മെഡിക്കല്‍ പിജി കൗൺസിലിങ്ങിന് സുപ്രിം കോടതിയുടെ അനുമതി; മുന്നാക്ക സംവരണവും ഒബിസി സംവരണവും നടപ്പിലാക്കാം
മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി തുടരുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു
മെഡിക്കല്‍ പിജി പ്രവേശനത്തിലെ ഒ.ബി.സി സംവരണം സുപ്രിം കോടതി ശരിവച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ ഈ വര്‍ഷത്തേക്ക് അംഗീകരിക്കുന്നതായി വ്യക്തമാക്കിയ സുപ്രിം കോടതി നീറ്റ് പിജി കൗണ്‍സിലിങ്ങിന് അനുമതി നല്‍കി. മുന്നാക്ക സംവരണത്തില്‍ വിശദമായ വാദം പിന്നീടു കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി തുടരുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അഖിലേന്ത്യാ മെഡിക്കല്‍ ക്വാട്ട പ്രവേശനത്തിനുള്ള 10% മുന്നാക്ക സംവരണം, 27% ഒബിസി സംവരണം എന്നിവ സംബന്ധിച്ച കേസാണ് കോടതി പരിഗണിച്ചത്.
സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി 8 ലക്ഷം രൂപയായി തുടരുമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധനകള്‍ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു. മുന്‍ ധനസെക്രട്ടറി അജയ്ഭൂഷണ്‍ പാണ്ഡെ അധ്യക്ഷനായ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്.
Adjust Story Font
16