Quantcast

അസമിൽ ആധാർ കാർഡിനായി അപേക്ഷകർ എൻആർസി അപേക്ഷാ രസീത് നമ്പർ സമർപ്പിക്കണം; ഹിമന്ത ബിശ്വ ശർമ

അസമിൽ ആധാർ നേടുന്നത് ഇനി എളുപ്പമല്ലെന്നും ശർമ അഭിപ്രായപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    7 Sep 2024 1:31 PM GMT

New Aadhaar applicants in Assam must submit NRC application number Says Himanta Sarma
X

​ഗുവാഹത്തി: അസമിൽ ആധാർ കാർഡുകൾ ലഭിക്കാൻ പുതിയ നിബന്ധനകളുമായി ബിജെപി സർക്കാർ. എല്ലാ പുതിയ അപേക്ഷകരും അവരുടെ എൻആർസി അപേക്ഷാ രസീത് നമ്പർ (എആർഎൻ) സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അസമിൽ ആധാർ നേടുന്നത് ഇനി എളുപ്പമല്ലെന്നും ശർമ അഭിപ്രായപ്പെട്ടു.

'അസമിലെ ജനസംഖ്യയേക്കാൾ കൂടുതലാണ് ആധാർ കാർഡിനുള്ള അപേക്ഷകൾ. സംശയാസ്പദമായ പൗരന്മാർ ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ, പുതിയ അപേക്ഷകർ അവരുടെ എൻആർസി അപേക്ഷാ രസീത് നമ്പരുംകൂടി അതിനൊപ്പം സമർപ്പിക്കണം'- ​ഗുവാഹത്തിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഇത് അനധികൃത വിദേശികളുടെ കടന്നുകയറ്റം തടയുമെന്നും ആധാർ കാർഡുകൾ നൽകുന്നതിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻആർസി) പ്രക്രിയയിൽ ബയോമെട്രിക്സ് ലോക്കായ 9.55 ലക്ഷം പേർക്ക് എൻആർസി അപേക്ഷാ രസീത് നമ്പർ സമർപ്പിക്കുന്നത് ബാധകമല്ല. അവർക്ക് ആധാർ കാർഡുകൾ ലഭിക്കുമെന്നും ശർമ വ്യക്തമാക്കി.

രണ്ട് മാസത്തിനിടെ നിരവധി ബംഗ്ലാദേശികളെ പിടികൂടി അയൽരാജ്യത്തെ അധികാരികൾക്ക് കൈമാറിയെന്നും അനധികൃത വിദേശികളെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമാക്കുമെന്നും ശർമ കൂട്ടിച്ചേർത്തു.

അതേസമയം, അസമിൽ വിദേശികളെന്ന് മുദ്രകുത്തി കഴിഞ്ഞദിവസം 28 മുസ്‌ലിംകളെ സർക്കാർ തടങ്കലിലാക്കിയിരുന്നു. ഫോറീനേഴ്സ് ട്രിബ്യൂണലിന്റെ നിർദേശപ്രകാരമായിരുന്നു സർക്കാർ നടപടി. പടിഞ്ഞാറൻ അസമിലെ ബാർപേട്ട ജില്ലയിൽ നിന്നുള്ള ആളുകളെയാണ് ഗോൾപാറ ജില്ലയിലെ മാട്ടിയയിലെ തടങ്കൽ പാളയത്തിൽ അടച്ചത്. 3000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തടങ്കൽ പാളയമാണിത്. വിദേശികളെ നാടുകടത്തും മുമ്പ് താമസിപ്പിക്കുന്ന ട്രാൻസിറ്റ് ക്യാമ്പ് എന്നാണ് ഇതിനെ സർക്കാർ ഔദ്യോഗികമായി വിളിക്കുന്നത്.

വിദേശികളായി മുദ്രകുത്തിയവരെല്ലാം ബംഗാളി മുസ്‍ലിം സമുദായത്തിൽപെട്ടവരാണ്. തടങ്കൽ പാളയത്തിലേക്ക് മാറ്റിയ 28 പേരിൽ 19 പുരുഷൻമാരും ഒമ്പത് സ്ത്രീകളുമാണുള്ളത്. ബാർപേട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഇവരെ തിങ്കളാഴ്ച എസ്പി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബസിൽ കയറ്റി തടങ്കൽ പാളയത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

എന്നാൽ ഇവരിൽ ഭൂരി​ഭാ​ഗം പേരും വിദേശികളല്ലെന്ന വിവരം പുറത്തുവന്നിരുന്നു. താമസ സർട്ടിഫിക്കറ്റും ആധാർ കാർഡും പാൻ കാർഡും ഉള്ളവർക്കെതിരെയായിരുന്നു നടപടി. തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയ 28 പേരുടെ പേരുവിവരങ്ങൾ പുറത്തുവരികയും ചെയ്തു. സർക്കാർ നൽകിയ ആധാർ കാർഡ്, പഞ്ചായത്ത് നൽകിയ താമസ സർട്ടിഫിക്കറ്റ്, പാൻ കാർഡ് തുടങ്ങി വിവിധ രേഖകൾ ഉണ്ടായായിട്ടും ഇവർ നുഴഞ്ഞുകയറ്റക്കാർ ആണെന്നായിരുന്നു ട്രിബ്യൂണലിന്‍റെ കണ്ടെത്തൽ.

സർക്കാർ തന്നെ നൽകിയ ഇത്രയും അധികം രേഖകളും നൂറ്റാണ്ടുകളായി തങ്ങളുടെ ബന്ധുക്കൾ ഇവിടെ താമസിച്ചിട്ടും എന്തുകൊണ്ടാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്ന ചോദ്യം ശക്തമാവുകയാണ്. രേഖകൾ ഉണ്ടെങ്കിലും ഒരാളെ വിദേശിയായി പ്രഖ്യാപിക്കാൻ നിരവധി മാർഗങ്ങളുണ്ടെന്നാണ് വിവരം. തടങ്കൽ കേന്ദ്രത്തിലായവർ വർഷങ്ങളായി നിയമ പോരാട്ടത്തിലായിരുന്നു. തടവിലാക്കിയവരെ എത്രയും വേഗം വിട്ടയക്കണമെന്ന ആവശ്യം ശക്തമാണ്.

വിദേശികളെന്ന് സംശയിക്കുന്നവരുടെ കേസുകൾ തീർപ്പാക്കാൻ വേണ്ടി ആരംഭിച്ച അർധ ജുഡീഷ്യൽ ബോഡിയാണ് ഫോറിനേഴ്സ് ട്രിബ്യൂണൽ. ഇത്തരത്തിൽ 100ഓളം ട്രിബ്യൂണലുകൾ അസമിൽ പ്രവർത്തിക്കുന്നുണ്ട്. അസമിൽ അനധികൃതമായി താമസിക്കുന്നതായി സംശയിക്കുന്നവരെ കണ്ടെത്തി തടങ്കൽ പാളയത്തിലേക്ക് മാറ്റുക എന്നത് ബിജെപി സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്.




TAGS :

Next Story