സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ അതിവേഗ വിധികൾ വേണം; പ്രധാനമന്ത്രി
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കർശന നിയമങ്ങൾ രാജ്യത്തുണ്ട്. പക്ഷേ അത് കൂടുതൽ സജീവമാക്കേണ്ടതുണ്ട്- മോദി പറഞ്ഞു.
ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ അതിവേഗത്തിൽ വിധി പുറപ്പെടുവിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ അത് അതാവശ്യമാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കുട്ടികളുടെ സുരക്ഷയും സമൂഹത്തിൻ്റെ ഗൗരവമായ ആശങ്കകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
'സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കർശന നിയമങ്ങൾ രാജ്യത്തുണ്ട്. പക്ഷേ അത് കൂടുതൽ സജീവമാക്കേണ്ടതുണ്ട്. ജില്ലാ നിരീക്ഷണ സമിതികൾ കൂടുതൽ ശക്തിപ്പെടുത്തുകയും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ വേഗത്തിൽ വിധി പുറപ്പെടുവിക്കുകയും ചെയ്യുന്നുവെന്ന് നമ്മൾ ഉറപ്പാക്കുകയും വേണം'- പ്രധാനമന്ത്രി പറഞ്ഞു.
'സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ എത്ര വേഗത്തിൽ തീരുമാനം എടുക്കുന്നുവോ അത് അവരുടെ സുരക്ഷിതത്വത്തിനു ലഭിക്കുന്ന ഒരു വലിയ ഉറപ്പാകും'- മോദി കൂട്ടിച്ചേർത്തു. ബലാത്സംഗമടക്കം സ്ത്രീകൾക്കെതിരായ ഹീനമായ അതിക്രമക്കേസുകളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന കർശന നിയമനിർമാണം ആവശ്യമാണെന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അഭ്യർഥനയ്ക്കു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
എന്നാൽ, ഇത്തരം വിഷയങ്ങളിൽ താൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നെങ്കിലും അദ്ദേഹത്തിൽ നിന്ന് മറുപടിയൊന്നും ലഭിച്ചില്ലെന്ന് മമത പറഞ്ഞിരുന്നു. അതേസമയം, നിലവിലുള്ള നിയമങ്ങൾ ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ശക്തമാണെന്നും സംസ്ഥാനം ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും മമതയുടെ കത്തിന് മറുപടിയായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പ്രതികരിച്ചിരുന്നു.
Adjust Story Font
16