Quantcast

റെയ്ഡിനിടെ പൊലീസുകാരന്റെ ചവിട്ടേറ്റ് നാല് ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം; കേസ്, സസ്പെൻഷൻ

കുഞ്ഞിന്റെ മുത്തച്ഛനായ ഭൂഷൺ പാണ്ഡയെ ജാമ്യമില്ലാ വാറന്റ് പ്രകാരം അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.

MediaOne Logo

Web Desk

  • Updated:

    2023-03-23 12:49:54.0

Published:

23 March 2023 12:45 PM GMT

Newborn trampled to death by cops during raid in Jharkhand
X

റാഞ്ചി: വീട്ടിലെ കിടക്കയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നവജാത ശിശുവിന് പൊലീസുകാരന്റെ ചവിട്ടേറ്റ് ദാരുണാന്ത്യം. ഛത്തീസ്​​ഗഢിലെ ​ഗിരിധ് ജില്ലയിലെ കൊസോഗൊൻഡോദിഗി ​ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. നാല് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്.

കുഞ്ഞിന്റെ മുത്തച്ഛനായ ഭൂഷൺ പാണ്ഡയെ ജാമ്യമില്ലാ വാറന്റ് പ്രകാരം അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. ദിയോരി പൊലീസ് സ്റ്റേഷൻ ഇൻചാർജ് സങ്കം പഥകിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഴിഞ്ഞദിവസം പുലർച്ചെ 3.3ഓടെ ഇയാളുടെ വീട്ടിലേക്ക് എത്തിയത്.

എന്നാൽ വീട്ടുകാർ വാതിൽ തുറന്നില്ല. ഇതോടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തേക്ക് കയറി പൊലീസ് സംഘം ഭൂഷൺ പാണ്ഡെയ്ക്കായി തെരച്ചിൽ നടത്തി. ഇതോടെ വീട്ടുകാരെല്ലാം പേടിച്ച് പുറത്തിറങ്ങി.

ഇതിനിടെ ഒരു പൊലീസുകാരൻ കട്ടിലിലേക്ക് ചാടിക്കയറുകയും കിടക്കയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ ചവിട്ടുകയുമായിരുന്നു. ബൂട്ടു കൊണ്ടുള്ള ചവിട്ടിൽ കുഞ്ഞ് ചതഞ്ഞുപോവുകയും അപ്പോൾത്തന്നെ മരണപ്പെടുകയുമായിരുന്നു. ഇതോടെ രം​ഗം കൈവിട്ടുപോയെന്ന് മനസിലായ പൊലീസുകാർ പാണ്ഡെയെ അറസ്റ്റ് ചെയ്യാതെ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു.

പിന്നാലെ അകത്തേക്ക് വന്ന വീട്ടുകാർ കാണുന്നത് ജീവനറ്റ് കിടക്കുന്ന കുഞ്ഞിനെയായിരുന്നു. എന്നാൽ സംഭവം വൻ വിവാദമാവുകയും സംഘത്തിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരും ​ഗ്രാമവാസികളും പ്രതിഷേധവുമായി രം​ഗത്തെത്തുകയും ചെയ്തു.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിടുകയും ഇതിന്റെ അടിസ്ഥാനത്തിൽ സംഘത്തിലുണ്ടായിരുന്ന എസ്ഐ അടക്കം ആറ് പൊലീസുകാർക്കെതിരെ കേസെടുക്കുകയും ഇവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെയും പ്രാഥമിക മജിസ്‌ട്രേറ്റ് അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഗിരിധി പൊലീസ് സൂപ്രണ്ട് അമിത് രേണു പറഞ്ഞു.

റെയ്ഡിൽ പങ്കെടുത്ത ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കുടുംബം നൽകിയ പരാതിയിൽ, ഐപിസി 304 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ) വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്ഥലത്തുണ്ടായിരുന്നില്ല. കേസിൽ അന്വേഷണം തുടരും- എസ്പി വ്യക്തമാക്കി.

ആവശ്യമെങ്കിൽ എഫ്‌ഐആറിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അവർ വിശദമാക്കി.





TAGS :

Next Story