Quantcast

‘ബി.ജെ.പി സർക്കാറിന് കീഴിൽ ജനാധിപത്യം ആക്രമിക്കപ്പെടുന്നു’; ചന്ദ്രബാബു നായിഡുവിന്റെ ട്വീറ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്

‘എല്ലാ നേതാക്കളും മോദിയേക്കൾ മികച്ചവരാണ്’

MediaOne Logo

Web Desk

  • Updated:

    2024-06-06 03:05:36.0

Published:

6 Jun 2024 2:28 AM GMT

chandra babu naidu and narendra modi
X

ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുടെയും ബിഹാറിലെ ​നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന്റെയും പിൻബലത്തോടെ വീണ്ടും സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ​നരേന്ദ്ര മോദി. ടി.ഡി.പിക്ക് 16ഉം ജെ.ഡി.യുവിന് 12ഉം സീറ്റുകളാണുള്ളത്. ഇരുകക്ഷികളും എൻ.ഡി.എ സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, അഞ്ച് വർഷം മുമ്പ് നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിമർശിക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ ട്വീറ്റുകളും വിഡിയോകളും ഇപ്പോൾ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

‘ഇന്ത്യയുടെ അഭിമാനകരമായ സ്ഥാപനങ്ങൾ മോദി ആസൂത്രിതമായി തകർത്തു. സ്ഥാപനാപരമായ സ്വയംഭരണവും ജനാധിപത്യവും ബി.ജെ.പി സർക്കാറിന് കീഴിൽ ആക്രമിക്കപ്പെടുകയാണ്. സി.ബി.ഐ മുതൽ ആർ.ബി.ഐ വരെയും ഭരണഘടനാപരമായ അധികാരമുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ പോലും ഇതിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല’ -2019 ഏപ്രിൽ 16ന് ചന്ദ്രബാബു ട്വിറ്ററിൽ കുറിച്ചതാണിത്. ആന്ധ്രപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയായിരുന്നു ഈ ട്വീറ്റ്.

‘മോദി - ഷാ സർക്കാർ രാജ്യത്തെ വഞ്ചിച്ചു. അവരെ അധികാരത്തിലെത്തിച്ച ജനവിധിക്ക് അവരെ അട്ടിമറിക്കാനുള്ള കരുത്തുമുണ്ട്. നമ്മുടെ നേതാക്കളെ ഇരകളാക്കാൻ ശ്രമിക്കുകയും ജനങ്ങളെ ഉപദ്രവിക്കുകയും ചെയ്താൽ അതിന് അവർ വലിയ വില നൽകേണ്ടി വരും. ജനാധിപത്യം സംരക്ഷിക്കാൻ നിർഭയമായി പോരാടും’ -2019 ജനുവരി 19ന് ചന്ദ്രബാബു നായിഡു കുറിച്ച മറ്റൊരു ട്വീറ്റാണിത്.

‘ഇന്ത്യൻ ജനാധിപത്യത്തെ ആക്രമിക്കാനുള്ള ബി.ജെ.പിയുടെ എല്ലാ ​ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കുമെന്ന സന്ദേശം ഉച്ചത്തിലും വ്യക്തമായും നൽകുകയാണ്. ഏതൊരു നേതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ മികച്ച രീതിയിൽ ​പ്രവർത്തിക്കുമെന്ന് ജനങ്ങൾ മനസ്സിലാക്കണം. സാധ്യമായ വഴികളിലൂടെയെല്ലാം ബി.ജെ.പി സർക്കാർ രാജ്യത്തെ ജനങ്ങളെ നിരാശപ്പെടുത്തി’ -2018 നവംബർ ഒന്നിന് ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തു.

തന്റെ പാർട്ടി മതേതര അജണ്ടയാണ് പിന്തുടരുന്നതെന്നും രാഷ്ട്രീയ സാഹചര്യങ്ങൾ കാരണമാണ് മോദിയുമായി മുമ്പ് സഖ്യമുണ്ടാക്കിയതെന്നും ചന്ദ്രബാബു പറയുന്ന 2019​ലെ വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എല്ലാ നേതാക്കളും മോദിയേക്കൾ മികച്ചവരാണ്. തെരഞ്ഞെടുപ്പിന് ശേഷമാണ് പ്രധാനമന്ത്രിമാരെ തെരഞ്ഞെടുക്കാറെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്. മോദിയെയും ബി.ജെ.പിയെയും വിമർശിച്ച് കൊണ്ടുള്ള ട്വീറ്റ് നടൻ പ്രകാശ് രാജ്, യൂട്യൂബർ ധ്രുവ് റാഠി തുടങ്ങിയവർ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

TAGS :

Next Story