Quantcast

'കാലം പകരം ചോദിക്കുന്നത് തടയാനാവില്ല'; മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളെ ന്യായീകരിച്ച് മുൻ കേരള ഡിജിപി എൻ.സി അസ്താന

1986 ബാച്ച് കേരള കേഡർ ഐപിഎസ് ഓഫീസറായ അസ്താന വിജിലൻസ് ഡിജിപിയായിരിക്കെ കേന്ദ്ര സർവീസിലേക്ക് മാറുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    27 Nov 2024 10:53 AM GMT

NC Asthana hate x post against muslims
X

കോഴിക്കോട്: രാജ്യവ്യാപകമായി മുസ്‌ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ന്യായീകരിച്ച് മുൻ കേരള ഡിജിപി എൻ.സി അസ്താന. അപൂർവാനന്ദ് എന്നയാളുടെ എക്‌സ് പോസ്റ്റിന് മറുപടിയായുള്ള കുറിപ്പിലാണ് എല്ലാം കാലം പകരം ചോദിക്കുന്നതാണ് എന്ന അസ്താനയുടെ മറുപടി. ഇന്ത്യയിലെ മുസ്‌ലിംകൾ മതിൽക്കെട്ടിനകത്തേക്ക് തള്ളപ്പെടുകയാണ്. ആർഎസ്എസ് ആശയക്കാരായ ബിജെപി അത് ചെയ്യുന്നതിൽ അത്ഭുതമില്ല. എന്നാൽ ഉദ്യോഗസ്ഥരും പൊലീസും നീതിപീഠവും മാധ്യമങ്ങളും ഇതിനായി ബിജെപിക്കൊപ്പം കൈകോർക്കുന്നത് നിരാശാജനകമാണ്. അടിയന്തരമായി അത് അവസാനിപ്പിക്കണം എന്നായിരുന്നു അപൂർവാനന്ദിന്റെ കുറിപ്പ്.

''അത് ഒരിക്കലും നടക്കാൻ പോകുന്നില്ല. നിങ്ങൾ വസ്തുതകൾ നിരസിക്കുകയാണ്. നിങ്ങൾ സത്യത്തെ തിരിച്ചറിയുകയും അത് ഉൾക്കൊള്ളുകയും വേണം. ചരിത്രപരമായ എല്ലാ തെറ്റുകൾക്കും ഒരു അവസാനമുണ്ടാകണം. പരസ്പരം അത് ചെയ്തില്ലെങ്കിലും സിസ്റ്റം പിന്തുണച്ചില്ലെങ്കിലും മുൻകാല അനീതികൾക്ക് പകരം ചോദിക്കപ്പെടുക തന്നെ ചെയ്യും''-അസ്താന കുറിച്ചു.



സംഭൽ മസ്ജിദ് സർവേക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതിനെയും അസ്താന ന്യായീകരിക്കുന്നുണ്ട്. മാധ്യമപ്രവർത്തകയായ അർഫ ഖാനും ഷെർവാനി സംഭലിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥർ ജയ് ശ്രീം മുഴക്കിയതും പൊലീസ് അന്യായമായി വെടിവെച്ചതും ചൂണ്ടിക്കാട്ടി എഴുതിയ കുറിപ്പിന് മറുപടിയായാണ് മുൻ ഡിജിപി 'നിങ്ങളുടെ ആളുകൾ' എന്ന് പ്രത്യേകം എടുത്തുപറഞ്ഞ് മുസ്‌ലിംകൾക്കെതിരെ വെറുപ്പ് വിതക്കുന്നത്.

''കോടതിയിൽ പോകൂ, ആരാണ് നിങ്ങളെ തടയുന്നത്? നിയമത്തിലും ഭരണകൂടത്തിലും വിശ്വാസമുണ്ടെന്നല്ലേ 'നിങ്ങളുടെ ആളുകൾ' പറയുന്നത്. നിങ്ങൾ നിയമം ലംഘിച്ച് എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതും പരീക്ഷിക്കുക. നിയമത്തിന്റെ ലാത്തി - ബുള്ളറ്റുകൾ എല്ലാം വളരെ ശക്തമാണ്. വിഡ്ഢിത്തത്തിന്റെയും അഹങ്കാരത്തിന്റെയും ഫലം എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും''-അസ്താന പറഞ്ഞു.



കേരള കേഡർ ഐപിഎസ് ഓഫീസറായിരുന്ന അസ്താന വിജിലൻസ് ഡിജിപിയായിരുന്നു. പിന്നീട് കേന്ദ്ര സർവീസിലേക്ക് പോയ അദ്ദേഹം ബിഎസ്ഫ്/സിആർപിഎഫ് അഡീഷണൽ ഡയറക്ടർ ജനറലായി പ്രവർത്തിച്ചിരുന്നു. നേരത്തെയും അസ്താനയുടെ വിദ്വേഷ ട്വീറ്റുകൾ വിവാദമായിരുന്നു. ബിജെപി വക്താവായിരുന്ന നുപൂർ ശർമ പ്രവാചകനെ അധിക്ഷേപിച്ചതിനെതിരെ പ്രതിഷേധിച്ചവരെ പൊലീസ് ക്രൂരമായി മർദിക്കുന്ന വിഡീയോ പങ്കുവെച്ച അസ്താന 'മനോഹരമായ ദൃശ്യം' എന്നായിരുന്നു അന്ന് എക്‌സിൽ കുറിച്ചത്. പ്രയാഗ്‌രാജിൽ അനധികൃത നിർമാണമെന്ന് ആരോപിച്ച് വീടുകൾ ജെസിബി ഉപയോഗിച്ച് പൊളിച്ചപ്പോൾ അതിനെ പ്രശംസിച്ച് രണ്ട് ഡസനോളം ട്വീറ്റുകളാണ് അസ്താന പോസ്റ്റ് ചെയ്തത്.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങ് ലൈംഗികാതിക്രമം നടത്തിയതിനെതിരെ ഗുസ്തി താരങ്ങൾ പ്രതിഷേധിച്ചപ്പോൾ ബ്രിജ് ഭൂഷണെ പിന്തുണക്കുന്ന നിലപാടാണ് ഐപിഎസ് ഓഫീസറായ അസ്താന സ്വീകരിച്ചത്. ഗുസ്തി താരങ്ങളെ വെടിയുണ്ടകൾകൊണ്ട് നേരിടണം എന്നായിരുന്നു അന്ന് അസ്താന എക്‌സിൽ കുറിച്ചത്. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ ഗുസ്തി താരങ്ങൾക്കെതിരെ വളരെ അധിക്ഷേപകരമായ ഭാഷയിലായിരുന്നു അസ്താനയുടെ കുറിപ്പുകൾ.

TAGS :

Next Story