29 അടി ഉയരത്തിൽ മറ്റൊരു 'താജ്മഹൽ'! ഭാര്യയ്ക്കായി പ്രണയഭവനം സമ്മാനിച്ച് ഞെട്ടിച്ച് ഭർത്താവ്
90 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ഈ വിസ്മയക്കൊട്ടാരം ഒറ്റ നോട്ടത്തിൽ താജ്മഹലെന്നേ തോന്നൂ. വിശ്വപ്രസിദ്ധമായ പ്രണയകുടീരത്തിന്റെ അതേ വാസ്തുവിദ്യയിൽ വീട്ടിനകത്ത് മിനാരങ്ങളും കമാനങ്ങളുമെല്ലാം സംവിധാനിച്ചിട്ടുണ്ട്
മുംതാസിനായി ഷാജഹാൻ പണിതുയർത്തിയ താജ്മഹലിനിനി വർണനകളാവശ്യമില്ല. എന്നാൽ, മൂന്നുവർഷമെടുത്ത് ഭാര്യയ്ക്കായി മറ്റൊരു 'താജ്മഹൽ' ഒരുക്കിയ ഈ ഭർത്താവിനെ എന്തുപറഞ്ഞു വര്‍ണിക്കും!
മധ്യപ്രദേശിലെ ബുർഹാൻപൂർ സ്വദേശിയായ ആനന്ദ് പ്രകാശ് ചൗക്സിയാണ് താജ്മഹലിന്റെ തനിപ്പകർപ്പ് നിർമ്മിച്ച് ഭാര്യക്ക് സമ്മാനിച്ചത്. നാല് കിടപ്പുമുറികളും ഒരു അടുക്കളയും ലൈബ്രറിയും ധ്യാനമുറിയുമുൾപ്പെടുന്ന വീടാണ് ഭാര്യ മഞ്ജുഷ ചൗക്സിക്ക് വേണ്ടി ഈ സ്‌നേഹനിധിയായ ഭർത്താവ് ഒരുക്കിയിരിക്കുന്നത്.
മൂന്നു വർഷമെടുത്ത് പണി കഴിപ്പിച്ച ഈ വീടിന്റെ നിർമാണത്തിന് മുൻപായി ദമ്പതികൾ ആഗ്രയിൽ പോയി താജ്മഹൽ സന്ദർശിച്ചു. താജ്മഹലിന്റെ വാസ്തുവിദ്യ സൂക്ഷ്മമായി പഠിക്കുകയും ഘടനാപരമായ വിശദാംശങ്ങൾ പഠിക്കാൻ എഞ്ചിനീയർമാരോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സമാനമായ മാതൃകയിലുള്ള മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ബീബി കാ മക്ബറ കൂടി സന്ദർശിച്ചു വിശദമായി പഠിച്ചാണ് എഞ്ചിനീയർ വീടിന്റെ രൂപകൽപന പൂർത്തിയാക്കിയത്.
80 അടി ഉയരമുള്ള വീട് നിർമിക്കാനായിരുന്നു ചൗക്സിയുടെ ആദ്യ തീരുമാനം. എന്നാൽ, ഇത്രയും വലിയൊരു വീടിന്റെ നിർമാണത്തിന് അധികൃതർ അനുമതി നൽകിയില്ല. തുടർന്നാണ് താജ്മഹൽ മാതൃകയിലൊരു വീടാകാമെന്നു തീരുമാനിച്ചത്. അങ്ങനെ വർഷങ്ങളുടെ അധ്വാനമാണ് കഴിഞ്ഞ ദിവസം പൂർത്തീകരിച്ച് പ്രിയതമയ്ക്ക് സമർപ്പിച്ചത്.
90 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ഈ വിസ്മയക്കൊട്ടാരം ഒറ്റ നോട്ടത്തിൽ താജ്മഹലെന്നേ തോന്നൂ. വിശ്വപ്രസിദ്ധമായ പ്രണയകുടീരത്തിന്റെ അതേ വാസ്തുവിദ്യയിൽ വീട്ടിനകത്ത് മിനാരങ്ങളും കമാനങ്ങളുമെല്ലാം സംവിധാനിച്ചിട്ടുണ്ട്. 29 അടി ഉയരത്തിലാണ് താഴികക്കുടമുള്ളത്. അതിനകത്ത് രണ്ടു നിലകളിലായി രണ്ടു കിടപ്പുമുറികളുമുണ്ട്.
താജ്മഹലിന്റെ ത്രിമാനചിത്രം അടിസ്ഥാനമാക്കി നിർമ്മിച്ച ഈ വീട് ബുർഹാൻപൂർ സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്കൊരു അത്ഭുതക്കാഴ്ചയായിരിക്കുമെന്ന കാര്യത്തിലൊരു സംശയവുമില്ല. ഇവിടെ വരുന്നവർ തന്റെ താജ്മഹലും കാണാതെ പോകരുതേയെന്നാണ് ആനന്ദ് പ്രകാശിനും പറയാനുള്ളത്.
Summary: Anand Prakash Chouksey, a resident of Burhanpur, Madhya Pradesh, has built a replica of the Taj Mahal and gifted it to his wife Manjusha Chouksey
Adjust Story Font
16