Quantcast

ജമ്മു കശ്മീർ തെര‍ഞ്ഞെടുപ്പ്; കോൺ​ഗ്രസും നാഷണൽ കോൺഫറൻസും കൈകോർക്കുന്നു

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്മീരിലെത്തിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    22 Aug 2024 9:14 AM GMT

National Conference, Congress may join hands for J&K Assembly polls
X

ശ്രീന​ഗർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജമ്മു കശ്മീരിൽ കോൺ​ഗ്രസും നാഷണൽ കോൺഫറൻസും കൈകോർക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സീറ്റ് വിഭജന ചർച്ചകൾ നടക്കുകയാണെന്നും ഇരു പാർട്ടികളും ഒന്നിക്കാൻ തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് നേതാക്കളും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്മീരിലെത്തിയിട്ടുണ്ട്. സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാഷണൽ കോൺഫറൻസിൻ്റെയും കോൺഗ്രസിൻ്റേയും നേതാക്കൾ ശ്രീനഗറിൽ ബുധനാഴ്ച രാത്രി യോഗം ചേർന്നിരുന്നു. ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജനമാണ് യോ​ഗത്തിൽ പ്രധാനമായും ചർച്ചയായത്.

കശ്മീർ താഴ്വരയിലെ 12 സീറ്റുകളിൽ തങ്ങളും ജമ്മു ഡിവിഷനിലെ 12 സീറ്റുകളിൽ നാഷണൽ കോൺഫറൻസും മത്സരിക്കാമെന്നാണ് കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നതെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ ഒരുവട്ടം കൂടി ചർച്ച നടക്കുമെന്നും അതിൽ സീറ്റ് വിഭജനം സംബന്ധിച്ച് കൃത്യമായ ധാരണയിലെത്തുമെന്നുമാണ് വിവരം.

ഒരു രാഷ്ട്രീയ പാർട്ടിയുമായും തെരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ, കോൺഗ്രസുമായി സഖ്യം സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കാൻ പാർട്ടി തയാറാണെന്ന് മകൻ ഉമർ അബ്ദുല്ല വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സഖ്യ ചർച്ചകൾ പുരോ​ഗമിക്കുന്നത്.

അതേസമയം, തെരഞ്ഞെടുപ്പിൽ താഴേത്തട്ടിലുള്ള ഒരുക്കങ്ങളെ കുറിച്ച് പാർട്ടി പ്രവർത്തകരിൽ നിന്ന് രാഹുലും ഖാർഗെയും അഭിപ്രായം തേടും. ബി.ജെ.പിക്കും അതിന്റെ നയങ്ങൾക്കും എതിരായ ഏത് പാർട്ടിയുമായോ വ്യക്തിയുമായോ കൈകോർക്കാൻ പാർട്ടി തയ്യാറാണെന്ന് ജമ്മു-കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് താരിഖ് ഹമീദ് കരാ ചൊവ്വാഴ്ച പറഞ്ഞിരുന്നു.

പത്ത് വർഷത്തിനു ശേഷമാണ് ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 90 സീറ്റുകളിലേക്കായി സെപ്തംബർ 18, 25, ഒക്ടോബർ ഒന്ന് എന്നീ ദിവസങ്ങളിലാണ് വോട്ടെടുപ്പ്. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ. 2014ലാണ് ജമ്മു കശ്മീരിൽ അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.

TAGS :

Next Story