ബി.ജെ.പിക്കെതിരെ പുതിയ സഖ്യനീക്കവുമായി ചന്ദ്രശേഖര റാവു; മുംബൈയിൽ നേതാക്കളുമായി ചർച്ച
ബി.ജെ.പിയുടേത് ഹിന്ദുത്വ രാഷ്ട്രീയമല്ലെന്നും അത് തരംതാണ രാഷ്ട്രീയം മാത്രമാണെന്നും ചർച്ചകൾക്ക് ശേഷം ഉദ്ധവ് താക്കറെ പ്രതികരിച്ചു. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധം ഇപ്പോൾ പഴയപോലെയല്ലെന്നും ഇങ്ങനെ പ്രവർത്തിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ പുതിയ സഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. മുംബൈയിലെത്തിയ അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ എന്നിവരുമായി ചർച്ച നടത്തി. ഫെഡറലിസം തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ രൂപീകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
ബി.ജെ.പിയുടേത് ഹിന്ദുത്വ രാഷ്ട്രീയമല്ലെന്നും അത് തരംതാണ രാഷ്ട്രീയം മാത്രമാണെന്നും ചർച്ചകൾക്ക് ശേഷം ഉദ്ധവ് താക്കറെ പ്രതികരിച്ചു. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധം ഇപ്പോൾ പഴയപോലെയല്ലെന്നും ഇങ്ങനെ പ്രവർത്തിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന് നേതൃസ്ഥാനം നൽകാതെ ദേശീയ തലത്തിൽ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ രൂപീകരിക്കണമെന്ന നിലപാടുള്ള ആളാണ് റാവു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ തുടങ്ങിയവരെല്ലാം ഫെഡറലിസം തകർക്കാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങൾക്കെതിരെ നേരത്തെ വിമർശനമുന്നയിച്ചിരുന്നു. ഇവരുമായെല്ലാം ചർച്ച നടത്തുമെന്ന് ചന്ദ്രശേഖര റാവു വ്യക്തമാക്കി.
ഏറെക്കാലം ബി.ജെ.പിക്കൊപ്പമായിരുന്ന ശിവസേന 2018ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കോൺഗ്രസ്-എൻ.സി.പി സഖ്യത്തിനൊപ്പം ചേർന്നത്. അതിന് ശേഷം കേന്ദ്രസർക്കാരിനെയും ബി.ജെ.പി നേതൃത്വത്തെയും ഉദ്ധവ് താക്കറെ രൂക്ഷമായി വിമർശിക്കാറുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കൊപ്പമില്ലെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രതികരണം.
ഹൈദരാബാദിലോ മറ്റേതെങ്കിലും സ്ഥലങ്ങളിലോ വിപുലമായ യോഗം ചേർന്ന് ചർച്ചകൾ തുടരുമെന്നാണ് ചന്ദ്രശേഖര റാവു മുംബൈയിൽ പറഞ്ഞത്. ഇതിനോട് മറ്റു രാഷ്ട്രീയ പാർട്ടികൾ എത്രത്തോളം അനുകൂലമായി പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
Adjust Story Font
16