നുവിട്ടത്.
Adjust Story Font
16