'മോദി ശക്തനായിരിക്കാം എന്നാൽ ദൈവമല്ല.. ദൈവം ഞങ്ങൾക്കൊപ്പമാണ്': അരവിന്ദ് കെജ്രിവാൾ
തന്നെ ജയിലിലാക്കിയതിന് പിന്നില്‍ ഡൽഹി സർക്കാരിനെ ആപകീർത്തിപ്പെടുത്തുക എന്ന ബിജെപിയുടെ ലക്ഷ്യം
ന്യൂഡൽഹി: പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ രൂക്ഷപ്രതികരണം നടത്തി ഡൽഹി മുൻമുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. മോദി ശക്തനായിരിക്കാം എന്നാൽ ദൈവമല്ലെന്നും ജയിലിൽ നിന്നും പുറത്തിറങ്ങിയ തന്നെയും മനീഷ് സിസോദിയയേയും കണ്ടപ്പോൾ നിയമസഭയില്‍ പ്രതിപക്ഷത്തിരിക്കുന്ന ബിജെപി നേതാക്കൾ വിഷമിച്ചിരിക്കാമെന്നുമാണ് കെജ്രിവാൾ പറഞ്ഞത്.
'എന്നെയും മനീഷ് സിസോദിയയേയും ഇവിടെ കണ്ടതിൽ പ്രതിപക്ഷത്തിരിക്കുന്ന എന്റെ സഹപ്രവർത്തകർക്ക് സങ്കടം വന്നിരിക്കാം. ഞാനെപ്പോഴും പറയുന്നു പല മാർഗങ്ങളാൽ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ ശക്തനായ ആളായിരിക്കാം എന്നാൽ മോദി ദൈവമല്ല. ദൈവം ഞങ്ങൾക്കൊപ്പമാണ്. സുപ്രിംകോടതിയോട് നന്ദി പറയുന്നു.' എന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന.
എന്നാൽ ബിജെപി കാരണം സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ജനക്ഷേമപ്രവർത്തനങ്ങളെല്ലാം പുനരാരംഭിച്ചതായി കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി ഡൽഹിയിലെ ആംആദ്മി സർക്കാരിനെ ആപകീർത്തിപ്പെടുത്തുക എന്ന ബിജെപിയുടെ ലക്ഷ്യമായിരുന്നു തന്നെ ജയിലിലാക്കിയതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
'ബിജെപിയുടെ ഒരു മുതിർന്ന നേതാവിനെ ഞാൻ കണ്ടിരുന്നു. എന്നെ അറസ്റ്റ് ചെയ്തതിൽ നിന്നും എന്ത് നേടിയെന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചു. ഡൽഹി സർക്കാർ താളം തെറ്റിയെന്നും നഗരം മുഴുവൻ സ്തംഭിച്ചെന്നുമുള്ള അദ്ദേഹത്തിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു'വെന്നും കെജ്രിവാൾ പറഞ്ഞു.
'ജനത്തോട് പറയാനുള്ളത് ഇനി ഭയക്കേണ്ടതില്ല എന്നാണ്, ഞാനിവിടെയുണ്ട്. പാതിയിൽ നിലച്ച എല്ലാ പ്രവർത്തനങ്ങളും പുനരാരംഭിക്കും. ജയിലിലായിരുന്നപ്പോഴും പരിശ്രമത്തിലായിരുന്നു. ഡൽഹിയിലെ ജനതയുടെ പ്രശ്‌ന പരിഹാരങ്ങൾക്കായി ഞാനിവിടെയുണ്ടാകും' - കെജ്രിവാൾ പറഞ്ഞു.
ഡൽഹി മദ്യനയ അഴിമതികേസിൽ അഞ്ച് മാസം തിഹാർ ജയിലിൽ കഴിഞ്ഞ കെജ്രിവാൾ ഈ മാസം ആദ്യമാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പുറത്തിറങ്ങിയത്. പിന്നാലെ അദ്ദേഹം ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. പിന്നാലെ എഎപി നേതാവും കെജ്രിവാളിന്റെ മന്ത്രിസഭയിലെ അംഗവുമായിരുന്ന അതിഷി മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. കേസിൽ കെജ്രിവാളിന് പുറമെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജയിലിലായിരുന്നെങ്കിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു.
Adjust Story Font
16