Quantcast

ഇതുവരെ കേട്ടതൊക്കെ ചെറുത്; ആന്ധ്രയിലെ ടിഡിപി സ്ഥാനാർഥിയുടെ ആസ്തി 5785 കോടി രൂപ!

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകനായ നകുല്‍ നാഥിനെയാണ് ഇയാള്‍ മറികടന്നത്

MediaOne Logo

Web Desk

  • Published:

    23 April 2024 1:53 PM GMT

Never heard of it; Andhra TDP candidates assets are Rs 5785 crore!,loksabha election 2024, latest news
X

അമരാവതി: 5785 കോടി രൂപ! ഗൂണ്ടൂരില്‍ നിന്നുളള ലോക്‌സഭാ സ്ഥാനാര്‍ഥി ടി ചന്ദ്രശേഖറിന്റെ ആസ്തിയുടെ കണക്കാണിത്. ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്തുള്ള ഏറ്റവും ധനികനായ മത്സരാര്‍ഥിയാണ് ടിഡിപി സ്ഥാനാര്‍ഥിയായ ഇദ്ദേഹം. വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഞെട്ടിക്കുന്ന സ്വത്ത് വിവരങ്ങളെ കുറിച്ചുളള വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്.

വ്യക്തിപരമായി തനിക്ക് മാത്രം 2448.72 കോടിയുടെ ആസ്തി ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീരത്‌ന കോനേരുവിന് 2343.78 കോടിയുടെ ആസ്തിയും മക്കളുടെ പേരില്‍ 1000 കോടിയുടെ സ്വത്തുമാണ് ഉള്ളത്. യുഎസിലെ ജെപി മോര്‍ഗന്‍ ചേസ് ബാങ്കിന് 1138 കോടിയുടെ കടബാധ്യതയുളളതായും ചന്ദ്രശേഖറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ആന്ധ്രാപ്രദേശിലെ ബുര്‍രിപാലം ഗ്രാമം മുതല്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ഫിസിഷ്യന്‍ ടീച്ചറായി ജോലി ചെയ്യുന്നതും സിനായ് ഹോസ്പിറ്റല്‍ യു വേള്‍ഡ് (ഓണ്‍ലൈന്‍ ലേണിങ് ആന്‍ഡ് സ്റ്റഡി റിസോഴ്സ് പ്ലാറ്റ്ഫോം) സ്ഥാപിക്കുന്നതും വരെയുള്ള ചന്ദ്രശേഖറിന്റെ യാത്ര കൗതുകകരമാണ്.

ഡോക്ടര്‍, സംരംഭകന്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളില്‍ കഴിവുതെളിയിച്ച ഇദ്ദേഹം വിജയവാഡയിലെ എന്‍ടിആര്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നിന്നും 1999ല്‍ എംബിബിഎസ് പൂര്‍ത്തിയാക്കി. 2005ല്‍ പെന്‍സില്‍വാനിയയിലെ ഡാന്‍വില്ലിലുള്ള ഗെയ്‌സിംഗര്‍ മെഡിക്കല്‍ സെന്ററില്‍ നിന്ന് എം.ഡി (ഇന്റേണല്‍ മെഡിസിന്‍) ബിരുദവും നേടി. രാജ്യത്തെ ഏറ്റവും വലിയ മത്സരപരീക്ഷയായ ഇഎഎംസിഇടി മെഡിക്കല്‍ പ്രവേശന പരീക്ഷ (എംബിബിഎസ്) എഴുതിയ 60,000 വിദ്യാര്‍ഥികളില്‍ 27-ാം റാങ്ക് നേടി. പൊതുസേവനത്തില്‍ താല്‍പ്പര്യമുള്ള ചന്ദ്രശേഖര്‍ 2010 മുതല്‍ ടിഡിപിയുടെ എന്‍ആര്‍ഐ വിഭാഗത്തിന് വേണ്ടി പാര്‍ട്ടിയുടെ നിരവധി ക്ഷേമപരിപാടികള്‍ നടപ്പിലാക്കുന്നതിൽ മുന്‍പന്തിയിലുണ്ട്.

2014ല്‍ നരസറോപേട്ട് മണ്ഡലത്തില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ടിഡിപി ആര്‍ സാംബശിവ റാവുവിന് ടിക്കറ്റ് നല്‍കുകയായിരുന്നു. യുഎസ് ആസ്ഥാനമായുള്ള നിരവധി സ്ഥാപനങ്ങളില്‍ ചന്ദ്രശേഖറിന് നിക്ഷേപങ്ങളും ഓഹരികളും ഉണ്ട്. അമേരിക്കയില്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, മെഴ്സിഡസ് ബെന്‍സ്, ടെസ്ല തുടങ്ങിയ ആഡംബര കാറുകളും ഇയാളുടെ പക്കലുണ്ട്. തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കെ വെങ്കട്ട റോസയ്യയെയാണ് ചന്ദ്രശേഖര്‍ നേരിടുന്നത്.

അതേസമയം, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കുപ്രകാരം തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ മത്സരിച്ച നകുല്‍ നാഥായിരുന്നു ഇതുവരെയുള്ള ഏറ്റവും ധനികനായ മത്സരാര്‍ഥി. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകനായ നകുലിന്റെ ആസ്തി 717 കോടി രൂപയായിരുന്നു. അതാണ് ടി ചന്ദ്രശേഖർ മറികടന്നിരിക്കുന്നത്.

TAGS :

Next Story