Quantcast

മോദി പോയിടത്തെല്ലാം ബി.ജെ.പി തോറ്റു-ഉദ്ദവ് താക്കറെ

ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും മമത ബാനർജിയുമെല്ലാം ഇൻഡ്യ സഖ്യത്തോടൊപ്പം നിൽക്കുമെന്നാണു പ്രതീക്ഷയെന്നും ഉദ്ദവ് താക്കറെ

MediaOne Logo

Web Desk

  • Published:

    5 Jun 2024 5:39 AM GMT

NarendraModi, BJP, UddhavThackeray, LokSabha2024, Elections2024, LokSabhaelectionresults2024
X

മുംബൈ: സാധാരണ ജനം അവരുടെ അധികാരം പ്രയോഗിച്ചതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമാകുന്നതെന്ന് ശിവസേന(യു.ബി.ടി) നേതാവ് ഉദ്ദവ് താക്കറെ. അതിരുകടന്ന് പ്രവർത്തിച്ചവരെയെല്ലാം അനിവാര്യമായ തോൽവി കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ സേന അംഗമായ മഹാവികാസ് അഘാഡി(എം.വി.എ)യുടെ ഗംഭീര പ്രകടനത്തിനു പിന്നാലെ സംസാരിക്കുകയായിരുന്നു ഉദ്ദവ്.

മോദി പോയിടത്തെല്ലാം ബി.ജെ.പി തോറ്റിരിക്കുകയാണ്. എന്റെ എല്ലാം കവർന്നെടുത്തു അവർ. എന്നാൽ, ഞാൻ നിലം വിടാതെ നിലയുറപ്പിച്ചു പ്രവര്‍ത്തിച്ചു. മോദി ചെയ്ത പോലെ ഭരണകക്ഷി എന്നെ ആക്രമിച്ചപ്പോഴൊന്നും ഞാൻ കരഞ്ഞില്ല. മോദിയുടെ പേരുപറഞ്ഞാണ് 2019ൽ ഞാൻ വിജയിച്ചതെന്നായിരുന്നു ആരോപണം. എന്നാൽ, മഹാരാഷ്ട്രയിൽ എന്റെ പിതാവിന്റെ ഫോട്ടോ വച്ച് കാംപയിൻ നടത്തിയത് മോദിയായിരുന്നുവെന്നും ഉദ്ദവ് താക്കറെ വിമർശിച്ചു.

ഇൻഡ്യ യോഗത്തിൽ പങ്കെടുക്കാനായി പാർട്ടി നേതാക്കളായ സഞ്ജയ് റാവത്തും അനിൽ ദേശായിയും അരവിന്ദ് സാവന്തും ഡൽഹിയിലേക്കു തിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇൻഡ്യ സഖ്യം സർക്കാർ രൂപീകരണത്തിന് അവകാശമുന്നയിക്കും. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. ഏകാധിപത്യ ഭരണകൂടം വാതിൽപ്പടിക്കല്‍ എത്തിനിൽക്കുകയാണ്. അവരെ ഇനി ചവിട്ടിപ്പുറത്താക്കണം. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും മമത ബാനർജിയുമെല്ലാം ഇൻഡ്യ സഖ്യത്തോടൊപ്പം ഒന്നിച്ചുനിൽക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ പാർട്ടിയുടെ പ്രകടനത്തിൽ ഉദ്ദവ് നിരാശ പരസ്യമാക്കി. സംസ്ഥാനത്ത് 48 സീറ്റും എം.വി.എ സഖ്യം പിടിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കൊങ്കൺ മേഖലയിലെ തോൽവിയെ കുറിച്ചു ചർച്ച ചെയ്യും. പാർട്ടി ചെറിയ മാർജിനിൽ തോറ്റ മണ്ഡലങ്ങളിൽ എന്തു സംഭവിച്ചുവെന്നു പരിശോധിക്കും. അമോർ കിർതികാർ പരാജയപ്പെട്ട മുംബൈ നോർത്ത് വെസ്റ്റിൽ റീ-ഇലക്ഷൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഉദ്ദവ് താക്കറെ അറിയിച്ചു.

Summary: 'Wherever Modi Went, BJP Lost Elections': Uddhav Thackeray

TAGS :

Next Story