നീറ്റ്; വിശദമായ ഫലം പ്രസിദ്ധീകരിക്കാൻ സുപ്രിംകോടതി നിർദേശം
റോൾ നമ്പർ മറച്ച് ഓരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാർഥികളുടെ മാർക്ക് വിശദമായി പ്രസിദ്ധീകരിക്കണമെന്നാണ് നിർദേശം
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ വിശദമായ ഫലം പ്രസിദ്ധീകരിക്കാൻ സുപ്രിംകോടതി നിർദേശം. പരീക്ഷയുടെ സുതാര്യത ഉറപ്പുവരുത്താനാണ് വിശദമായ ഫലം പ്രസിദ്ധീകരിക്കാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്. ശനിയാഴ്ച അഞ്ചുമണിക്കകം ഫലം പ്രസിദ്ധീകരിക്കാനാണ് നിർദേശം.
വിദ്യാർഥികളുടെ റോൾ നമ്പർ മറച്ച് പരീക്ഷ കേന്ദ്ര അടിസ്ഥാനത്തിൽ ഫലം വീണ്ടും പ്രസിദ്ധീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ക്രമക്കേട് ബിഹാറിലെ പട്‌നയിൽ മാത്രം ഒതുങ്ങിയ കേസാണെന്നും മറ്റിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് എൻടിഎയുടെ ഉറപ്പ്. ഗോധ്രയിലെ പരീക്ഷാ സെന്റർ അവസാനനിമിഷം കുട്ടികൾ മാറ്റിയിരുന്നതിനാൽ ഇവിടെ ഏതെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
നീറ്റ് കേസ് വീണ്ടും പരിഗണിക്കാനായി കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച പത്തരയ്ക്ക് കേസിൽ കോടതി വീണ്ടും വാദം കേൾക്കും. കേസിൽ ബിഹാർ പൊലീസിന്റെ റിപ്പോർട്ട് കൂടി കോടതി തേടിയിട്ടുണ്ട്. തിങ്കളാഴ്ചയ്ക്ക് മുമ്പ് പൊലീസ് ഇത് ഹാജരാക്കണം. ക്രമക്കേട് എല്ലാ വിദ്‌യാർഥികളെയും ബാധിച്ചു എന്ന് തെളിഞ്ഞാൽ മാത്രമേ പുനഃപരീക്ഷ നടത്താൻ കഴിയൂ എന്ന് ചീഫ് ജസ്റ്റിസ് നേരത്തേ വ്യക്തമാക്കിയിരുന്നു. നൂറ് കോടി രൂപയോളം പരീക്ഷ നടത്താൻ വേണ്ടി വരും എന്ന കേന്ദ്രസർക്കാരിന്റെ അഭ്യർഥന കൂടി മുൻനിർത്തിയായിരുന്നു ഈ തീരുമാനം.
Adjust Story Font
16