Quantcast

'അശോകസ്തംഭം രൂപകൽപന ചെയ്യാൻ ശിൽപി സിംഹങ്ങളെ നിരീക്ഷിച്ചത് മൂന്ന് മാസം'; വെളിപ്പെടുത്തലുമായി ബന്ധുക്കൾ

ഇന്ത്യൻ ഭരണഘടനയുടെ കൈയെഴുത്തുപ്രതിയിൽ ആലേഖനം ചെയ്ത യഥാർഥ ദേശീയ ചിഹ്നം രൂപകൽപ്പന ചെയ്ത സംഘത്തിന്റെ ഭാഗമായിരുന്നു ദിനനാഥ് ഭാർഗവ.

MediaOne Logo

Web Desk

  • Updated:

    2022-07-14 15:39:36.0

Published:

14 July 2022 3:26 PM GMT

അശോകസ്തംഭം രൂപകൽപന ചെയ്യാൻ ശിൽപി സിംഹങ്ങളെ നിരീക്ഷിച്ചത് മൂന്ന് മാസം; വെളിപ്പെടുത്തലുമായി ബന്ധുക്കൾ
X

പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച രൂപമാറ്റം വരുത്തിയ ദേശീയ ചിഹ്നമായ അശോകസ്തംഭത്തെകുറിച്ച് വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ദേശീയ ചിഹ്നം രൂപകൽപന ചെയ്ത ശിൽപിയുടെ ബന്ധുക്കൾ. അശോകസ്തംഭത്തിന്റെ രൂപകൽപനയ്ക്ക് മുമ്പ് ശിൽപി ദിനനാഥ് ഭാർഗവ മൂന്ന് മാസത്തോളം കൊൽക്കത്തയിലെ മൃഗശാലയിൽ പോയി സിംഹത്തെ സൂക്ഷമമായി നിരീക്ഷിച്ചെന്നാണ് വെളിപ്പെടുത്തൽ. ഇന്ത്യൻ ഭരണഘടനയുടെ കൈയെഴുത്തുപ്രതിയിൽ ആലേഖനം ചെയ്ത യഥാർഥ ദേശീയ ചിഹ്നം രൂപകൽപ്പന ചെയ്ത സംഘത്തിന്റെ ഭാഗമായിരുന്നു ദിനനാഥ് ഭാർഗവ.

ഉത്തർപ്രദേശിലെ സാരാനാഥിലെ 'ലയൺ കാപ്പിറ്റൽ ഓഫ് അശോക' എന്ന പുരാതന ശിൽപത്തിന്റെ അടിസ്ഥാനത്തിലാണ് അശോക സ്തംഭം രൂപകല്പന ചെയ്തത്. ബി.സി 250 ൽ സ്ഥാപിച്ചതാണ് പ്രസ്തുത ശിൽപം.

ഭരണഘടനയുടെ യഥാർത്ഥ കയ്യെഴുത്ത് പ്രതി രൂപകൽപന ചെയ്യാനുള്ള ചുമതല ജവഹർലാൽ നെഹ്‌റു നൽകിയത് ശാന്തിനികേതൻ കലാഭവന്റെ പ്രിൻസിപ്പലും പ്രശസ്ത ചിത്രകാരനുമായ നന്ദലാലാൽ ബോസിനായിരുന്നു. ഇതിൽ അശോക സ്തംഭത്തിന്റെ രൂപം നിർമ്മിക്കാൻ ബോസ് ഏൽപ്പിച്ചത് അക്കാലത്ത് ശാന്തിനികേതനിൽ കല പഠിക്കുന്ന ഭാർഗവയെ, ''അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ച് സിംഹങ്ങളുടെ ഭാവഭേദങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും അവ എങ്ങനെ ഇരിക്കുകയും നിൽക്കുകയും ചെയ്യുന്നുവെന്ന് കാണാനും എന്റെ ഭർത്താവ് മൂന്ന് മാസത്തോളം തുടർച്ചയായി കൊൽക്കത്തയിലെ മൃഗശാല സന്ദർശിച്ചു'' -എൺപത്തഞ്ചുകാരിയായ ഭാർഗവയുടെ ഭാര്യ പ്രഭ പിടിഐയോട് പറഞ്ഞു.

ഭാർഗവ രൂപകല്പന ചെയ്ത അശോക് സ്തംഭിന്റെ യഥാർത്ഥ കലാസൃഷ്ടിയുടെ ഒരു പകർപ്പ്, വർഷങ്ങൾക്കുശേഷം 1985-ൽ പൂർത്തിയാക്കിയതിനാൽ ഇപ്പോഴും തങ്ങളുടെ കൈവശമുണ്ടെന്ന് കുടുംബാംഗങ്ങൾ അവകാശപ്പെട്ടു. മൂന്ന് സിംഹങ്ങളുടെ വായ അല്പം തുറന്ന് പല്ലുകൾ ചെറുതായി കാണുന്ന രീതിയിലാണുള്ളത്. താഴെ 'സത്യമേവ ജയതേ' എന്നും സ്വർണ്ണ നിറത്തിൽ എഴുതിയിട്ടുണ്ട്.

അതേസമയം, അശോകസ്തംഭത്തിലെ സിംഹങ്ങൾക്ക് പകരം ആക്രമണാത്മക ഭാവമുള്ള സിംഹങ്ങളെയാണ് മോദിയുടെ കാർമികത്വത്തിൽ കേന്ദ്രം പുതുതായി സ്ഥാപിച്ചത്. എന്നാൽ, നിലവിലെ വിവാദങ്ങളോട് പ്രതികരിക്കാൻ ഭാർഗവയുടെ കുടുംബം തയ്യാറായില്ല. 'ഈ വിവാദത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ല. ചിത്രത്തിലും പ്രതിമയിലും ചെറിയ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്- ഭാർഗവയുടെ മരുമകൾ പറഞ്ഞു.

ഭണഘടനയ്ക്കായി രൂപകല്പന ചെയ്ത കലാസൃഷ്ടിയുടെ സ്മരണ നിലനിർത്താൻ മധ്യപ്രദേശിലെ ഏതെങ്കിലും ആർട്ട് ഗാലറിയോ സ്ഥലമോ മ്യൂസിയത്തിനോ ഭാർഗവയുടെ പേരിടണമെന്ന് ഭാർഗവയുടെ കുടുംബം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നിരവധി നേതാക്കൾ ഉറപ്പ് നൽകിയിട്ടും ഈ ആവശ്യം ഇന്നുവരെ പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു. ബേത്തുൽ പട്ടണത്തിൽ നിന്നുള്ള ഭാർഗവ 2016 ഡിസംബർ 24 ന് 89 വയസ്സുള്ളപ്പോഴായിരുന്നു മരണപ്പെട്ടത്.

TAGS :

Next Story