Quantcast

അഴിമതിക്കേസില്‍ നായിഡുവിന്‍റെ മകനെതിരെയും കേസ്

തുടര്‍ച്ചയായ കേസുകള്‍ ടിഡിപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    26 Sep 2023 7:52 AM GMT

nara lokesh
X

നാരാ ലോകേഷ്

ഹൈദരാബാദ്: അമരാവതി ഇന്നർ റിംഗ് റോഡ് അഴിമതി കേസിൽ ചന്ദ്രബാബു നായിഡുവിന്‍റെ മകനെതിരെയും കേസ്. ആന്ധ്ര സിഐഡി ആണ് നാരാ ലോകേഷിനെതിരെ കേസെടുത്തത്. ലോകേഷിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. തുടര്‍ച്ചയായ കേസുകള്‍ ടിഡിപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

അതിനിടെ ചന്ദ്രബാബു നായിഡുവിന്‍റെ ജാമ്യാപേക്ഷയും കസ്റ്റഡി ഹരജികളും പരിഗണിക്കുന്നത് മാറ്റിവച്ചു.ചന്ദ്രബാബുവിന് വേണ്ടി അഭിഭാഷകർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും എസിബി കോടതി വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റി. അതേസമയം കസ്റ്റഡി ഹരജിയിൽ ബുധനാഴ്ച തന്നെ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ ചന്ദ്രബാബു നായിഡുവിനെ സിഐഡി ഇതിനകം രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടാതെ വിവരങ്ങൾ അപൂർണ്ണമായതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡി 5 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹരജിയും നൽകിയിട്ടുണ്ട്.

കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നായിഡു സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.. അഴിമതി കേസ് റദ്ദാക്കണമെന്ന നായിഡുവിന്റെ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരമാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടിയാണ് നായിഡു ഹൈക്കോടതിയെ സമീപിച്ചത്.

ഈ മാസം 10നാണ് ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിൽ ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രാപ്രദേശ് സി.ഐ.ഡി വിഭാഗം നായിഡുവിനെ അറസ്റ്റ് ചെയ്തത്. നന്ദ്യാൽ ജില്ലയിലെ ഗാനപുരത്തുനിന്നാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത ചന്ദ്രബാബു നായിഡു രാജമുണ്ട്രി സെൻട്രൽ ജയിലിലാണ്.

TAGS :

Next Story