'എൻഡിഎ 400 സീറ്റ് നേടിയാൽ ഏക സിവിൽകോഡ് നടപ്പാക്കും, മുസ്‌ലിം സംവരണം നിർത്തും; ഇത് മോദിയുടെ ഇന്ത്യ': അസം മുഖ്യമന്ത്രി ഹിമന്ത ശർമ
'മുസ്‌ലിംകൾക്ക് സംവരണം നൽകണമെങ്കിൽ, ഞാൻ നിങ്ങൾക്ക് പാകിസ്താനിലേക്കുള്ള ടിക്കറ്റ് വാങ്ങിത്തരാം. പാകിസ്താനിലേക്ക് പോവുക. അവിടെ പോയി സംവരണം നൽകിക്കോളൂ'- അസം മുഖ്യമന്ത്രി പറഞ്ഞു.
പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി 400 സീറ്റ് നേടിയാൽ രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പാക്കുമെന്നും മുസ്‌ലിം സംവരണം നിർത്തലാക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ജനങ്ങളിൽ നിന്ന് ഒരു എതിർപ്പുമില്ലാതെ സംസ്ഥാനത്ത് 700 മദ്രസകൾ അടച്ചുപൂട്ടിയ സർക്കാരാണ് തന്റേതെന്നും ഹിമന്ത ശർമ അവകാശപ്പെട്ടു. ബിഹാറിലെ സിവാൻ ജില്ലയിലെ രഘുനാഥ്പൂരിൽ നടന്ന ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.
'ആർജെഡി പ്രീണന രാഷ്ട്രീയം നടത്തുകയാണെന്ന് ശർമ ആരോപിച്ചു. ഇത് പുതിയ ഇന്ത്യയാണ്. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദിൻ്റെ കാലത്ത് കണ്ട പഴയ ഇന്ത്യയല്ല. ഞങ്ങൾ അസമിൽ 700 മദ്രസകൾ അടച്ചുപൂട്ടി. ഒരാളും അതിനെതിരെ എതിർപ്പുന്നയിച്ചില്ല. എന്തുകൊണ്ട്? ഇത് പുതിയ ഇന്ത്യയാണ്. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യയാണ്. മുസ്‌ലിംകളുടെ കടകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഡോക്ടർമാരെയും എഞ്ചിനീയർമാരേയും സൃഷ്ടിക്കാൻ ശ്രമിക്കും'- ഹിമന്ത പറഞ്ഞു.
'ഞങ്ങൾക്ക് 400 സീറ്റ് ആവശ്യമാണ്. അത് കിട്ടിയാൽ ഞങ്ങൾ ഏക സിവിൽകോഡ് നടപ്പാക്കും. കൃഷ്ണ ജന്മഭൂമി ക്ഷേത്രം നിർമിക്കും. ഗ്യാൻവാപി ക്ഷേത്രം നിർമിക്കും. മുസ്‌ലിം സംവരണം നിർത്തലാക്കും'- ഹിമന്ത ശർമ നിലപാട് വ്യക്തമാക്കി.
'മുസ്‌ലിംകൾക്ക് സംവരണം നൽകണം' എന്ന ലാലു പ്രസാദ് യാദവിൻ്റെ പ്രസ്താവന കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഞാൻ കണ്ടു. ഹിന്ദുക്കൾക്ക് സംവരണം ലഭിക്കാൻ അർഹതയില്ലേ? അംബേദ്കറാണ് നമുക്ക് ഭരണഘടന നൽകിയത്. ഭരണഘടനയിൽ എസ്.സി-എസ്.ടി, ഒബിസി എന്നിവർക്ക് സംവരണം ലഭിക്കണമെന്ന് പരാമർശിച്ചിട്ടുണ്ട്. മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം ഉണ്ടാകില്ല. ലാലു പ്രസാദ് യാദവ്, നിങ്ങൾക്ക് മുസ്‌ലിംകൾക്ക് സംവരണം നൽകണമെങ്കിൽ, ഞാൻ നിങ്ങൾക്ക് പാകിസ്താനിലേക്കുള്ള ടിക്കറ്റ് വാങ്ങിത്തരാം. പാകിസ്താനിലേക്ക് പോവുക. അവിടെ പോയി സംവരണം നൽകിക്കോളൂ. ഇന്ത്യയിൽ ഒരിക്കലും അത് നടക്കില്ല. അതൊന്നും സ്വപ്നം കാണേണ്ട'- അസം മുഖ്യമന്ത്രി പറഞ്ഞു.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന പൊതു നിയമമാണ് യൂണിഫോം സിവിൽ കോഡ്. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് ഏക സിവിൽകോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനമായി അടുത്തിടെ മാറിയിരുന്നു. ലോക്‌സഭയിൽ 300 സീറ്റ് നേടിയതിന് പിന്നാലെയാണ് ബിജെപി അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്രം നിർമിച്ചതെന്നും 400 സീറ്റുകൾ നേടിയാൽ കൃഷ്ണ ജന്മഭൂമിയും ബാബ വിശ്വനാഥ് മന്ദിറും നിർമിക്കുമെന്നും ഹിമന്ത ശർമ കഴിഞ്ഞദിവസം ഡൽഹിയിൽ പറഞ്ഞിരുന്നു.
Adjust Story Font
16