'നേതാജി ഇടതുപക്ഷക്കാരൻ; ബി.ജെ.പിയും ആർ.എസ്.എസും അദ്ദേഹത്തിന്റെ നിലപാട് പ്രതിഫലിപ്പിക്കുന്നില്ല': ജന്മദിന വാർഷികാഘോഷ നീക്കത്തിനെതിരെ മകൾ
ജനുവരി 23നാണ് ആർ.എസ്.എസ് നേതാജിയുടെ ജന്മവാർഷികം ആഘോഷിക്കുന്നത്.
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കാനുള്ള ആർ.എസ്.എസ് തീരുമാനത്തിനെതിരെ അദ്ദേഹത്തിന്റെ മകൾ. നേതാജി ഇടതുപക്ഷക്കാരനായിരുന്നു എന്നും ബി.ജെ.പിയും ആർ.എസ്.എസും അദ്ദേഹത്തിന്റെ നിലപാട് പ്രതിഫലിപ്പിക്കുന്നില്ലെന്നും മകളായ അനിത ബോസ് വ്യക്തമാക്കി. ജനുവരി 23നാണ് ആർ.എസ്.എസ് നേതാജിയുടെ ജന്മവാർഷികം ആഘോഷിക്കുന്നത്.
തന്റെ പിതാവിന്റെ പാരമ്പര്യം ഭാഗികമായി ചൂഷണം ചെയ്യാനാണ് സംഘ്പരിവാർ സംഘടനകൾ ശ്രമിക്കുന്നത്. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രവും മതേതരത്വം ഉൾക്കൊള്ളുന്ന തന്റെ പിതാവിന്റെ ആശയങ്ങളും രണ്ട് ധ്രുവങ്ങളിലാണ്. അവ പൊരുത്തപ്പെടുന്നില്ലെന്നും അനിതാ ബോസ് പറഞ്ഞു. പ്രത്യയശാസ്ത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ, രാജ്യത്തെ മറ്റേതൊരു പാർട്ടിയേക്കാളും നേതാജിയുമായി കോൺഗ്രസിനാണ് വളരെയധികം അടുപ്പമെന്ന് അനിത വ്യക്തമാക്കി.
''നേതാജി പ്രചരിപ്പിച്ച എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്ന ആശയം ബി.ജെ.പിയും ആർ.എസ്.എസും പ്രതിഫലിപ്പിക്കുന്നില്ല. ഹിന്ദു മതവിശ്വാസിയായിരുന്നിട്ടും അദ്ദേഹം മറ്റ് മതങ്ങളെ ബഹുമാനിച്ചിരുന്നു. വ്യത്യസ്‌ത മതങ്ങളിലെ അംഗങ്ങൾ തമ്മിലുള്ള സഹകരണത്തിന് അദ്ദേഹം അനുകൂലമായിരുന്നു. ആർ.എസ്.എസും ബി.ജെ.പിയും ഈ മനോഭാവം പ്രതിഫലിപ്പിക്കുന്നില്ല. നിങ്ങൾക്ക് ലളിതമായ ഒരു ലേബൽ ഇടണമെങ്കിൽ അവർ വലതുപക്ഷക്കാരാണ്, എന്നാൽ നേതാജി ഒരു ഇടതുപക്ഷക്കാരനായിരുന്നു''- അനിത വ്യക്തമാക്കി.
"ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഞാൻ കേട്ടതിൽ നിന്ന്, അതും നേതാജിയുടെ പ്രത്യയശാസ്ത്രവും ഇരു ധ്രുവങ്ങളിലാണെന്ന് ഞാൻ പറയും. നേതാജിയുടെ ആശയങ്ങളും നിലപാടുകളും ഉൾക്കൊള്ളണമെന്ന് ആർ.എസ്.എസിന് തോന്നിയാൽ അത് തീർച്ചയായും നന്നായിരിക്കും. നേതാജിയുടെ ജന്മദിനം വ്യത്യസ്ത രീതികളിൽ ആഘോഷിക്കാൻ പലരും ആഗ്രഹിക്കുന്നു. അവർ അദ്ദേഹത്തിന്റെ ആശയങ്ങളോട് യോജിക്കുന്നവരായിരിക്കണം''- മകൾ വിശദമാക്കി.
തന്റെ പിതാവിന്റെ ജന്മവാർഷികത്തിൽ ആർ.എസ്.എസ് നടത്തുന്ന ആഘോഷങ്ങൾ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ഭാഗികമായി ചൂഷണം ചെയ്യുന്നതാണെന്നും അവർ പറഞ്ഞു. ആർ.എസ്.എസുകാരെ കുറിച്ച് അദ്ദേഹം വിമർശനാത്മക പ്രസ്താവനകൾ നടത്തിയിരിക്കാം. നേതാജിയുടെ വീക്ഷണങ്ങൾ എന്താണെന്ന് എനിക്കറിയാം. ആർ.എസ്.എസിന്റേയും. രണ്ട് മൂല്യവ്യവസ്ഥകളും ഒത്തുപോകുന്നില്ല. ആർ.എസ്.എസും നേതാജിയുടെ മതേതരത്വ പ്രത്യയശാസ്ത്രവും ഒരിക്കലും പൊരുത്തപ്പെടില്ല- അവർ കൂട്ടിച്ചേർത്തു.
നേതാജിയെ തങ്ങളുടെ പക്ഷത്തു ചേർക്കാനുള്ള ആർ.എസ്.എസ് അവകാശവാദങ്ങളുടെ മുനയൊടിക്കുന്നതാണ് അദ്ദേഹത്തിന്റെ മകളുടെ ഈ വെളിപ്പെടുത്തലുകൾ. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് കൊൽക്കത്ത നഗരത്തിലെ ഷാഹിദ് മിനാർ ഗ്രൗണ്ടിൽ നടക്കുന്ന പൊതുപരിപാടിയിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് സംസാരിക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാജിയുടെ 125-ാം ജന്മവാർഷികത്തിൽ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും നേതാജിയുടെ പാരമ്പര്യം സ്വന്തമാക്കാൻ കൊമ്പുകോർത്തിരുന്നു.
2015ൽ പശ്ചിമ ബംഗാൾ സർക്കാർ അദ്ദേഹവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന്റെ കൈവശമുള്ള 64 ഫയലുകൾ പുറത്തുവിട്ടപ്പോൾ അടുത്ത വർഷം കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാർ അദ്ദേഹത്തെക്കുറിച്ചുള്ള 100 ഫയലുകൾ പുറത്തുവിട്ടു. സ്വാതന്ത്ര്യത്തിനു ശേഷം നേതാജിയുടെ തിരോധാനത്തിലെ ദുരൂഹത നീക്കാൻ മുൻ കേന്ദ്രസർക്കാരുകൾ മൂന്ന് അന്വേഷണ കമ്മീഷനുകൾ രൂപീകരിച്ചിരുന്നു.
അവയിൽ ഷാനവാസ് കമ്മീഷൻ, ഖോസ്‌ല കമ്മീഷൻ എന്നിവ കോൺഗ്രസ് സർക്കാരുകളാണ് രൂപീകരിച്ചത്. 1945 ഓഗസ്റ്റ് 18ന് തായ്‌വാനിലെ തായ്‌ഹോകു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ ബോസ് വിമാനാപകടത്തിൽ മരിച്ചുവെന്നായിരുന്നു ഈ കമ്മീഷനുകളുടെ വിലയിരുത്തൽ. എന്നാൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ രൂപീകരിച്ച മുഖർജി കമ്മീഷൻ അങ്ങനെയുണ്ടായിട്ടില്ലെന്ന നിഗമനത്തിലാണ് എത്തിയത്.
Adjust Story Font
16