നരസിംഹ റാവുവാണ് 'ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രി': മണിശങ്കർ അയ്യർ
റാവുവിന്റെ മനസിൽ വിഭാഗീയതയായിരുന്നുവെന്നും അദ്ദേഹം മതേതര ഇന്ത്യയെ വർഗീയ പാതയിലേക്ക് നയിച്ചുവെന്നും മണിശങ്കർ അയ്യർ പറഞ്ഞു.
ന്യൂഡൽഹി: പി.വി നരസിംഹ റാവുവിനെ 'ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രി'യെന്ന് വിശേഷിപ്പിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ. തന്റെ ആത്മകഥയായ 'മെമ്മറീസ് ഓഫ് എ മെവറിക്: ദ ഫസ്റ്റ് ഫിഫ്റ്റി ഇയേഴ്‌സ് (1941-1991)' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ 'ദ വയറി'നോട് സംസാരിക്കുമ്പോഴായിരുന്നു മണിശങ്കർ അയ്യരുടെ പ്രതികരണം. റാവു വർഗീയവാദിയാണെന്നും അദ്ദേഹം ആരോപിച്ചു.
രാമേശ്വരത്ത് നിന്ന് അയോധ്യയിലേക്ക് രാം റഹീം യാത്ര നടത്താൻ ഒരുങ്ങിയഘട്ടത്തിൽ റാവുവുമായി നടത്തിയ സംഭാഷണം വിശദീകരിച്ചായിരുന്നു നരസിംഹ റാവുവിനെക്കുറിച്ച് അയ്യരുടെ പ്രതികരണം. യാത്രയോട് എതിർപ്പില്ലെന്ന് പറഞ്ഞ റാവു മതേതരത്വത്തെക്കുറിച്ചുള്ള തന്റെ നിർവചനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതൊരു ഹിന്ദുരാജ്യമാണെന്ന് താങ്കൾ മനസിലാക്കിയിട്ടില്ലെന്ന് തോന്നുന്നു എന്നായിരുന്നു റാവു പറഞ്ഞത്. ഇത് തന്നെയാണ് ബി.ജെ.പിയും പറയുന്നതെന്ന് താൻ മറുപടി നൽകിയെന്നും അയ്യർ പറഞ്ഞു.
ഇതൊരു ഹിന്ദു രാജ്യമല്ല. നമ്മുടേത് ഒരു മതേതര രാജ്യമാണ്, ഈ മതേതര രാജ്യത്ത് നമുക്ക് ഹിന്ദുക്കൾക്ക് വലിയ ഭൂരിപക്ഷമുണ്ട്, എന്നാൽ ഇവിടെ ഏകദേശം 200 ദശലക്ഷം മുസ് ലിംകളും മറ്റ് നിരവധി ക്രിസ്ത്യാനികളും ജൂതൻമാരും പാഴ്‌സികളും സിഖുകാരുമുണ്ട്. അപ്പോൾ നമ്മൾ എങ്ങനെ ഒരു ഹിന്ദു രാജ്യമാകും? നമുക്ക് ഒരു മതേതര രാജ്യമാകാൻ മാത്രമേ കഴിയൂ എന്ന താൻ മറുപടി പറഞ്ഞെന്നും അദ്ദേഹം വിശദീകരിച്ചു.
റാവുവിന്റെ മനസിൽ വിഭാഗീയതയായിരുന്നുവെന്നും അദ്ദേഹം മതേതര ഇന്ത്യയെ വർഗീയ പാതയിലേക്ക് നയിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. 1991 മുതൽ 1996 വരെ റാവു പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ബാബരി മസ്ജിദ് തകർക്കപ്പെട്ടത്. തുടർന്നുണ്ടായ വർഗീയ കലാപങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു-മണിശങ്കർ അയ്യർ പറഞ്ഞു.
Adjust Story Font
16