ഓടയുടെ പണിക്കായി ജെസിബി ഉപയോഗിച്ചു; ഗൃഹപ്രവേശനത്തിനു മുന്‍പ് മൂന്നുനില വീട് തകര്‍ന്നുവീണു
നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ മുൻ എംഎൽഎ എ. അൻപഴകൻ പ്രതിഷേധ പ്രകടനം നടത്തി
വീട് തകര്‍ന്നുവീഴുന്നതിന്‍റെ ദൃശ്യം
പുതുച്ചേരി: പുതുച്ചേരിയില്‍ ഗൃഹ പ്രവേശന ചടങ്ങ് നടക്കാനിരിക്കെ മൂന്നുനില വീട് തകര്‍ന്നുവീണു. ഓട്ടുപട്ടിയിലെ അംബേദ്കർ നഗറിൽ പുതുതായി നിർമിച്ച മൂന്ന് നില വീടാണ് തിങ്കളാഴ്ച ഉച്ചയോടെ തകർന്നത്. കെട്ടിടത്തിന് പിന്നിലെ ഡ്രെയിനേജ് കനാലിന്‍റെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
വീട് നഷ്ടപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ മുൻ എംഎൽഎ എ. അൻപഴകൻ പ്രതിഷേധ പ്രകടനം നടത്തി.എന്നാല്‍ വീടിന്‍റെ അടിത്തറ നിര്‍മിച്ചതിലെ അപാകതയാണ് തകര്‍ച്ചക്ക് കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കി. ആര്‍.സാവിത്രിയുടെ(65) ഉടമസ്ഥതയിലുള്ള വീടാണ് ഉപ്പനൂർ കനാലിലേക്ക് തകര്‍ന്നുവീണത്. റോഡില്‍ വിള്ളലുണ്ടായത് ഒരു സ്ത്രീയുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിർമാണ തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്കകം കെട്ടിടം നിലംപതിച്ചു. ഓടയുടെ നവീകരണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതാണ് പ്രശ്നമായതെന്നാണ് ദൃക്സാക്ഷികളുടെ വാദം.
''വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വീടിന്‍റെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ സാമ്പത്തിക പരാധീനത മൂലം നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തി. 65 ലക്ഷം രൂപയുടെ സമ്പാദ്യം,ആഭരണങ്ങള്‍ വിറ്റ തുക, വായ്പ എന്നിവ ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്. ഫെബ്രുവരി 11നായിരുന്നു ഗൃഹപ്രവേശനം നിശ്ചയിച്ചിരുന്നത്'' സാവിത്രി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ''ഞങ്ങള്‍ ഒരുപാട് തവണ പറഞ്ഞിട്ടും തൊഴിലാളികള്‍ ഞങ്ങളുടെ വീടിന്‍റെ പിന്നില്‍ കുഴിച്ചു. ഇത് വീട് തകരാന്‍ കാരണമായി'' സാവിത്രിയുടെ മരുമകന്‍ പി.സുരേഷ് വ്യക്തമാക്കി.
Adjust Story Font
16