നാഷണൽ ഹെറാൾഡ് കേസ്: സോണിയാഗാന്ധിയേയും രാഹുൽഗാന്ധിയേയും ഇ.ഡി വീണ്ടും ചോദ്യംചെയ്‌തേക്കും
കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി. ആലോചിക്കുന്നത്.
ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയേയും രാഹുലിനേയും ഇ.ഡി വീണ്ടും ചോദ്യം ചെയ്തേക്കും. ഇരുവർക്കും പുതിയ സമൻസ് അയക്കാനാണ് നീക്കം. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വീണ്ടും ചോദ്യംചെയ്യാൻ ഇ.ഡി. ആലോചിക്കുന്നത്.
കേസിൽ കോൺഗ്രസ് മുൻ ട്രഷറർ പവൻ ബൻസലിനെ കഴിഞ്ഞ രണ്ട് ദിവസമായി ഇ.ഡി ചോദ്യം ചെയ്യുകയാണ്. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡുകളില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ബൻസലിനെ ചോദ്യം ചെയ്യുന്നത്.
കേസ് അന്വേഷിക്കുന്ന ഇ.ഡി. സംഘം കഴിഞ്ഞ വർഷം സോണിയ ഗാന്ധിയെ മൂന്ന് ദിവസവും, രാഹുൽ ഗാന്ധിയെ അഞ്ച് ദിവസവും ചോദ്യം ചെയ്തിരുന്നു. യങ് ഇന്ത്യ എന്ന കമ്പനിയിലേക്ക് 2019 വരെ ഷെല്‍ കമ്പനികളില്‍ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായി ഇ.ഡി. വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു.
2014ലാണ് സംഭവത്തില്‍ ഇ.ഡി അന്വേഷണം തുടങ്ങിയത്. കേസില്‍ രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, അന്തരിച്ച മോത്തിലാല്‍ വോറ, സാം പിട്രോഡ എന്നിവര്‍ക്ക് എതിരെ 2012ലാണ് സുബ്രഹ്മണ്യം സ്വാമി കേസ് ഫയല്‍ ചെയ്തത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായിരുന്ന, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള ദി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്- എജെഎൽ എന്ന കമ്പനിയെ യങ് ഇന്ത്യൻ ലിമിറ്റഡ് എന്ന കമ്പനി വഴി തട്ടിയെടുത്തെന്നാണ് ആരോപണം.
Adjust Story Font
16