Quantcast

ചോദ്യപേപ്പർ ചോർച്ചയുണ്ടായി, സുപ്രിംകോടതിയിൽ സമ്മതിച്ച് കേന്ദ്രം; കേസ് ജൂലൈ 11ന് പരിഗണിക്കും

ചോദ്യപേപ്പർ ചോർന്നത് അംഗീകരിക്കുന്നുണ്ടോ എന്ന ചീഫ് ജസ്റ്റിസിറ്റിന്റെ ചോദ്യത്തിന് ഒരു പരീക്ഷാ കേന്ദ്രത്തിലാണ് ചോദ്യപേപ്പർ ചോർന്നതെന്ന് സോളിസിറ്റർ ജനറലിന്റെ മറുപടി

MediaOne Logo

Web Desk

  • Updated:

    2024-07-08 14:08:18.0

Published:

8 July 2024 10:24 AM GMT

NEET Row: Supreme Court Issues Notice To NTA And Centre
X

ഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹരജിയിൽ സുപ്രിംകോടതി വാദം കേൾക്കുന്നു. പരീക്ഷയ്ക്ക് ഒരു ദിവസം മുൻപ് ടെലിഗ്രാമിലൂടെ ചോദ്യപേപ്പറുകൾ ചോർന്നെന്ന് ഹരജിക്കാരുടെ വാദം. ചോദ്യപേപ്പർ ചോർന്നത് അംഗീകരിക്കുന്നുണ്ടോ എന്ന ചീഫ് ജസ്റ്റിസിറ്റിന്റെ ചോദ്യത്തിന് ഒരു പരീക്ഷാ കേന്ദ്രത്തിലാണ് ചോദ്യപേപ്പർ ചോർന്നതെന്നും അതിന്റെ ആനുകൂല്യം ലഭിച്ചവിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു സോളിസിറ്റർ ജനറലിന്റെ മറുപടി.

ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ ഒരു സംഘം ഉണ്ടെന്ന് ബിഹാർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരേ പരീക്ഷാ കേന്ദ്രത്തിലെ ആറ് വിദ്യാർഥികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു. പട്ണയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ മാത്രമാണ് ചോദ്യപേപ്പർ ചോർച്ച ഉണ്ടായതെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചു.

നീറ്റ് പരീക്ഷയുടെ പവിത്രത ഹനിക്കപ്പെട്ടെന്ന് സുപ്രിംകോടതി വിമർശിച്ചു. കുറ്റവാളികളെ തിരിച്ചറിയാൻ അധികാരികൾക്ക് കഴിയുന്നില്ലെങ്കിൽ വീണ്ടും പരീക്ഷ നടത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ജെ ബി പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.

നീറ്റ് പരീക്ഷയിൽ സംഘടിതമായ തട്ടിപ്പാണ് നടന്നത്. പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പേ ചോദ്യപേപ്പർ ചോർന്ന് ടെലഗ്രാമിൽ പ്രചരിച്ചുവെന്ന് സുപ്രിംകോടതിയിൽ ഹരജിക്കാർ ആരോപിച്ചു. 67 പേർക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. അസാധാരണമായ റാങ്ക് പട്ടികയാണിതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. രാജ്യത്തെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായിട്ടും എൻടിഎയുടെ ഭാഗത്ത് നിന്ന് ഒരു അനുകൂല നടപടിയും ഉണ്ടായില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

ഇതോടെയാണ് ചോദ്യപേപ്പർ ചോർന്നത് അംഗീകരിക്കുന്നുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് കേന്ദ്രത്തോട് ചോദിച്ചത്. ഒരു പരീക്ഷാ കേന്ദ്രത്തിൽ ചോർന്നുവെന്നായിരുന്നു കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിന്റെ മറുപടി. ഇതിന് പിന്നിലുള്ള വിദ്യാർഥികളെ കണ്ടെത്തി അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ഇവരുടെ റിസൾട്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്നും കേന്ദ്രം വിശദീകരിച്ചു.

തുടർന്ന്, ചോദ്യപേപ്പര്‍ തയ്യാറാക്കിയതുമുതല്‍ വിതരണം ചെയ്തതുവരെയുള്ള പ്രക്രിയയുടെ വിശദാംശങ്ങള്‍ കോടതി കേന്ദ്രത്തോട് ചോദിച്ചറിഞ്ഞു. എത്ര സെറ്റ് ചോദ്യപേപ്പറുകൾ തയ്യാറാക്കി, എവിടെയാണ് ചോദ്യപേപ്പറുകൾ പ്രിന്റ് ചെയ്തത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. പരീക്ഷാ കേന്ദ്രങ്ങൾ എത്തിയ ചോദ്യപേപ്പറുകൾ 2 ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിച്ചത് എന്നുള്ള കാര്യങ്ങളിൽ ചീഫ് ജസ്റ്റിസ് എൻടിഎയോട് വിശദീകരണം തേടിയിട്ടുണ്ട്.

ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ അടക്കമുള്ള മുഴുവൻ കാര്യങ്ങളിലും വ്യക്തത വേണമെന്ന് കോടതി ഉത്തരവിട്ടു. എഫ്ഐആർ തയ്യാറാക്കിയതിന്റെ അടിസ്ഥാനവും വ്യക്തമാക്കേണ്ടതുണ്ട്.

പരീക്ഷ റദ്ദാക്കുന്നത് നിരവധി വിദ്യാർത്ഥികളെ ബാധിക്കുന്ന കാര്യമാണെന്നും ലക്ഷക്കണക്കിന് സാധാരണക്കാരുടെ മക്കളാണ് പരീക്ഷ എഴുതിയതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഡേറ്റ അനാലിസിസിന്റെ സഹായത്തോടെ വ്യക്തത വരുത്തി ഉൾപ്പെട്ടവർക്ക് വേണ്ടി മാത്രം വീണ്ടും പരീക്ഷ നടത്താം. പുനപരീക്ഷ ആവശ്യപ്പെടുന്ന എല്ലാ ഹരജിക്കാരും ചേർന്ന് ഒറ്റ ഹരജി നൽകാൻ കോടതി നിർദേശിച്ചു. അപേക്ഷ ബുധനാഴ്ച സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് ജൂലൈ 11ന് വീണ്ടും പരിഗണിക്കും.

TAGS :

Next Story