Quantcast

അധ്യാപക നിയമനം: അർഹരായവരില്ലെങ്കിൽ സംവരണ തസ്തിക ജനറൽ വിഭാഗത്തിലേക്ക് മാറ്റില്ലെന്ന് കേന്ദ്രസർക്കാർ

യു.ജി.സിയുടെ കരട് മാർഗനിർദേശം പുറത്തുവന്നതിന് പിന്നാലെ സംവരണം അട്ടിമറിയ്ക്കാനുള്ള ഗൂഢാലോചനക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

MediaOne Logo

Web Desk

  • Published:

    29 Jan 2024 4:54 AM GMT

National education ministry on reservation
X

ന്യൂഡൽഹി: സംവരണ തസ്തികകളിൽ അർഹരായ ഉദ്യോഗാർഥികളില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണ തസ്തികകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്ന യു.ജി.സിയുടെ കരട് മാർഗനിർദേശം വിവാദമായ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഞായറാഴ്ചയായിരുന്നു ഈ വിഷയത്തിൽ പൊതുജനാഭിപ്രായം അറിയിക്കാനുള്ള അവസാന ദിനം.

2019ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന (അധ്യാപക കേഡറിലെ സംവരണം) നിയമം അനുസരിച്ച് നേരിട്ടുള്ള നിയമനത്തിലെ എല്ലാ തസ്തികകൾക്കും സംവരണം ബാധകമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. ഈ നിയമം പ്രാബല്യത്തിൽ വന്ന ശേഷം സംവരണ തസ്തിക സംവരണേതര തസ്തികയാക്കാനാകില്ല. 2019ലെ നിയമം അനുസരിച്ച് ഒഴിവുകൾ നികത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു.

യു.ജി.സിയുടെ കരട് മാർഗനിർദേശം പുറത്തുവന്നതിന് പിന്നാലെ സംവരണം അട്ടിമറിയ്ക്കാനുള്ള ഗൂഢാലോചനക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story