നീറ്റ് പരിക്ഷ ക്രമക്കേട്, ഓഹരി വിപണി തട്ടിപ്പ്; മോദി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യാ
വരുന്ന പാർലമെൻ്റ് സമ്മേളന കാലത്ത് സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഇൻഡ്യാ സഖ്യം ഉയർത്തും.
ഡൽഹി: മൂന്നാം മോദി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യാ സഖ്യം. നീറ്റ് പരിക്ഷ ക്രമക്കേടും, ഓഹരി വിപണി തട്ടിപ്പും ഉയർത്തി രാജ്യവ്യാപക പ്രതിഷേധം നടത്താന്നാണ് ഇൻഡ്യാ മുന്നണിയുടെ തീരുമാനം. വരുന്ന പാർലമെന്റ് സമ്മേളനത്തിലും വിഷയം ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം.
2014ലും 2019 ലും മോദി സർക്കാരിനെ നേരിടാൻ രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടായിരുന്നില്ല. എന്നാൽ നിലവിൽ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഭരണപക്ഷത്തോടൊപ്പം ശക്തമായ അംഗബലമുള്ള പ്രതിപക്ഷമുണ്ട്. മൂന്നാം മോദി സർക്കാരിനെതിരെ തുടക്കം മുതലേ വിവിധ വിഷയങ്ങളിൽ പ്രതിക്ഷേധിച്ച് മുമ്പോട്ട് പോകാനാണ് പ്രതിപക്ഷ നീക്കം.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനത്ത് എത്തുന്നത് ഇൻഡ്യാ സഖ്യത്തിനെ കൂടുതൽ ശക്തിപ്പെടുത്തും. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പാണ് നടന്നതെന്നും, പിന്നിൽ നരേന്ദ്ര മോദിയും ബിജെപിയും ആണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. നീറ്റ് ക്രമക്കേടിലും മോദിക്കെതിരെ രാഹുൽ ഗാന്ധി ആരോപണം ഉയർത്തി. 24 ലക്ഷത്തിലധികം വിദ്യാർഥികളെയും കുടുംബങ്ങളെയും തകർത്തുവെന്നാണ് ആരോപണം. വരുന്ന പാർലമെൻ്റ് സമ്മേളന കാലത്ത് സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഇൻഡ്യാ സഖ്യം ഉയർത്തും.
Adjust Story Font
16