തലമുണ്ഡനം ചെയ്തും ഗംഗാജലം തളിച്ചും പ്രായശ്ചിത്തം; തൃണമൂലിലേക്ക് മടങ്ങി നൂറുകണക്കിന് ബിജെപി പ്രവർത്തകർ
ബംഗാളിലെ ഹൂഗ്ലി ജില്ലയിൽനിന്നുള്ള 200ഓളം പ്രവർത്തകരാണ് ഇന്ന് ബിജെപി വിട്ട് തൃണമൂലിലേക്ക് ചേര്‍ന്നത്
ബംഗാളിൽ ബിജെപിയിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. പ്രമുഖ നേതാക്കൾക്കു പുറമെ നൂറുകണക്കിനു പ്രവർത്തകരാണ് ദിവസവും പാർട്ടിവിട്ട് വലിയ ആഘോഷത്തോടെ തൃണമൂൽ കോൺഗ്രസിൽ ചേരുന്നത്. ബിജെപിയിൽ ചേർന്നതിന്റെ കുറ്റം ഏറ്റുപറഞ്ഞ് പ്രതീകാത്മകമായി പ്രായശ്ചിത്തം ചെയ്തും മാപ്പപേക്ഷിച്ചുമൊക്കെയാണ് പലയിടത്തും പ്രവർത്തകർ തൃണമൂലിലേക്ക് തിരിച്ചെത്തുന്നതെന്നാണ് ഏറെ കൗതുകം.
ബംഗാളിലെ ഹൂഗ്ലി ജില്ലയിൽനിന്നുള്ള 200നടുത്തു പ്രവർത്തകരാണ് ഇന്ന് ബിജെപി വിട്ട് തൃണമൂലിലേക്ക് മടങ്ങിയിരിക്കുന്നത്. എന്നാൽ, തലമുണ്ഡനം ചെയ്ത ശേഷം ഗംഗാജലം കൊണ്ട് ശുദ്ധിവരുത്തിയ ശേഷമായിരുന്നു ഇവരുടെ തിരിച്ചുപോക്ക്! തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത് തെറ്റായിരുന്നുവെന്നാണ് ഇവർ ഇപ്പോൾ ഏറ്റുപറയുന്നത്. ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമായാണ് തല മുണ്ഡനം ചെയ്തത്. ഇതിനുപുറമെ ഗംഗാജലം കൊണ്ട് ശുദ്ധിവരുത്തി പൂർണമായും 'പാപമുക്തരാ'യാണ് തങ്ങൾ പാർട്ടിയിൽ തിരിച്ചെത്തുന്നതെന്നും ഇവർ അവകാശപ്പെടുന്നു.
ആറാംബാഗിൽ തൃണമൂൽ എംപിയായ അപാരുപ പോഡാറിന്റെ നേതൃത്വത്തിൽ നിർധന വിഭാഗങ്ങൾക്കായി നടന്ന സൗജന്യ ഭക്ഷണം വിതരണ ചടങ്ങിനിടെയായിരുന്നു ദലിത് വിഭാഗത്തിൽപെട്ട നൂറുകണക്കിനു പേർ തൃണമൂലിലേത്ത് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. തുടർന്ന് തലമുണ്ഡനം ചെയ്തു ബിജെപിയിൽ ചേർന്നതിന് മാപ്പ് പറയുകയും ചെയ്തു ഇവര്‍. അപാരുപ പോഡാറും മറ്റു നേതാക്കളും ചേർന്ന് ഇവരെ സ്വീകരിച്ചു.
#BJP workers were tonsured in Khanakul today before joining the #TMC. They said they had joined the BJP by mistake & this way they would wash away their sins. pic.twitter.com/85Yx3hIEbx
— Sreyashi Dey (@SreyashiDey) June 22, 2021
നിയമസഭാ തെരഞ്ഞെടുപ്പിനു പിറകെ ബിജെപിയിൽനിന്ന് തൃണമൂലിലേക്ക് വൻകൊഴിഞ്ഞുപോക്കാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുൾ റോയിയും മകനും ദിവസങ്ങൾക്കു മുൻപാണ് തൃണമൂലിൽ തിരിച്ചെത്തിയത്. പ്രമുഖ നേതാക്കൾക്കു പുറമെ നിരവധി പ്രവർത്തകരും തൃണമൂലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഈ മാസം ആദ്യത്തിൽ ബിർഭൂമിൽ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് 50ഓളം പ്രവർത്തകർ തൃണമൂൽ ഓഫീസിനുമുൻപിൽ ധർണ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം 300ഓളം പ്രവർത്തകർ ഗംഗാജലം തളിച്ച് തൃണമൂലിൽ തിരിച്ചെത്തിയതും വാർത്തയായിരുന്നു.
Adjust Story Font
16