Quantcast

ബലാത്സംഗക്കേസുകളിൽ 50 ദിവസത്തിനകം ശിക്ഷ വിധിക്കുന്ന നിയമങ്ങൾ വേണം; തൃണമൂൽ നേതാവ് അഭിഷേക് ബാനർജി

'രാജ്യത്ത് ദിവസേന 90 ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഓരോ മണിക്കൂറിലും നാലും ഓരോ 15 മിനിറ്റിലും ഒന്നു വീതവും ബലാത്സം​ഗം നടക്കുന്നു'- അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    22 Aug 2024 12:20 PM GMT

Need Laws That Mandate Conviction In Rape Cases Within 50 Days Says Trinamool Leader Abhishekh Banerjee
X

കൊൽക്കത്ത: രാജ്യത്ത് ബലാത്സം​ഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എത്രയും വേ​ഗത്തിൽ ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺ​ഗ്രസ് നേതാവ് അഭിഷേക് ബാനർജി. ബലാത്സം​ഗക്കേസുകളിൽ 50 ദിവസത്തിനകം പ്രതികളെ ശിക്ഷിക്കുന്ന വിധത്തിൽ നിയമം വേണമെന്ന് അദ്ദേഹം പറഞ്ഞു. വേ​ഗത്തിലും കർശനവുമായ ശിക്ഷാനടപടികൾ ഉറപ്പാക്കാൻ ബലാത്സം​ഗവിരുദ്ധ നിയമം കൊണ്ടുവരാൻ സംസ്ഥാനങ്ങൾ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'കൊൽക്കത്തയിലെ ആർ.ജി കാർ മെഡി. കോളജിൽ വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിനെതിരെ നീതി ആവശ്യപ്പെട്ട് രാഷ്ട്രം പ്രതിഷേധിക്കുകയാണ്. ഈ വലിയ കുറ്റകൃത്യത്തിനെതിരെ ആളുകൾ തെരുവിലിറങ്ങിയ സമയം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 900 ബലാത്സംഗങ്ങൾ നടന്നിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു.

'രാജ്യത്ത് ദിവസേന 90 ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഓരോ മണിക്കൂറിലും നാലും ഓരോ 15 മിനിറ്റിലും ഒന്നു വീതവും ബലാത്സം​ഗം നടക്കുന്നു. ‌50 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ നൽകുന്ന ശക്തമായ നിയമങ്ങൾ ആവശ്യമാണ്. പൊള്ളയായ വാഗ്ദാനങ്ങളല്ല, കഠിനമായ ശിക്ഷകളാണ് വേണ്ടത്. വേഗമേറിയതും കർക്കശവുമായ നീതി ഉറപ്പാക്കുന്ന സമഗ്രമായ ബലാത്സംഗ വിരുദ്ധ നിയമത്തിനായി സംസ്ഥാന സർക്കാരുകൾ അടിയന്തരമായി പ്രവർത്തിക്കണം'- അദ്ദേഹം വിശദമാക്കി.

ആ​ഗസ്റ്റ് ഒമ്പതിന് രാത്രിയാണ് ആർ.ജി കാർ മെഡിക്കൽ കോളജിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടത്. പുലർച്ചെ സെമിനാര്‍ ഹാളിലാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കൊല്‍ക്കത്ത പൊലീസിലെ സിവിക് വോളണ്ടിയറായ സഞ്ജയ് റായ് ആണ് പ്രതി. തൊട്ടടുത്ത ദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സി.ബി.ഐയാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധം തുടരുകയാണ്.

TAGS :

Next Story