ചന്ദ്രശേഖർ ആസാദ്; ഒറ്റക്ക് പോരിനിറങ്ങിയ ‘രാവണൻ’
മായാവതിയും ബി.എസ്.പിയും അപ്രസക്തമായ ദലിത് രാഷ്ട്രിയ ഭൂമികയിലാണ് ആസാദ് തുടർച്ച കണ്ടെത്തുന്നത്
സവർണതയും ഹിന്ദുത്വവും ഭരിക്കുന്ന ഇന്ത്യയിൽ അംബേദ്കർ രാഷ്ട്രിയം ഉയർത്തിപ്പിടിച്ച് ഒറ്റക്ക് പോരിനിറങ്ങിയ ‘രാവണനാണ്’ ചന്ദ്രശേഖർ ആസാദ്. ലോക്സഭയിൽ ദലിത് രാഷ്ട്രിയത്തിന്റെ ശബ്ദമാകും യോഗിയുടെ യു.പിയിൽ നിന്ന് ജയിച്ച ചന്ദ്രശേഖർ ആസാദ്. മായാവതിയും ബി.എസ്.പിയും അപ്രസക്തമായ ദലിത് രാഷ്ട്രിയ ഭൂമികയിലാണ് ആസാദ് തുടർച്ച കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെയാണ് ദലിത്-മുസ്‍ലിം ഉൾപ്പടെ ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്ന ചന്ദ്രശേഖർ ആസാദിന്റെ രാഷ്ട്രീയം പ്രസക്തമാകുന്നതും സ്വീകരിക്കപ്പെടുന്നതും.ഭീം ആർമിയുണ്ടാക്കി പൊതുരംഗത്ത് സജീവമായ അദ്ദേഹം ആസാദ് സമാജ് പാർട്ടി(കാൻഷിറാം)മിലൂടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൽ സജീവമാകുന്നത്.
ദലിത് രാഷ്ട്രിയം പറഞ്ഞിരുന്ന മായാവതിയുടെ ബി.എസ്.പി ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഏറെക്കുറെ അപ്രസക്തമായി.മത്സരിച്ച മുഴുവൻ സീറ്റുകളിലും ബി.എസ്.പി തോൽവി അറിഞ്ഞു. അപ്പോഴാണ് പടിഞ്ഞാറൻ യു.പിയിലെ സംവരണ മണ്ഡലമായ നാഗിനയിൽ നിന്ന് 1.51 ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ചന്ദ്രശേഖർ ആസാദ് വിജയിച്ചു കയറുന്നത്. ഒരു മുന്നണിയുടെയും ഭാഗമാകാതെ ആസാദ് സമാജ് പാർട്ടി (കാൻഷിറാം) സ്ഥാനാർഥിയായ അദ്ദേഹം 51.19% വോട്ടുകൾ നേടിയാണ് ജയിച്ചത്. ബി.ജെ.പിയുടെ ഓം കുമാറിനെയാണ് തറപറ്റിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ ബി.ജെ.പിയുടെ വോട്ട് വിഹിതം 36 ശതമാനമാണ് ആസാദിന്റെ തേരോട്ടത്തിൽ ഒലിച്ചുപോയത്.സമാജ്‌വാദി പാർട്ടിയുടെ മനോജ് കുമാറായിരുന്നു മൂന്നാമത്. നാലാം സ്ഥാനത്തെത്തിയ ബി.എസ്.പിയുടെ സുരേന്ദ്ര പാൽ സിങിന് ലഭിച്ചതാകട്ടെ 1.33 ശതമാനം (13272) വോട്ടുകൾ മാത്രമാണ്.
നാഗിന മണ്ഡലത്തിന് കീഴിൽ അഞ്ച് അസംബ്ലി സീറ്റുകളാണുള്ളത്.അതിൽ മൂന്നെണ്ണം എസ്.പിയുടെയും രണ്ടെണ്ണം ബി.ജെ.പിയുടെയും കൈയിലാണ്. അവിടെയാണ് ആസാദിന്റെ വിജയം.21 ശതമാനം ദലിതുകളാണ് മണ്ഡലത്തിൽ. അവരിലേറെയും ബി.എസ്.പിയുടെ വോട്ട്ബാങ്കായ ജാതവുകളാണ്. 50 ശതമാനത്തിലേറെയാണ് മുസ് ലിം വോട്ട് ബാങ്ക്.താക്കൂർ, ജാട്ട്, ത്യാഗി, ബനിയ എന്നിവരാണ് ബാക്കിയുള്ളവർ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.പിയിലുടെ നീളം മുസ്‍ലിം വോട്ടുകൾ എസ്.പി- കോൺഗ്രസ് സഖ്യത്തിന് പിന്നിൽ ഏകീകരിക്കപ്പെട്ടുവെന്നാണ് ബി.ജെ.പിക്ക് യു.പിയിലുണ്ടായ തിരിച്ചടി തെളിയിക്കുന്നത്. ബി.എസ്.പിയുടെ അടിത്തറ ഇളകിയെങ്കിലും ജാതവുകൾക്കിടയിൽ ഇപ്പോഴും മായാവതിക്ക് തന്നെയാണ് സ്വീകാര്യത. നാഗിനയിൽ മുസ്‍ലിം വോട്ടുകൾ മാത്രമല്ല ബി.എസ്.പിയുടെ ജാതവ് വോട്ടുകളും ആസാദിനെ പിന്തുണച്ചുവെന്നാണ് വിലയിരുത്തുന്നത്.
‘ബി.എസ്.പിക്ക് ഇപ്പോൾ ലോക്സഭയിൽ അംഗമില്ല.ദലിതുകളുടെയും മുസ്ലിംകളുടെയും പ്രശ്നങ്ങൾ ഇനി സഭയിൽ ഉന്നയിക്കാൻ പോകുന്നത് ആസാദാണ്.അത്, രാജ്യത്തെ ദലിതരുടെ നേതാവായി മാറാനും മായാവതിക്ക് ബദലായി ഉയരാനും അദ്ദേഹത്തെ സഹായിക്കും.ഇത് ബി.എസ്.പിയെ കൂടുതൽ ദുർബലമാക്കുമെന്നാണ് ആസാദ് സമാജ് പാർട്ടി വിലയിരുത്തുന്നത്.
നാഗിനയിലെ വിജയത്തിന് പിന്നിൽ രണ്ട് സവിശേഷതകൾ ഉണ്ടെന്നും പാർട്ടി വിലയിരുത്തുന്നു. മത്സരിക്കാൻ നാഗിന മണ്ഡലം വേണമെന്ന ആസാദിന്റെ നിലപാടിലാണ് എ.എസ്.പിയും എസ്.പിയും തമ്മിലുള്ള സഖ്യ ചർച്ചകൾ വഴിമുട്ടിയത്.പിന്നാലെ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു പാർട്ടി.വീട് വീടാന്തരം കയറിയിറങ്ങിയാണ് ആസാദ് നാഗിനയുടെ ഹൃദയം കവർന്നത്.മറ്റൊന്ന് 1989 ൽ മായാവതി മത്സരിച്ച് വിജയിച്ചത് ഇന്ന് നാഗിന ഉൾപ്പെടുന്ന ബിജ്‌നോർ മണ്ഡലത്തിൽ നിന്നാണ്,2008 ലെ മണ്ഡല പുനർനിർണയത്തിലാണ് മണ്ഡലം നാഗിനയായത്. മായാവതി ജയിച്ചു കയറിയ മണ്ഡലത്തിൽ നിന്നാണ് ആസാദ് ജയിച്ചു കയറുന്നുവെന്നതിന് രാഷ്ട്രിയ മാനങ്ങളുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ.
2015-ൽ ഭീം ആർമി ഭാരത് ഏകതാ മിഷൻ എന്നറിയപ്പെടുന്ന ഭീം ആർമിയുടെ രൂപീകരണത്തോടെയാണ് ചന്ദ്രശേഖർ ശ്രദ്ധേയനായത്. ദലിതരുടെ അവകാശങ്ങൾക്കായി പോരാടുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപീകരിച്ചത്. തുടർന്ന് രാജ്യത്തെ നിരവധി ദലിത് സംഘങ്ങൾക്കൊപ്പം മാത്രമല്ല സമരങ്ങളുടെയും മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. 2017 ൽ സഹാറൻപൂർ ജില്ലയിലെ ഷബ്ബിർപൂർ ഗ്രാമത്തിലെ താക്കൂർ സമുദായവുമായുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ ദലിതുകൾക്ക് വേണ്ടി മുന്നിട്ട് ഇറങ്ങിയതോടെ രാഷ്ട്രിയ ലോകത്തും ആസാദ് വലിയ തോതിൽ ചർച്ചയായി.ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്ത് യോഗി സർക്കാർ രാഷ്ട്രീയ വേട്ട ആരംഭിച്ചു.അവിടം കൊണ്ട് അവസാനിപ്പിച്ചില്ല, അദ്ദേഹത്തിനെതിരെ ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) ചുമത്തി ജയിലിൽ അടച്ചു. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബറിലാണ് ആസാദിനെ വിട്ടയക്കുന്നത്. ബി.ജെ.പി തുടങ്ങിവെച്ച വേട്ടയാടലിൽ കരുത്താർജ്ജിച്ച ആസാദിനെയാണ് പിന്നീട് കാണുന്നത്. അഞ്ച് വർഷങ്ങൾക്കിപ്പുറം 2020 മാർച്ചിൽ ആസാദ് സമാജ് പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.പിന്നാലെ എസ്.പി,ബി.എസ്.പി, കോൺഗ്രസ്,രാഷ്ട്രീയ ജനതാദൾ എന്നിവയിൽ നിന്നടക്കമുള്ളവർ പാർട്ടിയിൽ ചേർന്നു.
രാജ്യത്തെ ദലിത്- ന്യൂനപക്ഷവിരുദ്ധ നടപടികൾക്കെതിരെ ശബ്ദിക്കുന്ന നേതാവായി ചന്ദ്രശേഖർ ആസാദ് മാറി.യോഗി സർക്കാർ ജയിലിലടച്ചത് ദലിതുകൾക്കിടയിൽ ആസാദിന്റെ സ്വാധീനം വർദ്ധിപ്പിച്ചു. സി.എ.എ സമരത്തിനിറങ്ങിയത് ന്യൂനപക്ഷങ്ങൾക്കിടയിലും കൂടുതൽ സ്വീകാര്യനാക്കി.ഡൽഹിയിലെ ഷഹീൻ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോപത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങി.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജമാ മസ്ജിദിൽ പ്രതിഷേധിച്ചതിന് ഡൽഹി പൊലീസ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. ലൈംഗിക അതിക്രമം നടത്തിയതിന് ബി.ജെ.പി എം.പിയും ഗുസ്‍തി ഫെഡറേഷൻ അധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണിനെതിരെ കായിക താരങ്ങൾ നടത്തുന്ന സമരത്തിലും ഐക്യദാർഢ്യവുമായി അദ്ദേഹം രംഗത്തെത്തി. കേരളത്തിലെ ഇടുക്കി മലങ്കര എസ്റ്റേറ്റിലെ ജാതിഗേറ്റ് തകർത്ത ഭീം ആർമി പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയും പ്രതിഷേധിച്ച് ആസാദ് രംഗത്തെത്തി.അറസ്റ്റ് ചെയ്തവരെ മോചിപ്പിച്ചില്ലെങ്കിൽ നീതി ഉറപ്പാക്കാൻ കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്ത് മലയാളത്തിൽ ട്വീറ്റ് ചെയ്ത ആസാദിന്റെ നടപടി വലിയ ചർച്ചയായിരുന്നു. ഇത്തരത്തിൽ രാജ്യം മുഴുവനും ദലിത് പ്രശ്നങ്ങളിൽ ശക്തമായ ചന്ദ്രശേഖർ ഇടപെട്ടുകൊണ്ടിരുന്നു.. ജാതിക്കും അധികാര രാഷ്ട്രിയത്തിനുമെതിരെ നിരന്തരം ശബ്ദിക്കുന്നചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം ഉണ്ടായി. തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.നാല് തവണവെടിവെച്ചെങ്കിലും ഒരുതവണ മാത്രമാണ് ആസാദിന് കൊണ്ടത്.
ദലിത് രാഷ്ട്രിയം പറഞ്ഞ് രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ആസാദ് തന്റെ പ്രവർത്തന മേഖല വ്യാപിപ്പിച്ചു. അതിന്റെ തുടക്കമെന്നോണം ആദ്യം ബി.എസ്.പിയുമായിരുന്നു ചർച്ച. എന്നാൽ ആസാദിനെ അംഗീകരിക്കാൻ മായാവതി തയാറായില്ല.കൈകോർക്കാനുള്ള സാധ്യതകൾ പൂർണ്ണമായും അടഞ്ഞു. എന്നാൽ ദലിത്-ബഹുജൻ രാഷ്ട്രിയം ഉയർത്തുന്ന പാർട്ടികളുമായി ആസാദ് ചർച്ചകളും കൂടിക്കാഴ്ചകളും നടത്തി.2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി ആസാദ് കൂടിക്കാഴ്ച നടത്തി സഖ്യസാധ്യതകൾ ആരാഞ്ഞെങ്കിലും ചർച്ചകൾ പരാജയപ്പെട്ടു. എന്നാലും ബിജെപി നേതാവും യു.പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂരിൽ മത്സരിക്കാൻ ആസാദ്‍ രംഗത്തിറങ്ങി. 2022 ലെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ, ആസാദിന് ദയനീയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.നാലാം സ്ഥാനത്തായിരുന്നു അദ്ദേഹം. തോൽവിക്ക് പിന്നാലെ രാഷ്ട്രിയത്തിൽ കൂടുതൽ സജീവമാകുന്ന ചന്ദ്രശേഖറിനെയാണ് പിന്നെ യു.പിയും രാജ്യവും കാണുന്നത്. അവിടെ നിന്നാണ് ചന്ദ്രശേഖർ ആസാദ് യോഗി ആദിത്യനാഥിന്റെ മണ്ണിൽ ബി.ജെ.പി നേതാവിനെ തോൽപ്പിച്ച് കയറിവരുന്നത്.
Adjust Story Font
16