പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള അശോകസ്തംഭത്തിൽ രൂപമാറ്റം വരുത്തിയതിനെതിരെ പ്രതിപക്ഷം
അശോകസ്തംഭത്തിന്റെ അനാച്ഛാദന ചടങ്ങിൽ പ്രതിപക്ഷത്തെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു.
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള അശോകസ്തംഭം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷം. മന്ത്രിസഭയുടെ തലവനായ പ്രധാനമന്ത്രിക്ക് പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള അശോകസ്തംഭം അനാച്ഛാദനം ചെയ്യാൻ എന്താണ് അധികാരമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. അശോകസ്തംഭത്തിൽ രൂപമാറ്റം വരുത്തിയത് അപമാനകരമാണെന്നും പ്രതപക്ഷം ആരോപിച്ചു. എന്നാൽ കാര്യമായ മാറ്റമില്ലെന്നാണ് ഡിസൈനർമാരുടെ നിലപാട്.
അശോകസ്തംഭത്തിന്റെ അനാച്ഛാദന ചടങ്ങിൽ പ്രതിപക്ഷത്തെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. ബിജെപിയുടെ ഇടുങ്ങിയ ചിന്താഗതിയുടെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അശോകസ്തംഭത്തിൽ വ്യത്യാസങ്ങൾ വരുത്തുന്നത് അംഗീകരിക്കാനാവില്ല. സർക്കാർ തിരുത്താൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യഥാർഥ അശോകസ്തംഭം സൗമ്യമായ ആവിഷ്‌കാരമാണെങ്കിൽ പുതിയത് 'നരഭോജിയെപ്പോലെ'യാണെന്ന് ലാലു പ്രസാദ് യാദവിന്റെ ആർജെഡി ട്വീറ്റ് ചെയ്തു. ഓരോ പ്രതീകങ്ങളും മനുഷ്യരുടെ ചിന്തയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.
തൃണമൂൽ കോൺഗ്രസ് എം.പിയായ ജവഹർ സിർകാറും പുതിയ അശോക സ്തംഭത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. മോദി സർക്കാറിന്റെ നടപടി ദേശീയ ചിഹ്നത്തെ അപമാനിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. അശോകസ്തംഭത്തിലെ സിംഹരൂപങ്ങൾ മനോഹരവും രാജകീയവുമായിരുന്നു, എന്നാൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനായി ഉണ്ടാക്കിയ മോദി പതിപ്പ് അനുപാതരഹിതവും ആക്രമണോത്സുകവുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Adjust Story Font
16