Quantcast

മോദി തരംഗം ഏശിയില്ല; പ്രധാനമന്ത്രി പ്രചാരണം നടത്തിയ പകുതി സീറ്റിലും ബി.ജെ.പി തോറ്റു

മോദി ഏറ്റവും കൂടുതൽ റാലി നടത്തിയ ഉത്തർപ്രദേശിലാണ് ബി.ജെ.പിക്ക് ഇത്തവണ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്.

MediaOne Logo

Web Desk

  • Published:

    6 Jun 2024 11:00 AM GMT

NDA wins only half the seats the PM campaigned in
X

ന്യൂഡൽഹി: 2014ലും 2019ലും ബി.ജെ.പിയെ തുണച്ച മോദി ഇഫക്ട് ഇത്തവണ ഉണ്ടായില്ലെന്ന് കണക്കുകൾ. പ്രധാനമന്ത്രി പ്രചാരണം നടത്തിയ മണ്ഡലങ്ങളിൽ പകുതിയോളം സീറ്റിൽ ബി.ജെ.പി തോറ്റു. 2014ൽ 282 സീറ്റും 2019ൽ 303 സീറ്റും നേടിയ ബി.ജെ.പിക്ക് ഇത്തവണ 240 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. 24 സംസ്ഥാനങ്ങളിലും ഡൽഹിയിലുമായി 181 റാലികളിലാണ് ഇത്തവണ പ്രധാനമന്ത്രി പങ്കെടുത്തത്.

ഉത്തർപ്രദേശിലാണ് മോദി ഏറ്റവും കൂടുതൽ റാലികളിൽ പങ്കെടുത്തത്. 27 റാലികളും നാല് റോഡ് ഷോകളും നടത്തിയ യു.പിയിൽ ഇത്തവണ കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്കുണ്ടായത്. കഴിഞ്ഞ തവണ 62 സീറ്റ് നേടിയ യു.പിയിൽ ഇത്തവണ 33 സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. മോദി പ്രചാരണത്തിനെത്തിയ 13 ഇടത്ത് മാത്രമാണ് ബി.ജെ.പി വിജയിച്ചത്.

പശ്ചിമ ബംഗാളിൽ 20 മണ്ഡലങ്ങളിൽ റാലികൾ നടത്തിയെങ്കിലും ആറിടത്താണ് വിജയിക്കാനായത്. മഹാരാഷട്രയിൽ 17 മണ്ഡലങ്ങളിൽ റാലി നടത്തിയപ്പോൾ രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. ബിഹാറിൽ 15 റാലികൾ നടത്തിയതിൽ ഏഴിടത്ത് വിജയിച്ചു. ഒഡീഷയിൽ 12 റാലികൾ നടത്തിയിൽ 12ഉം വിജയിച്ചു. കർണാടകയിൽ 10 റാലികൾ നടത്തിയപ്പോൾ എട്ടിടത്ത് വിജയിച്ചു.

മധ്യപ്രദേശിൽ 10 റാലികൾ നടത്തി 10 സീറ്റുകളിലും വിജയിച്ചു. ജാർഖണ്ഡിൽ ഒമ്പത് റാലികൾ നടത്തിയെങ്കിലും അഞ്ച് സീറ്റുകളിലാണ് വിജയിക്കാനായത്. രാജസ്ഥാനിൽ ഒമ്പത് റാലികൾ നടത്തിയെങ്കിലും മൂന്നിടത്താണ് വിജയിച്ചത്. ഗുജറാത്തിൽ ആറ് റാലികൾ നടത്തിയതിൽ അഞ്ചിടത്ത് വിജയിച്ചു. തമിഴ്‌നാട്ടിൽ ആറ് റാലികൾ നടത്തിയെങ്കിലും ഒരു മണ്ഡലത്തിൽപ്പോലും വിജയിക്കാനായില്ല.

തെലങ്കാനയിൽ ആറ് റാലി നടത്തിയതിൽ നാലിടത്ത് വിജയിച്ചു. ആന്ധ്രാപ്രദേശിൽ അഞ്ച് റാലി നടത്തിയതിൽ രണ്ടിടത്ത് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. ഛത്തീസ്ഗഢിൽ നാലിടത്ത് റാലി നടത്തിയപ്പോൾ നാലിടത്തും വിജയിച്ചു. പഞ്ചാബിൽ നാല് റാലി നടത്തിയെങ്കിലും ഒരിടത്തും നിലംതൊടാനായില്ല. ഹരിയാനയിലും കേരളത്തിലും മൂന്നിടത്ത് റാലി നടത്തിയെങ്കിലും ഒരോ സീറ്റ് വീതമാണ് ലഭിച്ചത്.

അസം, ഹിമാചൽ പ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ രണ്ട് റാലികൾ വീതം നടത്തിയപ്പോൾ അസമിൽ ഒരിടത്തും മറ്റുസ്ഥലത്ത് രണ്ട് സീറ്റുകൾ വീതവുമാണ് വിജയിക്കാനായത്. ഗോവയിൽ ഒരു റാലി നടത്തിയെങ്കിലും അവിടെ വിജയിക്കാനായില്ല. ജമ്മു കശ്മീരിലും ത്രിപുരയിലും മോദി റാലി നടത്തിയ മണ്ഡലങ്ങളിൽ എൻ.ഡി.എ വിജയിച്ചു.

TAGS :

Next Story