ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി
വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ്. രാവിലെ അസംബ്‌ളിയില്‍ ദേശീയ ഗാനം ആലപിക്കണമെന്നാണ് ഉത്തരവ്.
ദേശീയ ഗാനത്തോടെ ആരംഭിക്കുന്ന 20 മിനിറ്റ് അസംബ്‌ളി എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമാണ്. രാവിലത്തെ അസംബ്‌ളികള്‍ ദേശീയ സ്വത്വത്തില്‍ അഭിമാനബോധം വളര്‍ത്തുക മാത്രമല്ല, വിദ്യാര്‍ഥികളില്‍ അച്ചടക്കവും ഐക്യവും വളര്‍ത്തുമെന്ന് വിശ്വസിക്കുന്നതായി സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാര്‍ഥികളും അധ്യാപകരും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ഉന്നത വ്യക്തിത്വങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിവരുടെ ആത്മകഥകള്‍, പോസിറ്റിവിറ്റി നല്‍കുന്ന പ്രചോദനാത്മകമായ സംഭാഷണങ്ങള്‍, മാനസിക സമ്മര്‍ദങ്ങളെ നിയന്ത്രിക്കല്‍, ആരോഗ്യം, സാംസ്‌കാരികം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. പ്രസ്തുത വിഷയങ്ങളില്‍ സംസാരിക്കാന്‍ അതിഥി പ്രഭാഷകര്‍, പരിശീലകര്‍, രക്ഷിതാക്കള്‍, എഴുത്തുകാര്‍, സമുദായ നേതാക്കള്‍ എന്നിവരെ ക്ഷണിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം, ഉത്തരവിനെതിരെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്തുവന്നു. പ്രധാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്ന് അവര്‍ പറഞ്ഞു.
തന്റെ തലമുറ സ്‌കൂളുകളിലും പൊതുപരിപാടികളിലും സിനിമ ഹാളിലുമെല്ലാം ദേശീയ ഗാനം ചൊല്ലിയാണ് വളര്‍ന്നത്. അതൊരു സാധാരണ സംഭവമായിരുന്നു. അതൊന്നും സര്‍ക്കാറില്‍നിന്ന് വന്ന നിര്‍ദേശം കാരണമായിരുന്നില്ല.
സ്‌കൂളുകളെ ബി.ജെ.പി സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന് പകരം തങ്ങളുടെ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. 72 മണിക്കൂറിനുള്ളില്‍ നാല് ഭീകരാക്രമണങ്ങളാണ് കശ്മീരില്‍ നടന്നത്. എന്നാല്‍, ഇവിടെ എല്ലാം സാധാരണ നിലയിലാണെന്ന് കാണിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്നും അവര്‍ കുറ്റപ്പെടുത്തി.
Adjust Story Font
16