Quantcast

ത്രിപുരയിലെ വർഗീയ ആക്രമണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് വിഎച്ച്പി സംഘടിപ്പിച്ച മാർച്ചിനിടയിൽ മസ്ജിദിന് തീയിടുകയും കടകൾ കത്തിക്കുകയും ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-11-03 13:40:31.0

Published:

3 Nov 2021 1:34 PM GMT

ത്രിപുരയിലെ വർഗീയ ആക്രമണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
X

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് തീവ്രഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത റാലിക്കിടെ ത്രിപുരയിൽ മതന്യൂനപക്ഷത്തിനെതിരെ നടന്ന ആക്രമണത്തിൽ നാലാഴ്ച്ചക്കകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന സർക്കാറിനോടും പോലീസിനോടും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെ നൽകിയ പരാതിയിലാണ് ഉത്തരവ്. സംഭവത്തിൽ അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും സാമൂഹിക മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും 70 പേർക്കെതിരെ കുറ്റപത്രം തയാറാക്കിയെന്നും കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു. സംസ്ഥാനത്തെ മുസ്‌ലിം പള്ളി തകർക്കുന്നതുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകളുടെ പേരിലടക്കമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തൃണമൂലിന്റെ രാജ്യസഭ എം.പി സുഷ്മിത ദേവിനെതിരെ നടന്ന ആക്രമണവും മസ്ജിദിന് തീയിട്ട നോർത്ത് ത്രിപുര ജില്ലയിൽ പനിസാഗർ ബ്ലോക്കിൽ മതന്യൂനപക്ഷത്തിനെതിരെ നടന്ന അതിക്രമവും സാകേത് ഗോഖലെ നൽകിയ പരാതിയിൽ പറയുന്നുണ്ട്. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയാണ് അതിക്രമങ്ങൾക്ക് പിറകിലെന്ന് ആരോപിക്കപ്പെടുന്നതായും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. സുഷ്മിത ദേവാണ് ത്രിണമൂലിനായി ത്രിപുരയിൽ തെരഞ്ഞെടുപ്പ് കാമ്പയിൻ നയിക്കുന്നത്.

വിശ്വ ഹിന്ദു പരിഷത്ത് റാലിക്കിടെയാണ് മസ്ജിദിന് തീയിടുകയും രണ്ടു കടകൾ കത്തിക്കുകയും ചെയ്തത്. ജനക്കൂട്ടം കലാപം നടത്തിയപ്പോൾ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായിരുന്നെന്നും വിമർശനമുണ്ട്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് വിഎച്ച്പി റാലി സംഘടിപ്പിച്ചത്. റാല്ലിക്കിടെ ചിലർ പള്ളിക്കു നേരെ കല്ലെറിയുകയും വാതിൽ തകർക്കുകയുമായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ റോവ ബസാറിലെ ചില വീടുകളും കടകളും കൊള്ളയടിക്കപ്പെട്ടെന്നും എസ്പി ഭാനുപദ ചക്രബർത്തി പറഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്ച ത്രിപുരയിൽ പൊലീസും വിഎച്ച്പി അംഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. മൂന്ന് പൊലീസുകാർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ഗോമതി ജില്ലയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള സംസ്ഥാന തലസ്ഥാനമായ അഗർത്തയിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ വിഎച്ച്പി പ്രവർത്തകരെ അനുവദിച്ചില്ലെന്ന് പറഞ്ഞായിരുന്നു സംഘർഷം. പ്രതിഷേധക്കാരുടെ കല്ലേറിലാണ് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റത്.

വർഗീയ ആക്രമണങ്ങളിൽ ത്രിപുര ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് എടുത്തിരുന്നത്. ആക്രമണം അവസാനിപ്പിക്കാൻ സർക്കാർ സ്വീകരിച്ച നടപടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം സർക്കാർ വിശദീകരിക്കണമെന്നും ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയും ജസ്റ്റിസ് സുഭാഷിഷ് തലപത്രയുമാണ് ത്രിപുര സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നത്. ആരാധനാലയങ്ങൾക്ക് പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തിയിരുന്നുവെന്ന് സംസ്ഥാന സർക്കാർ കോടതിയെ ധരിപ്പിച്ചിരുന്നു. വ്യാജ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കുകയുണ്ടായി.

'തെറ്റായതും കെട്ടിച്ചമച്ചതുമായ റിപ്പോർട്ടുകളോ ദൃശ്യങ്ങളോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വരുന്നില്ലെന്ന് ഉറപ്പാക്കണം. വ്യാജവാർത്തകൾ വന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ ഉചിത നടപടി സ്വീകരിക്കണം. ഇന്ന് മുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോടും ഈ കോടതി ആഹ്വാനം ചെയ്യുന്നു. മാധ്യമങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി സത്യം പ്രസിദ്ധീകരിക്കാൻ എല്ലാ അവകാശവുമുണ്ട്. പക്ഷേ അസത്യം പ്രചരിപ്പിക്കാനും വർഗീയത പ്രചരിപ്പിക്കാനും അനുവദിക്കരുത്'- ത്രിപുര ഹൈക്കോടതി വ്യക്തമാക്കി.

തീവ്രഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങൾക്കിടെ പള്ളികളും കടകളും വീടുകളും ആക്രമിക്കപ്പെട്ട കാര്യം പൊലീസ് സ്ഥിരീകരിച്ചിരുന്നു. തീവ്രഹിന്ദു സംഘടനകളുടെ ആക്രമണത്തിൽ പൊലീസുകാർക്കും പരിക്കേൽക്കുകയുണ്ടായി. എന്നാൽ ത്രിപുര സർക്കാർ ആരോപിക്കുന്നത് 'പുറത്തുനിന്നുള്ള ഒരു നിക്ഷിപ്ത താൽപ്പര്യ സംഘം' സംസ്ഥാനത്ത് അശാന്തി ഉണ്ടാക്കാനും പ്രതിച്ഛായ മോശമാക്കാനും ഗൂഢാലോചന നടത്തുന്നു എന്നാണ്. കത്തുന്ന പള്ളിയുടെ വ്യാജ ഫോട്ടോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തുവെന്നും ത്രിപുര സർക്കാർ ആരോപിച്ചു.


TAGS :

Next Story