മഹാരാഷ്ട്രയില്‍ ആദ്യഫല സൂചനകള്‍ മഹായുതിക്കൊപ്പം
വോട്ടെണ്ണല്‍ തുടങ്ങി ആദ്യ അരമണിക്കൂറിനുള്ളില്‍ 47 സീറ്റുകളിലാണ് സഖ്യം മുന്നിട്ട് നില്‍ക്കുന്നത്
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ അരമണിക്കൂറിനുള്ളില്‍ 47 സീറ്റുകളിലാണ് സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. മഹാവികാസ് അഘാഡി സഖ്യം 9 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളിലേക്ക് ബുധനാഴ്ച ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടന്നത്. 145 ആണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെങ്കില്‍ എക്സിറ്റ് പോളുകള്‍ മഹായുതി സഖ്യത്തിന് 155 സീറ്റുകളെങ്കിലും ലഭിക്കുമെന്ന് പ്രവചിക്കുന്നു. എംവിഎയ്ക്ക് 120 സീറ്റുകളും ചെറിയ പാർട്ടികള്‍ക്കും സ്വതന്ത്ര സ്ഥാനാർഥികള്‍ക്കുമായി 13 സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹായുതിയുടെ വിജയം പ്രവചിക്കുന്ന ഒമ്പത് എക്‌സിറ്റ് പോളുകളും സഖ്യം ശക്തമായ പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് പറയുന്നത്.
ആക്സിസ്-മൈ ഇന്ത്യ, പീപ്പിൾസ് പൾസ്, പോൾ ഡയറി, ടുഡേസ് ചാണക്യ എന്നിവ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യത്തിന് കുറഞ്ഞത് 175 സീറ്റുകൾ നൽകിയിട്ടുണ്ട്. ചാണക്യ സ്ട്രാറ്റജീസ്, മാട്രിസ്, ടൈംസ് നൗ-ജെവിസി എന്നീ എക്സിറ്റ് പോളുകള്‍ ബിജെപിയുടെ സഖ്യത്തിന് 150 സീറ്റുകളെങ്കിലും വിജയം പ്രതീക്ഷിക്കുന്നു. ഇലക്ടറൽ എഡ്ജ് മാത്രമാണ് കോണ്‍ഗ്രസ് സഖ്യത്തിന്‍റെ വിജയം പ്രവചിക്കുന്നത്.
Adjust Story Font
16