Quantcast

'യൂറോപ്പിനേക്കാള്‍ മികച്ച സംവിധാനമാണ് ഇന്ത്യയുടേത്'; റെയില്‍ സുരക്ഷയെക്കുറിച്ച് അന്ന് മന്ത്രി പറഞ്ഞത്

അന്ന് റെയില്‍വേ മന്ത്രി പറഞ്ഞത്... ''ഇന്ത്യൻ റെയിൽവേയുടെ സുരക്ഷാ സംവിധാനം യൂറോപ്യൻ സുരക്ഷാ സംവിധാനത്തേക്കാൾ മികച്ചതാണ്...''

MediaOne Logo

Web Desk

  • Updated:

    2023-06-03 09:22:14.0

Published:

3 Jun 2023 6:56 AM GMT

new safety system,
X

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

രാജ്യത്തെത്തന്നെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിന് പിന്നാലെ റെയില്‍വേ മന്ത്രാലയത്തിന് രൂക്ഷവിമര്‍ശനം. ഇന്ത്യയിലെ റെയില്‍ സുരക്ഷയും സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്നതിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് വിവിധ കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനമുയരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിന്‍ ഗതാഗത സംവിധാനമുള്ള രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ റെയില്‍ സുരക്ഷ അത്രതന്നെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അപകടങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയാകുന്നതെന്ന് പ്രതിപക്ഷ കക്ഷികളടക്കം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ റെയിൽവേയുടെ സുരക്ഷാ സംവിധാനം യൂറോപ്പിലെ ട്രെയിന്‍ സുരക്ഷാ സംവിധാനങ്ങളേക്കാള്‍ മികച്ചതാണെന്ന് റെയിൽവേ മന്ത്രി അശ്വിന്‍ വൈഷ്ണവ് അവകാശപ്പെടുന്ന പഴയ വീഡിയോ വീണ്ടും പങ്കുവെച്ചാണ് വിമര്‍ശകര്‍ ഇക്കാര്യം സ്ഥാപിക്കുന്നത്.

ഒഡീഷയില്‍ നടന്ന അപകടത്തിന് കാരണം ട്രെയിന്‍ സിഗ്നലിങ്ങിലെ പിഴവാണെന്നതാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള ബോഗികളും സാങ്കേതിക വിദ്യയില്‍ മുന്നിലുള്ള ട്രെയിനുകളും ഉണ്ടെന്ന് രാജ്യം അവകാശവാദം ഉന്നയിക്കുമ്പോഴാണ് ഇങ്ങനെയൊരു അപകടം സംഭവിക്കുന്നത്.

സിഗ്നലിങ് സംവിധാനത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പിഴവാണ് ഉണ്ടായിരിക്കുന്നത്. 'കവച്' എന്ന സിഗ്നലിങ് രീതിയാണ് ഇന്ത്യന്‍ റെയില്‍വേ സുരക്ഷക്കായി ആശ്രയിക്കുന്നത്. എന്നാല്‍ ഇത് കാര്യക്ഷമമായി ഉപയോഗിച്ചാല്‍ ഒരിക്കലും ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കില്ല. പൂര്‍ണമായും ഈ സംവിധാനത്തെ ഉപയോഗപ്പെടുത്താത്തത് തന്നെയാണ് പ്രധാന പ്രശ്നം. ഒരു അപകടം നടന്നാല്‍ കൃത്യമായി രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സംവിധാനം പോലുമില്ലാത്ത തരത്തിലാണ് നിലവില്‍ രാജ്യത്തെ നല്ലൊരു ശതമാനം ട്രെയിനുകളും.

തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്താവായ സാകേത് ഗോഖലെ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത് നോക്കാം.

  • 2011-12ലാണ് ഇന്ത്യന്‍ റെയില്‍വേയില്‍ ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനായി ട്രെയിന്‍ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം കൊണ്ടുവരുന്നത്(ടി.സി.എ.എസ്). മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരുന്ന മമത ബാനര്‍ജിയാണ് ഈ സംവിധാനത്തെ ആദ്യം പരിചയപ്പെടുത്തുന്നത്.
  • അതിന് ശേഷം 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം 'കവച്' എന്ന പേരില്‍ പുനഃനാമകരണം ചെയ്യുന്നു.
  • പക്ഷേ ഈ നിർണായക റെയിൽ സുരക്ഷാ സാങ്കേതികവിദ്യയെ രാജ്യം മുഴുവന്‍ വിന്യസിക്കുന്നതിന് ഒരു ചുവടുപോലും വെക്കാന്‍ കേന്ദ്രത്തിനായില്ല. പിന്നീട് 2019ലാണ് 'കവച്' നിർമ്മിക്കുന്നതിനും സ്ഥാപിക്കുന്നതിനും മൂന്ന് കമ്പനികൾക്ക് അനുമതി ലഭിക്കുന്നത്.
  • പക്ഷേ 'കവച്' രാജ്യത്തെ എല്ലാ റെയില്‍വേ റൂട്ടുകളിലും സ്ഥാപിക്കുന്നതില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടതായും സാകേത് ഗോഖലെ ചൂണ്ടിക്കാട്ടുന്നു.
  • ഇന്ത്യൻ റെയിൽവേയുടെ ആകെ റൂട്ട് ദൈർഘ്യം 68,043 കിലോമീറ്ററാണ്
  • എന്നാല്‍ ഇതില്‍ 1,445 കിലോമീറ്ററിൽ മാത്രമാണ് ആകെ 'കവച്' സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്.
  • അതായത് ഇന്ത്യന്‍ റെയില്‍വേയുടെ ആകെ മൊത്തം 2% റൂട്ടുകളില്‍ മാത്രമാണ് ഈ സംവിധാനങ്ങളുള്ളതെന്ന് ചുരുക്കം

ഇന്ത്യൻ റെയിൽവേയുടെ ഏകദേശം 98 ശതമാനം റൂട്ടിലും ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനങ്ങളില്ലെന്നാണ് സാകേത് ഗോഖലെ പറഞ്ഞുവെക്കുന്നത്.

വന്ദേഭാരത് പോലെയുള്ള അതിവേഗ ട്രെയിനുകളും ട്രെയിന്‍ ഗതാഗതത്തില്‍ വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് രാജ്യമെന്നുമടക്കം മേനി നടിക്കുമ്പോഴാണ് ഇത്തരം കണക്കുകള്‍ പുറത്തുവരുന്നത്. അതിവേഗ ട്രെയിനുകളുടെ എണ്ണം കൂട്ടാന്‍ ശ്രമം നടക്കുമ്പോഴും 98% റെയില്‍വേ റൂട്ടുകളിലും ആന്‍റി കൊളിഷൻ സംവിധാനില്ലാത്തത് എന്തുകൊണ്ടാണെന്നത് ചോദ്യമായിത്തന്നെ അവശേഷിക്കുകയാണ്.

ഇന്ത്യൻ റെയിൽവേയുടെ സുരക്ഷാ സംവിധാനം യൂറോപ്യൻ സുരക്ഷാ സംവിധാനത്തേക്കാൾ മികച്ചതാണെന്ന് അവകാശപ്പെടുന്ന റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകവിമര്‍ശനത്തിന് ഇടവരുത്തിയിരിക്കുന്നത്.

ട്രെയിന്‍ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റമായ 'കവച്' പരിചയപ്പെടുത്തിക്കൊണ്ട് അശ്വിനി വൈഷ്ണവ് സംസാരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ വന്നാല്‍പ്പോലും കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ 400 മീറ്റര്‍ മുമ്പ് ഓട്ടോമാറ്റിക് ആയി സ്റ്റോപ് ആകുന്ന സംവിധാനമാണ് കവച്. പക്ഷേ ഈ സാങ്കേതിക വിദ്യ നിലവില്‍ വന്നിട്ടും വിരലിലെണ്ണാവുന്നയിടങ്ങളില്‍ മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ എന്നതാണ് സത്യം.

TAGS :

Next Story