Quantcast

'മോദി ഇന്ത്യയുടെ ധർമയുഗത്തിന്‍റെ നായകൻ'; പ്രകീർത്തിച്ച് ശ്രീ എമ്മിന്‍റെ ലേഖനം

ശ്രീ എമ്മിന്റെ സത്‌സങ് ഫൗണ്ടേഷന് യോഗ റിസർച്ച് സെന്റർ സ്ഥാപിക്കാൻ തിരുവനന്തപുരത്ത് നാലേക്കർ ഭൂമി നൽകാൻ പിണറായി മന്ത്രിസഭ തീരുമാനിച്ചത് വലിയ വിവാദമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-17 17:37:54.0

Published:

17 Sep 2023 5:03 PM GMT

Sri M and Narendra Modi, Sri M praises PM Narendra Modi, Satsang Foundation founder Sri M
X

ശ്രീ എം, നരേന്ദ്ര മോദി

കോഴിക്കോട്: മോദി ഇന്ത്യയുടെ ധർമയുഗത്തിന്റെ വീരനായകനാണെന്ന് യോഗാഗുരുവും സത്‌സങ് ഫൗണ്ടേഷൻ സ്ഥാപകനുമായ ശ്രീ എം. ഇന്ത്യയുടെ ആത്മീയ പൈതൃകവുമായി രാജ്യത്തിന്റെ അഖണ്ഡതയെ വിളക്കിച്ചേർക്കാൻ മോദിക്കായിട്ടുണ്ട്. മോദിയുടെ നേതൃത്വത്തിനു കീഴിൽ ഇന്ത്യ കരുത്തുറ്റ ആഗോളഗുരുവും ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയുമായി. ആത്മീയ, ശാസ്ത്ര നേതാവ് എന്നതിനൊപ്പം സ്ത്രീ അവകാശങ്ങളുടെ ശക്തനായ വക്താവ് കൂടിയാണ് പ്രധാനമന്ത്രി മോദിയെന്നും ശ്രീ എം അഭിപ്രായപ്പെട്ടു.

ഹിന്ദി മാധ്യമമായ 'നവഭാരത് ടൈംസി'ലാണ് ശ്രീ എം മോദിയെ പ്രകീർത്തിച്ച് ലേഖനമെഴുതിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യ 21-ാം നൂറ്റാണ്ടിലെ ഏറ്റവും ഉദ്ബുദ്ധമായ രാജ്യമായെന്ന് ലേഖനത്തിൽ പറയുന്നു. ഭരണത്തിന്റെ എല്ലാ തലങ്ങളിലും മികവ് തെളിയിച്ച മോദി ഇന്ത്യയെ ആത്മീയത, സാങ്കേതിക, സാമ്പത്തിക രംഗങ്ങളിലെല്ലാം മുൻനിര ജനാധിപത്യരാജ്യമാക്കി മാറ്റി. മറ്റൊരു പ്രധാനമന്ത്രിക്കും സാധിക്കാത്ത തരത്തിൽ രാജ്യത്തെ എല്ലാ അർത്ഥത്തിലും ഒന്നിപ്പിക്കാൻ മോദിക്കായെന്നും എം എഴുതി. ലേഖനം മോദിയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

''പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം ഇന്ത്യയുടെ പഴയ സുവർണകാലമാണ് ഓർമിപ്പിക്കുന്നത്. പ്രധാനമന്ത്രി മോദി പുതിയ പാർലമെന്റിൽ ചോള രാജവംശവുമായി ബന്ധപ്പെട്ട ചെങ്കോൽ സ്ഥാപിച്ചത് രാജ്യത്തിന്റെ വേരുകളുമായി ചേർന്നുനിൽക്കുന്ന അവിസ്മരണീയ നിമിഷമായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾക്കൊന്നും സങ്കൽപിക്കാൻ പോലുമാകാത്ത ഒരുപാട് ആശയങ്ങൾ ലോകത്തിനു സമ്മാനിച്ച രാജ്യമാണ് നമ്മുടേത്. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഇത്തരം പുരാതന ആചാരങ്ങൾ നിർവഹിക്കുക വഴി രാജ്യത്തെ പൗരന്മാർക്കെല്ലാം അഭിമാനബോധമാണ് മോദി പകർന്നുനൽകുന്നത്.

അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിന്റെ നിർമാണവും കാശി വിശ്വനാഥ് ഇടനാഴിയുടെ നവീകരണവും ഉജ്ജയിനിലെ മഹാകാലേശ്വർ ഇടനാഴിയുടെ നിർമാണവുമെല്ലാം നമ്മുടെ പുരാതന ചരിത്രത്തിന്റെ സുപ്രധാന തലങ്ങളെയാണ് എടുത്തുകാണിക്കുന്നത്. ജി20 ഉച്ചകോടിയുടെ വിജയം ഇന്ത്യൻ സംസ്‌കാരത്തിനും വൈവിധ്യത്തിനും നാഗരികതയ്ക്കുമെല്ലാം ആഗോളതലത്തിൽ പുതുജീവൻ ലഭിക്കുന്നതാണു കാണിക്കുന്നത്. ഉച്ചകോടിക്കെത്തിയ വിദേശ അതിഥികൾക്ക് മോദി സമ്മാനിച്ച സമ്മാനങ്ങളും ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ വിളംബരമായി.''-ലേഖനത്തിൽ തുടരുന്നു.

കഴിഞ്ഞ ഒൻപതു വർഷത്തിനിടെ ഇന്ത്യയുടെ ആത്മീയ പൈതൃകവുമായി രാജ്യത്തിന്റെ അഖണ്ഡതയെ വിളക്കിച്ചേർക്കാൻ പ്രധാനമന്ത്രി മോദിക്കായിട്ടുണ്ടെന്നും അന്താരാഷ്ട്ര യോഗാ ദിനത്തിലൂടെയടക്കം വേരുകളോട് ശക്തമായ ബന്ധമുള്ള നേതാവാണെന്നാണ് അദ്ദേഹം തെളിയിച്ചതെന്നും ശ്രീ എം അഭിപ്രായപ്പെട്ടു. മോദിയുടെ നേതൃത്വത്തിനു കീഴിൽ ഇന്ത്യ കരുത്തുറ്റ ആഗോളഗുരുവായി മാറി. ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയുമാിയി. ആത്മീയ, ശാസ്ത്ര നേതാവ് മാത്രമല്ല, സ്ത്രീ അവകാശങ്ങളുടെ ശക്തനായ വക്താവ് കൂടിയാണ് മോദി. മുത്വലാഖ് എന്ന സാമൂഹിക വിപത്തിനെതിരായ അദ്ദേഹത്തിന്റെ നിലപാട് തന്നെയാണ് അതിന്റെ ഏറ്റവും വലിയ തെളിവെന്നും ശ്രീ എം കൂട്ടിച്ചേർത്തു.

ശ്രീ എമ്മിന്റെ സത്‌സങ് ഫൗണ്ടേഷന് യോഗ റിസർച്ച് സെന്റർ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഭൂമി നൽകിയത് വലിയ വിവാദമായിരുന്നു. ആർ.എസ്.എസ് സഹയാത്രികൻ കൂടിയായ എമ്മിന്റെ സ്ഥാപനത്തിന് തിരുവനന്തപുരം ചെറുവയക്കൽ വില്ലേജിലാണ് നാലേക്കർ ഭൂമി നൽകാൻ പിണറായി മന്ത്രിസഭ തീരുമാനിച്ചിരുന്നത്. ഹൗസിങ് ബോർഡിന്റെ കൈവശമുള്ള ഭൂമിയാണ് പത്തു വർഷത്തേക്കു ലീസിനു നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ ആർ.എസ്.എസ്സുമായി നടത്തിയ രഹസ്യ ചർച്ചയുടെ ഇടനിലക്കാരൻ ശ്രീ എം ആയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എക്ണോമിക് ടൈംസ് ഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണൻ രചിച്ച 'ദ ആർ.എസ്.എസ് ആന്‍ഡ് ദ മേക്കിങ് ഓഫ് ദ ഡീപ് നാഷൻ' എന്ന പുസ്തകത്തിലാണു വെളിപ്പെടുത്തലുണ്ടായിരുന്നത്.

Summary: PM Narendra Modi is the leader of India's 'Dharma Yug': Praises Satsang Foundation founder Sri M

TAGS :

Next Story