Quantcast

പോപുലര്‍ ഫ്രണ്ടും കോൺഗ്രസും ഒരുപോലെയാണെന്ന് പറഞ്ഞിട്ടില്ല, പക്ഷെ...: അമിത് ഷാ

'പി.എഫ്.ഐയുടെ പേരിൽ നിരവധി കേസുകളുണ്ട്. പി.എഫ്.ഐ അംഗങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കാൻ കോൺഗ്രസ് ശ്രമിച്ചു'

MediaOne Logo

Web Desk

  • Published:

    14 Feb 2023 4:03 PM

Amit Shah about popular front and congress
X

ഡല്‍ഹി: നിരോധിക്കപ്പെട്ട പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പി.എഫ്‌.ഐ) കോൺഗ്രസും ഒരുപോലെയാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.

"പി.എഫ്‌.ഐയും കോൺഗ്രസും ഒരുപോലെയാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. പി.എഫ്.ഐയുടെ പേരിൽ നിരവധി കേസുകളുണ്ട്. പി.എഫ്.ഐ അംഗങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കാൻ കോൺഗ്രസ് ശ്രമിച്ചു. ഞങ്ങൾ അത് തടയാനാണ് ശ്രമിച്ചത്. അതിൽ എന്താണ് വിഷമം തോന്നാൻ ഉള്ളത്?"- അമിത് ഷാ പറഞ്ഞു.

പോപുലർ ഫ്രണ്ട് മതപരിവർത്തനവും തീവ്രവാദവും പ്രചരിപ്പിച്ചെന്ന് അമിത് ഷാ പറഞ്ഞു- "ഞങ്ങൾ പി.എഫ്.ഐയെ വിജയകരമായി നിരോധിച്ചു. പി.എഫ്.ഐ മതപരിവർത്തനവും തീവ്രവാദവും പ്രചരിപ്പിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പി.എഫ്‌.ഐയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ഐക്യത്തിന് നല്ലതല്ലെന്ന് സ്ഥിരീകരിക്കുന്ന നിരവധി രേഖകൾ ഞങ്ങളുടെ പക്കലുണ്ട്"- അമിത് ഷാ അഭിമുഖത്തിൽ പറഞ്ഞു.

1700 പി.എഫ്‌.ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് മോചിപ്പിച്ചെന്ന് കർണാടകയിലെ പുത്തൂരിലെ പൊതുപരിപാടിയിലാണ് അമിത് ഷാ പറഞ്ഞത്. ദേശവിരുദ്ധ ശക്തികളെ പ്രീതിപ്പെടുത്തുന്ന കോൺഗ്രസിന് കർണാടകയെ സംരക്ഷിക്കാനാകില്ല. രാജ്യത്ത് ഭീകരവാദവും നക്‌സലിസവും തുടച്ചുനീക്കി പ്രധാനമന്ത്രി രാജ്യത്തെ സുരക്ഷിതമാക്കിയെന്ന് അമിത് ഷാ അവകാശപ്പെട്ടു.

കേരളത്തിനെതിരെയും അമിത് ഷാ ആരോപണം ഉന്നയിച്ചു- "നിങ്ങളുടെ അടുത്ത് (കർണാടക) കേരളമുണ്ട്. ഞാൻ അധികം പറയാൻ ആഗ്രഹിക്കുന്നില്ല. കർണാടകയെ സുരക്ഷിതമായി നിലനിർത്താന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കർണാടകയിലെ ബി.ജെ.പി സർക്കാരിന് മാത്രമേ സാധ്യമാകൂ".

കോൺഗ്രസും ജെ.ഡി.എസും 18ആം നൂറ്റാണ്ടിലെ മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഇരുപാര്‍ട്ടികളും കര്‍ണാടകയുടെ നന്മയ്ക്കായി ഒന്നും ചെയ്തിട്ടില്ല. കോൺഗ്രസ് അഴിമതിക്കാരാണ്. കർണാടകയെ ഗാന്ധി കുടുംബത്തിനുള്ള എടിഎം മെഷീനായി കോണ്‍ഗ്രസ് ഉപയോഗിച്ചെന്നും അമിത് ഷാ ആരോപിച്ചു.

"കർണാടകയിൽ ആരാണ് അടുത്ത സർക്കാർ രൂപീകരിക്കേണ്ടത്? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശസ്നേഹികളുടെ സംഘമായ ബി.ജെ.പിയോ അതോ കർണാടകയെ ഗാന്ധി കുടുംബത്തിന്റെ എ.ടി.എം ആയി ഉപയോഗിച്ച അഴിമതിക്കാരായ കോൺഗ്രസോ?"- അമിത് ഷാ ചോദിച്ചു.

Summary- Home Minister Amit Shah on Tuesday pointed out that he never said that the now-banned Popular Front of India (PFI) and Congress party are the same

TAGS :

Next Story