പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ചെങ്കോൽ സ്ഥാപിച്ചു
തിരുവാവടുത്തുറൈ പ്രതിനിധിയാണ് ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറിയത്.
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ പുരോഗമിക്കുന്നു. പൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. പുതിയ മന്ദിരത്തിന് പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ പുരോഹിതരാണ് ഹോമം നടത്തിയത്.
തിരുവാവടുത്തുറൈ പ്രതിനിധിയാണ് ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറിയത്. ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. ചെങ്കോലിന് മുന്നിൽ നമസ്‌കരിച്ചാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.
9.30ന് പാർലമെന്റ് ലോബിയിൽ സർവമത പ്രാർഥന നടക്കും. 12ന് പാർലമെന്റിനെ കുറിച്ചുള്ള വിഡിയോ പ്രദർശനവും പ്രസംഗങ്ങളും നടക്കും. ഒന്നിന് 75 രൂപ നാണയവും സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. പാർലമെന്റ് നിർമാണത്തിൽ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും.
അതേസമയം പാർലമെന്റ് രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്ന് ആവശ്യപ്പെട്ട് 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുകയാണ്. സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കൊപ്പം കർഷകസംഘടനകളും പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിനാൽ വൻ സുരക്ഷാ ക്രമീകരണമാണ് പാർലമെന്റിന് സമീപം ഒരുക്കിയത്.
Adjust Story Font
16